ഹോമി അദജാനിയയുടെ കോക്ക്‌ടെയിൽ 2 (cocktail 2) എന്ന സിനിമയിൽ ഷാഹിദ് കപൂർ, കൃതി സനോൺ, രശ്മിക മന്ദാന എന്നിവരാണ് പ്രധാന താരങ്ങൾ. മൂവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. 2012-ൽ പുറത്തിറങ്ങിയ കോക്ക്‌ടെയിൽ എന്ന ചിത്രത്തിന്റെ spiritual sequel ആണിത്. രശ്മിക മന്ദാനയും കൃതി സനോനും സ്വവർഗാനുരാഗികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നൊരു അഭ്യൂഹം കുറച്ചായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങളെല്ലാം നിഷേധിക്കുന്ന തരത്തിലാണ് നടിമാരുടെ പ്രതികരണമിപ്പോൾ.

ഒരു പ്രചാരണ പരിപാടിയിൽ, ആരാധകരുമായും മാധ്യമങ്ങളുമായും കൃതിയും രശ്മികയും സംവദിച്ചിരുന്നു. ഇതിലെ ഒരു വീഡിയോയിൽ, കാണികളിൽ ഒരാൾ 'ലെസ്‌ബിയൻ പ്രണയകഥയുണ്ടോ' എന്ന് ചോദിച്ചപ്പോൾ രശ്മിക പൊട്ടിച്ചിരിക്കുന്നതായി കാണാം. "ലെസ്‌ബിയൻ കഥയൊന്നും ഇല്ല," കൃതി ഉടൻ തന്നെ വിശദീകരിച്ചു. "എനിക്കറിയാം, ഞങ്ങൾക്ക് ആ കെമിസ്ട്രി ഉണ്ടെന്ന്."-രശ്മിക തമാശയായി കൂട്ടിച്ചേർത്തു.

"ഞങ്ങൾ മൂന്നുപേരും സ്ട്രെയ്റ്റ് ആളുകളാണ്. ഇത് വൈകാരികമായ ത്രികോണ ബന്ധം മാത്രമാണ്, ശാരീരികമല്ല."-ചിത്രത്തിന്റെ സ്വഭാവം വിശദീകരിച്ചുകൊണ്ട് കൃതി പറഞ്ഞു. നിർമ്മാണഘട്ടം മുതലേ ചിത്രത്തെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹത്തിന് ഇരുവരും ചേർന്ന് വിരാമമിടുകയായിരുന്നു.

2012-ലെ ഹിറ്റ് ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, ദീപിക പദുകോൺ എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയുടെ നേരിട്ടുള്ള തുടർച്ചയല്ല രണ്ടാംഭാഗമെന്നാണ് വിവരം. അതേസമയം, ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi