“സിനിമയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കിട്ടുന്ന റോളുകൾ പൊതുവെ പിടിച്ചുപറിക്കാരുടെയും ലൈംഗിക തൊഴിലാളികളുടെയുമൊക്കെയാണ്. എന്നെങ്കിലും അഭിനയിക്കാൻ പറ്റിയാൽ അത്തരം കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം, അതുമാത്രമല്ല ട്രാൻസ് ജീവിതം.”- ലിജോജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിലൂടെ സിനിമാഅരങ്ങേറ്റം നടത്തുന്ന സഞ്ജന ചന്ദ്രന്റെ വാക്കുകളാണിത്. ട്രാൻസ് വനിതയായ സഞ്ജന ഭരതനാട്യത്തിലും ലളിതഗാനത്തിലും കർണാടിക് സംഗീതത്തിലുമൊക്കെ പ്രതിഭാപട്ടം ചൂടി ഇതിനകം കലാരംഗത്ത് കഴിവു തെളിയിച്ചു. “ബോൾഡായ ഒരു കഥാപാത്രത്തെയാണ് ലിജോസാർ എനിക്കുതന്നത്. നൃത്തവുമായി ബന്ധമുള്ള ഒരു മുഴുനീള കഥാപാത്രം. ട്രാൻസ് വ്യക്തികളെ കാണിക്കാൻ ഉപയോഗിക്കുന്ന ക്ലീഷേ ചേഷ്ടകളോ കോമാളിത്തരങ്ങളോ ഇതിലില്ല.” ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ സന്തോഷം സഞ്ജന ഗൃഹലക്ഷ്മിയുമായി പങ്കുവെക്കുന്നു. 

അഭിമാനം തോന്നുന്നു
ലാലേട്ടനും ലിജോസാറും ഒന്നിക്കുന്ന സിനിമയാണിതെന്ന് ആദ്യം അറിയില്ലായിരുന്നു. സുഹൃത്തുക്കൾ വഴിയാണ് ലിജോസാർ എന്നെ അന്വേഷിക്കുന്നത്. സിനിമയെന്ന് കേട്ടപ്പോഴും ഉള്ളിൽ സംശയം. ആലോചിച്ച് മറുപടി തരാമെന്നു പറഞ്ഞു. നല്ലൊരു റോളാണെന്നും ലിജോസാറാണ് സംവിധാനമെന്നുമറിഞ്ഞത് പിന്നീടാണ്. ഒരുപാട് സന്തോഷമായി. രാജസ്ഥാനിലെ ജയ്സാൽമേറിൽ ജനുവരിയിൽ ഷൂട്ടിങ് തുടങ്ങി. എനിക്കു കിട്ടിയ ക്യാരക്ടർ ചെയ്യാൻ തമിഴ്നാട്, ഡൽഹി തുടങ്ങിയിടങ്ങളിൽ അവർ ആളുകളെ നോക്കിവെച്ചതാണ്. അതിനിടെയാണ് എന്റെയൊരു വീഡിയോ കണ്ടത്. അങ്ങനെ ആ ക്യാരക്ടർ ഞാൻ ചെയ്താൽ നന്നാവുമെന്ന് തോന്നി ലിജോസാർ എന്നെ സമീപിക്കുകയായിരുന്നു. എന്നിലേക്ക് ആ കഥാപാത്രമെത്തിയത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ റിയലിസ്റ്റിക്കാണ്. റിയലിസ്റ്റിക് അഭിനയമാണ് ലിജോസാറിന് വേണ്ടത്. അദ്ദേഹമെന്നെ നല്ല അഭിനയം പഠിപ്പിച്ചു. 

placeholder
മോഹൻലാലിനൊപ്പം സഞ്ജന

നൃത്തവേദികളിൽ നിന്ന് സിനിമാലോകത്തേക്ക്
നർത്തകിയായ എനിക്ക് സിനിമ വേറൊരു ലോകമായിരുന്നു. തുടക്കം കുറച്ച് ബുദ്ധിമുട്ടി. ഒരു വലിയ ആൾക്കൂട്ടം. ജൂനിയർ ആർട്ടിസ്റ്റുമാരടക്കം 2000-ത്തിലധികം പേരുള്ള വലിയൊരു സെറ്റിലേക്ക് നൃത്തം മാത്രം അറിയാവുന്ന ഞാൻ പോകുന്നു. ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടമാരും കാസ്റ്റിങ് ഡയറക്ടർമാരുമടക്കം എന്നെ നന്നായി സഹായിച്ചു. ജയ്സാൽമേറിൽ ഞാൻ ട്രാൻസ് കമ്യൂണിറ്റിയെ തേടി നടന്നിട്ടുണ്ട്. അവരെ കാണുന്നത് ഒരു ബലമാണ്.  

ലാലേട്ടൻ കുറേ കാര്യങ്ങൾ പറഞ്ഞുതന്നു   
ലിജോ സാറും ലാലേട്ടനും അഭിനയിക്കാൻ ആത്മവിശ്വാസം തന്നു. ലാലേട്ടൻ കുറേ അനുഭവങ്ങൾ പങ്കുവെച്ചു. അദ്ദേഹത്തിന് നൃത്തം ഇഷ്ടമാണ്. അതിനെപ്പറ്റി അറിവുമുണ്ട്. സിനിമയിലെ അഭിനയസാധ്യത, ക്യാരക്ടറിനെ ഉൾക്കൊള്ളുന്നത്, കണ്ണിന്റെ ചെറിയ ചലനംപോലും പ്രധാനമാകുന്നത് തുടങ്ങി കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. ഷൂട്ടിങ് പകുതിയായപ്പോഴേക്കും അനുമോദനങ്ങൾ കിട്ടി. ലാലേട്ടനും നന്നായെന്ന് പറഞ്ഞു. സന്തോഷനിമിഷങ്ങളായിരുന്നു അത്. ലാലേട്ടനൊപ്പം നിൽക്കാനും പാർട്ടിയിൽ പങ്കെടുക്കാനുമൊക്കെ പറ്റി. അതൊന്നും ജീവിതത്തിൽ പ്രതീക്ഷിച്ചതല്ല.  

ട്രാൻസ് വ്യക്തിയെന്ന നിലയിൽ സെറ്റിൽ ബുദ്ധിമുട്ടുകൾ നേരിട്ടോ? 
സെറ്റിലെ ആളുകളൊന്നും ട്രാൻസ് വ്യക്തിയെന്ന നിലയിൽ എന്നെ നോക്കിയിട്ടില്ല. സാധാരണക്കാരിയായി കണ്ടു. ആ ബഹുമാനം എനിക്കവിടെ തന്നു. 

placeholder
സിനിമ സ്വപ്നം കണ്ടു നടന്നിട്ടൊന്നുമില്ല. പ്ലസ്ടു കാലത്ത് ആലോചിച്ചിട്ടുണ്ട്. ആത്മാർഥമായി അതിനുവേണ്ടി ശ്രമിക്കാനോ ഓഡിഷനുകളിൽ പങ്കെടുക്കാനോ ഒന്നും നിന്നില്ല. കാസ്റ്റിങ് കോളുകൾ വരുമ്പോഴൊക്കെ നോക്കും. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ എന്റെ കഴിവു പ്രകടിപ്പിക്കാനുള്ള വേദിയാണ് ഞാൻ തിരഞ്ഞത്.   കുഞ്ഞിലേ എന്നിലെ സ്ത്രൈണത പ്രകടമായിരുന്നു. കലയോടുള്ള താത്പര്യവും. പക്ഷേ, കല പഠിക്കാനുള്ള സാഹചര്യമായിരുന്നില്ല വീട്ടിൽ. ദൂരദർശനിൽ ചിത്രഗീതം വരുമ്പോഴൊക്കെ പാട്ടിനൊത്ത് ഡാൻസ് ചെയ്യും. അയൽവക്കത്തുള്ളവരും വീട്ടുകാരും പ്രോത്സാഹിപ്പിക്കും. വളരുന്നതിനൊത്ത് എന്നിലെ സ്ത്രൈണത കൂടുതൽ പുറത്തേക്കുവന്നപ്പോൾ നൃത്തത്തിന് വിലക്കുവന്നു. സ്കൂൾ കലോത്സവത്തിലൊക്കെ കുട്ടികൾ സ്റ്റേജിൽ ആടുമ്പോൾ കൊതിച്ചിട്ടുണ്ട്. 10-ാംക്ലാസ് കഴിഞ്ഞ വെക്കേഷനിൽ ഞാൻ പണിക്കുപോയി പൈസയുണ്ടാക്കി. ആ പൈസകൊണ്ട് ഡാൻസ് പഠിക്കാൻ ചേർന്നു. വീട്ടുകാരിൽ നിന്ന് എതിർപ്പായിരുന്നു. അല്ലെങ്കിലേ സ്ത്രൈണതയുണ്ട്. ഡാൻസും കൂടി പഠിച്ചാൻ വഷളാകുമെന്ന് അവർ പേടിച്ചു. സ്വയം അധ്വാനിച്ച പൈസയായതുകൊണ്ടും നൃത്തം ഇഷ്ടമായതുകൊണ്ടും ഞാൻ തീരുമാനത്തിൽ ഉറച്ചുനിന്നു. 

കലാമണ്ഡലത്തിൽ പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു
വൈകാതെ കലോത്സവവേദികളിൽ എനിക്ക് സമ്മാനങ്ങൾ കിട്ടിത്തുടങ്ങി. ആഴത്തിൽ നൃത്തം പഠിക്കാന് തന്നെ തീരുമാനിച്ചു. പഠനത്തിനൊപ്പം നൃത്തം പഠിപ്പിച്ച് ചെറിയ വരുമാനവും നേടി. വീട്ടുകാർ അതിനോട് പൊരുത്തപ്പെട്ടു. കലാമണ്ഡലത്തിലും കലാക്ഷേത്രയിലും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് കലാമണ്ഡലത്തിൽ ചെന്നു. അവിടെ ആൺകുട്ടികൾക്ക് ഓട്ടംതുള്ളലും കഥകളിയുമൊക്കേയേ ഉണ്ടായിരുന്നുള്ളൂ. ഉള്ളതിനുതന്നെ എനിക്കവിടെ അഡ്മിഷനും കിട്ടിയില്ല. പിന്നെ ഞാനൊരു പ്രൈവറ്റ് കോളേജിൽ ചേർന്ന് പഠിച്ചുതുടങ്ങി.  

പാട്ടിൽ എന്റെ ശബ്ദത്തിനെതിരേ എപ്പോഴും പരാമർശം വരും
നൃത്തം പഠിക്കാനാവാത്ത നേരങ്ങളിൽ ലളിതഗാനം മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. തരക്കേടില്ലാതെ പാടും, പക്ഷേ എന്റെ ശബ്ദത്തിനെതിരേ എപ്പോഴും പരാമർശം വരും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേവ്വേറെയാണ് മത്സരം. ആൺകുട്ടികൾക്കൊപ്പം പാടുമ്പോൾ സ്ത്രൈണതയുള്ള എന്റെ ശബ്ദം വേറെയറിയാം. മാത്രമല്ല, ഫീമെയിൽ ടച്ചുള്ള പാട്ടുകളാണ് കൂടുതലും പാടുക. അതുകൊണ്ട് എന്റെ ശബ്ദത്തെക്കുറിച്ച് എല്ലാവരും പറയും. നാടൻ പാട്ടുമത്സരത്തിന് ജില്ലാസംസ്ഥാനതലങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. അതൊക്കെ പാട്ടിലേക്കുള്ള വഴിയായിരുന്നു.  

18 വയസ്സിലാണ് ട്രാൻസ് ആണെന്ന് തിരിച്ചറിഞ്ഞത്
18-ാം വയസ്സിൽ ഞാൻ ട്രാൻസ്ജെൻഡറാണെന്ന് സ്വയം മനസ്സിലാക്കി. 19-ാം വയസ്സിൽ വീടുവിട്ടിറങ്ങി. അതും ഒരു കഥയാണ്. കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി ഒരു സൗന്ദര്യമത്സരം നടത്തുന്നത് 2017-ൽ ക്വീൻ ഓഫ് ദ്വയ ആണ്. എല്ലാ ജില്ലകളിലും അവർ ഒഡിഷൻ വെച്ചിരുന്നു. കോഴിക്കോടുനിന്ന് ഞാനും പങ്കെടുത്തു. ഫാഷൻ ഫീൽഡിനെക്കുറിച്ച് വലിയ അറിവില്ലെങ്കിലും ഒരു ദിവസമെങ്കിലും സ്ത്രീയായി വസ്ത്രമിടാനാഗ്രഹിച്ചാണ് പരിപാടിക്കു പോയത്. ഞാൻ നന്നായി പെർഫോം ചെയ്തു. ഫൈനലിലെത്തി. മാധ്യമങ്ങളിൽ വരുന്ന പരിപാടിയാണിതെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. വീട്ടുകാരിതു കാണും. ഞാൻ ട്രാൻസ് ആണെന്ന് മനസ്സിലാക്കും. എല്ലാവരുമറിയും. ആദ്യം സംശയിച്ചു. പക്ഷേ, എന്റെ കഴിവുകൾ തെളിയിക്കുന്ന ഒരു വേദിയിൽ വന്നുനിന്ന് സ്വത്വം വെളിപ്പെടുത്തുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഫൈനലിൽ പങ്കെടുത്തു. എന്റെ ജെൻഡർ ഐഡന്റിറ്റി എല്ലാവരും അറിയുകയും ചെയ്തു.  

placeholder

വിദ്യാഭ്യാസമാണ് ജീവിതത്തിൽ പ്രധാനമെന്ന് ഞാൻ മനസ്സിലാക്കി  
സ്വത്വം വെളിപ്പെടുത്തിയതിൽ പിന്നെ എനിക്കും കുറേ പ്രശ്നങ്ങളുണ്ടായി. 2017-ലാണത്. ട്രാൻസിനെ അത്രയ്ക്കങ്ങ് അംഗീകരിക്കാത്ത സമയം. കോളേജിൽ നിന്നിറങ്ങേണ്ടിവന്നു. പഠനത്തിൽ രണ്ടുകൊല്ലം ഇടവേളവന്നു. അപ്പോഴും എന്റെ കഴിവിൽ മുറുകെ പിടിച്ചതുകൊണ്ട് തെരുവിലിറങ്ങേണ്ടി വന്നില്ല. പഠിച്ചും പഠിപ്പിച്ചും ജീവിക്കാൻ വക കണ്ടെത്തി ഞാൻ മുന്നോട്ടുപോയി. ആ സമയത്താണ് കേരളത്തിൽ ട്രാൻസ് പോളിസി വന്നത്. കോളേജ് തലത്തിൽ ട്രാൻസിന് റിസർവേഷൻ വന്നു. ആ അവസരത്തില് മുടങ്ങിയ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു. വിദ്യാഭ്യാസമാണ് ജീവിതത്തിൽ പ്രധാനമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ ബിരുദപഠനത്തിന് ചേർന്നു. മറ്റുവഴികളല്ല, വിദ്യാഭ്യാസത്തിന്റെ പാതയിലാണ് ഞാനെന്ന് തിരിച്ചറിഞ്ഞത് വീട്ടുകാർക്ക് അഭിമാനമായിരുന്നു. അങ്ങനെ കുടുംബവും സുഹൃത്തക്കളുമൊക്കെ എന്നെ തിരിച്ചുവിളിച്ചു.  

സെന്റ് തെരേസാസ് എനിക്കുതന്നത് ഊഷ്മളമായ സ്വീകരണമാണ്
ക്രിസ്റ്റ്യൻ കോളേജിൽ മൂന്നുതവണ ഞാൻ കലാതിലകമായി. 2021-ൽ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ് അച്ചീവർ പുരസ്കാരം കിട്ടി. എന്റെ വീട്ടുകാർ അതിൽ അത്രയേറെ അഭിമാനിച്ചിട്ടുണ്ടാകും. വൈകാതെ വീട്ടിലൊക്കെ പോയിത്തുടങ്ങി. അവിടുത്തെ പ്രശ്നങ്ങളൊക്കെ ഏറെക്കുറെ തീർന്നു. ഡിഗ്രിക്കുശേഷം സെന്റ് തെരേസാസ് വിമൻസ് കോളേജിൽ ബി.എ. ഭരതനാട്യത്തിനു ചേർന്നു. വിമന്സ് കോളേജിൽ പൊതുവെ ട്രാൻസ് വ്യക്തികൾക്ക് പ്രവേശനം കിട്ടാറില്ല. പക്ഷെ, സെന്റ് തെരേസാസ് എനിക്കുതന്നത് ഊഷ്മളമായ സ്വീകരണമാണ്. എന്റെ പാട്ടിനെയും കഴിവിനെയും പ്രോത്സാഹിച്ചു. സഹായങ്ങൽ ചെയ്തുതന്നു.  

മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യാമത്സരം
ക്രിസ്റ്റ്യൻ കോളേജിൽ പഠിക്കുമ്പോഴാണ് മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് ഞാനും ശ്രുതി സിത്താരയും പോയി. ടോപ് ടുവിൽ ഞങ്ങൾ രണ്ടുപേരുമായിരുന്നു. ശ്രുതിയാണ് വിന്നറായത്. ടോപ് ടുവിൽ എത്തുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 

ഓട്ടത്തിൽ സ്വർണമെഡൽ 
ട്രാൻസ്ജെൻഡേഴ്സിന്റെ കായികമത്സരം ഉൾപ്പെടുത്താനാവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞങ്ങൾ നിവേദനം കൊടുത്തിരുന്നു. യൂണിവേഴ്സിറ്റി അതിന് അനുമതി തന്നു. കായികം ഒരിക്കലും എന്റെ മേഖലയായിരുന്നില്ല. പക്ഷേ, ട്രാൻസിനുവേണ്ടി യൂണിവേഴ്സിറ്റി ഇങ്ങനെയൊരു അവസരം തന്നപ്പോൾ അത് പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങളും തീരുമാനിച്ചു. എങ്കിലേ നാളെ വരുന്നവർക്ക്  ഇവിടെ പ്രാതിനിധ്യമുണ്ടാവൂ. ഓട്ടമത്സരത്തിൽ ഞാൻ പരിശീലനമൊക്കെ നേടിയശേഷമാണ് പങ്കെടുത്തത്. യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ 200 മീറ്റർ വിഭാഗത്തിൽ ഗോൾഡ് മെഡൽ കിട്ടി. അതൊക്കെ വലിയ അഭിമാനമായിരുന്നു.  ട്രാൻസിനുവേണ്ടി കുടുംബശ്രീ രൂപവത്കരിച്ചതും കോഴിക്കോട് ഇശൽനിലാവ് സംഘടിപ്പിച്ചതുമൊക്കെ നേട്ടങ്ങളായാണ് കരുതുന്നത്. 

placeholder
2021-ൽ ഛത്തീസ്ഗഡിൽ നടന്ന നട്വർ ഗുരു ഗോപീകൃഷ്ണൻ നാഷണൽ അവാർഡ് കിട്ടി. ലിംഗവ്യത്യാസമില്ലാതെ 600-ഓളം പേർ പങ്കെടുത്ത മത്സരമായിരുന്നു അത്. ട്രാൻസ് പേഴ്സൺ ആണെന്നറിഞ്ഞശേഷം എന്നെ നൃത്തലോകത്തേക്ക് കൈപിടിച്ചുയർത്തിയത് എന്റെ ഗുരുവായ ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയാണ്. സാറാണ് ഈ മത്സരത്തിൽ പങ്കെടുക്കാനും എന്നെ പ്രേരിപ്പിച്ചത്. കേരളത്തിൽ ആദ്യമായി നാഷണൽ അവാർഡ് ലഭിക്കുന്ന വ്യക്തിയെന്ന നേട്ടവും എനിക്കുകിട്ടി.

ദേവിയുടെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് മാർക്ക് കുറച്ചത് വേദനിപ്പിച്ചു
2022-ൽ തിരുവനന്തപുരത്തു നടന്ന ട്രാൻസ് കലോത്സവത്തിൽ ഭരതനാട്യത്തിൽ രണ്ടാംസ്ഥാനമായിരുന്നു എനിക്ക്. രണ്ടാംസ്ഥാനത്താവാനുള്ള കാരണം തിരക്കിയപ്പോൾ അര മാർക്കിന്റെ വ്യത്യാസമാണ്. എന്റെ കുറവായി ജഡ്ജസിലൊരാൾ എഴുതിയത് ദേവിയുടെ സൗന്ദര്യമില്ലെന്നതാണ്. കളറിനെയും ജാതിയെയും അധിക്ഷേപിച്ചതിൽ ഞാനടക്കം കുറേപേർ പ്രതിഷേധിച്ചു. ഞങ്ങളിൽ നല്ലൊരു വിഭാഗം ആളുകളും മന്ത്രി പങ്കെടുത്ത ചടങ്ങിൽ പുരസ്കാരങ്ങളെല്ലാം ബഹിഷ്കരിച്ചു. അത് വലിയ പ്രശ്നങ്ങളിലേക്കാണ് വഴിവെച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട ട്രാൻസ് വ്യക്തികളെ അധിക്ഷേപിച്ചു, ശബ്ദത്തിന്റെ പേരിൽ അവഹേളിച്ചു. പ്രതിഷേധത്തിന് കുറേ കാരണങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിൽ മാധ്യമങ്ങൾക്കുകൊടുത്ത എന്റെ വീഡിയോ കണ്ടാണ് 2022 ഡിസംബറിൽ എന്നെ സിനിമയിലേക്ക് വിളിച്ചത്.

എം.ജി. കലോത്സവത്തിൽ പ്രതിഭാതിലകമായി
സിനിമാഷൂട്ടിനിടെയാണ് എംജി. കലോത്സവം വരുന്നത്. ഭാഗ്യത്തിന് ഷൂട്ടിനിടെ പത്തുദിവസം ഗ്യാപ് കിട്ടി. എറണാകുളത്തുവന്ന് കലോത്സവത്തിൽ പങ്കെടുത്തു. ഭരതനാട്യം, ലളിതഗാനം, ശാസ്ത്രീയസംഗീതം. മൂന്നിലും ഞാൻ ഒന്നാമതെത്തി. പ്രതിഭാതിലകം നേടി. എനിക്കത് ആഘോഷിക്കാനൊന്നും നേരമുണ്ടായിരുന്നില്ല, ഉടനെ  ഷൂട്ടിന് തിരിച്ചുപോയി. ട്രാൻസ് കലോത്സവത്തിൽ മത്സരിച്ച വ്യക്തികളുടെ കൂടെത്തന്നെയാണ് ഞാനിവിടെയും മത്സരിച്ചത്. അവിടെ സൗന്ദര്യമില്ലെന്നു പറഞ്ഞ് നഷ്ടപ്പെട്ട വിജയം ഇവിടെ എനിക്ക് നേടാനായി. 

നൃത്ത അധ്യാപിക കൂടിയാണിപ്പോൾ
സായ് ട്രസ്റ്റിനു കീഴിൽ എറണാകുളത്ത് ട്രാൻസ്ജെൻഡേഴ്സിനു വേണ്ടിയൊരു നൃത്തവിദ്യാലയമുണ്ട്. അവിടെ ഞാൻ ടീച്ചറായി ജോലി നോക്കുന്നു. ഡിഗ്രി ഭരതനാട്യം പഠിക്കുന്നുമുണ്ട്. 

placeholder
ജെൻഡർ വെളിപ്പെടുത്തുന്ന സമയമാണ് ജീവിതത്തിൽ ഏറ്റവും വേദന തന്നത്. ശാരീരിക വേദനയേക്കാൾ മാനസികവേദനയായിരുന്നു അത്. അത്രയും നാൾ കൂടെ നിന്ന അമ്മ, അച്ഛൻ, സഹോദരങ്ങൾ, കൂട്ടുകാർ കുടുംബക്കാർ, ഇവരൊക്കെ നമ്മളെ നെറ്റിചുളിച്ച് നോക്കുന്ന, തള്ളിപ്പറയുന്ന സമയം. ഇത്രയും കാലം നീയൊരു ആൺകുട്ടിയായിരുന്നില്ലേ? ഇപ്പോഴെന്താണ് ഒരു മാറ്റം? എന്നൊക്കെയാണ് അവർ ചോദിച്ചത്. പക്ഷേ, നമ്മുടെ ഉള്ളിൽ നടക്കുന്ന മാറ്റങ്ങൾ, ഇഷ്ടങ്ങൾ അതൊന്നും അവരറിയുന്നില്ല. പറയാൻ ധൈര്യം വരുന്ന ഘട്ടത്തിലാണ് നമ്മൾ പറയുക. ഞാനെന്റെ വീട്ടിൽ നിന്ന് അധികം മാറിനിൽക്കാത്തയാളാണ്. അങ്ങനെയുള്ളൊരു വ്യക്തി വീടുവിട്ടിറങ്ങി ഒന്നൊന്നര വർഷമൊക്കെ അമ്മയെ കാണാതെ, വീട്ടിലാരെയും കാണാതെ ജീവിക്കുകയെന്നു വെച്ചാൽ വേദന തന്നെയായിരുന്നു.  നമ്മളെവിടെപ്പോയാലും ആളുകളുടെ തുറിച്ചുനോട്ടവും കളിയാക്കുന്ന സംസാരവുമുണ്ടാവും. ലൊക്കേഷനിൽ ഉത്തരേന്ത്യയിലെ ആളുകളുടെ ട്രാൻസിനോടുള്ള കാഴ്ചപ്പാട് വേദനിപ്പിച്ചിരുന്നു. സെക്സ് വർക്ക് ചെയ്യുന്നവരും യാചിക്കുന്നവരും മാത്രമാണ് അവർക്ക് ട്രാൻസ്. എന്നെ നോക്കി അവരുടേതായ ഭാഷയിൽ കളിയാക്കിയതും  നോക്കിച്ചിരിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. പിന്നെ ഇതൊക്കെ നേരിടാൻ തയ്യാറായിത്തന്നെയാണ് പോയത്. ട്രാൻസ് വ്യക്തികൾക്ക് വീട് വാടകയ്ക്കു കിട്ടില്ല. ഇത്രയൊക്കെ നേട്ടങ്ങൾ ഞാനുണ്ടാക്കിയിട്ടും വീടു കിട്ടാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. നിങ്ങളുടെ ആളുകൾ രാത്രി റോട്ടിൽ പോയി നിൽക്കുന്നവരല്ലേ എന്നാണ് എപ്പോഴും കേൾക്കേണ്ടിവരിക. എനിക്കും എന്റെ പങ്കാളിക്കും താമസിക്കാന് വീടു ശരിയായത് വീട്ടുകാർ ഇടപെട്ടിട്ടാണ്. സമൂഹത്തിൽ ഭൂരിഭാഗവും ഞങ്ങളെ അംഗീകരിച്ചിട്ടില്ല. ട്രാൻസ് ആണെങ്കിലും ഞാനൊരു വ്യക്തിയാണെന്ന കാര്യം അവർ മറക്കുന്നു.

ഞാൻ സ്വന്തം കാലിൽ നിൽക്കുന്നു  
രഞ്ചുവമ്മയും സൂര്യാമ്മയുമൊക്കെ (രഞ്ജു രഞ്ജിമാർ, സൂര്യ) എനിക്ക് അമ്മയെപ്പോലെയാണ്. പക്ഷേ, ഞാൻ ഹിജഡ കമ്യൂണിറ്റി കൾച്ചർ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് ഇതുവരെ ആചാരപ്രകാരം കമ്മ്യൂണിറ്റിയിൽ നിന്ന് അമ്മയെ സ്വീകരിച്ചിട്ടില്ല. സ്വത്വം വെളിപ്പെടുത്തി ദ്വയയിലേക്ക് വന്നപ്പോൾ ഒരുപാട് പേർ ഒപ്പം നിന്നിരുന്നു. ഒരുപാട് വേദികളും കിട്ടി. രഞ്ജുവമ്മയേയും സൂര്യയേയുമൊക്കെ ടി.വി.യിൽ കണ്ടുപരിചയമുണ്ടായിരുന്നു. അവരിലേക്ക് എത്തുകയായിരുന്നു കടമ്പ. അതിനുശേഷം അവരിലൂടെയാണ് കുറേ അവസരങ്ങൾ വന്നത്. 

placeholder
എനിക്കൊരു പാർട്നറുണ്ട്. ഹയാൻ രമേശ്. ട്രാൻസ്മെൻ ആണ്. മലബാർ ക്രിസ്റ്റ്യൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. അഞ്ചുവർഷമായി ഞങ്ങളൊന്നിച്ചാണ്. ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെ പ്രണയമായി. പ്രണയിക്കുംപോലെ എളുപ്പമല്ല ഒരു വീട്ടിനുള്ളിൽ ഒന്നിച്ചുജീവിക്കാൻ. ഒരുവർഷത്തോളം പരസ്പരം മനസ്സിലാക്കിയശേഷമാണ് ഞങ്ങൾ പങ്കാളികളായത്. കുടുംബത്തിന്റെ പിന്തുണയോടെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലുവർഷമായി. ഉന്നതവിദ്യാഭ്യാസം നേടുകയെന്നതാണ് ഞങ്ങൾ രണ്ടുപേരുടെയും ലക്ഷ്യം. ഹയാൻ സിവിൽ സർവീസ് താത്പര്യമുള്ള വ്യക്തിയാണ്. വിദ്യാഭ്യാസം കൊണ്ട് നേടാവുന്നതൊക്കെ നേടി ഉയർന്ന തലത്തിൽ എത്താനാണ് നോക്കുന്നത്. വിവാഹം തീർച്ചയായും ആഗ്രഹമുണ്ട്. പക്ഷേ, ആദ്യം കരിയർ, ജോലി, വീട്. ഈ നിലയ്ക്കാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

എടുത്തുചാടി വിവാഹത്തിലേക്ക് പോവരുത്
എടുത്തുചാടി വിവാഹത്തിലേക്ക് പോവരുത്. പരസ്പരം മനസ്സിലാക്കാനാവുന്നുണ്ടെങ്കിൽ മാത്രം രണ്ടുപേർ ഒന്നിച്ചു താമസിക്കുന്നതാണ് നല്ലത്. എന്റെ കമ്യൂണിറ്റിയോടും ഞാനിതാണ് പറയാറ്. പാർട്നറിനെ തിരഞ്ഞെടുക്കുമ്പോൾ സമയമെടുത്ത് ചെയ്യുക. ഒരുപാട് മരണങ്ങളും ഡിവോഴ്സുമൊക്കെ നടക്കുന്നുണ്ട്. അതൊക്കെ ഒഴിവാക്കാമല്ലോ.

എൽ.ജി.ബി.ടി.ക്യു. ആർട്ടിസ്റ്റുമാരെ മുന്നോട്ടു കൊണ്ടുവരാനാവണം
ഡാൻസാണ് എന്റെ പ്രൊഫഷൻ. സിനിമ പാഷനാണ്. അതിൽ സ്വയം പഠിച്ച് മുന്നോട്ടുപോവണം. ഒരുപാട് പ്രൊഫഷണൽ വേദികളിൽ പ്രോഗ്രാമുകൾ ചെയ്യണം. എൽ.ജി.ബി.ടി.ക്യു. ആർട്ടിസ്റ്റുമാരെ മുന്നോട്ടു കൊണ്ടുവരികയാണ് എന്റെ പ്രധാനലക്ഷ്യം. അതിനെനിക്ക് സാധിക്കും. ഞാൻ നൃത്തം പഠിപ്പിക്കുന്ന ട്രാൻസ് വിദ്യാർഥികൾ പത്തിരുപതു പേരുണ്ട്. അവരെ മുന്നോട്ടു കൊണ്ടുവരാൻ നോക്കും. ജാതിക്കും മതത്തിനും ജെൻഡറിനുമൊക്കെ തടസ്സങ്ങൾ വെക്കുന്ന സോകോൾഡ് സിസ്റ്റമുണ്ട് ഡാൻസിൽ. അതിനെയെല്ലാം മറികടക്കണം. കുറേക്കൂടി പരീക്ഷണങ്ങൾ ഈ രംഗത്ത് നടത്തണം. ജനങ്ങളിലേക്കെത്തിക്കാനാവണം.