മുതിർന്ന ബോളിവുഡ് നടി സീനത്ത് അമൻ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. മാതാപിതാക്കളുടേത് മിശ്രവിവാഹമായിരുന്നെന്നും തനിക്ക് അമ്മയൊരു ഹിന്ദു നാമം നൽകിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ സീനത്ത് പറയുന്നു. അവർക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. അതിനുശേഷം  അമ്മയോടൊപ്പമായിരുന്നു താമസം.

'അമൻ' എന്ന പേരിൽ മുഗൾ-ഇ-അസം, pakeezah പോലുള്ള ക്ലാസിക്കുകൾ രചിച്ച, തിരക്കഥാകൃത്ത് അമാനുല്ല ഖാനായിരുന്നു സീനത്തിന്റെ പിതാവ്. തനിക്ക് സീനത്ത് അമൻ എന്ന് പേരിട്ടത് അദ്ദേഹമാണെന്ന് അവർ പറഞ്ഞു. "സീനത്ത് അമൻ എന്ന പേര് എൻ്റെ പിതാവിൻ്റെ ഭാഗത്തുനിന്നാണ് വന്നത്. അമ്മ എനിക്കിട്ട പേര് ലളിതേശ്വരി എന്നായിരുന്നു. അമ്മയുടെ പേര് വർദ്ധിനി. അവർ ഭക്തയായ ഹിന്ദു സ്ത്രീയായിരുന്നു. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ പ്രാർത്ഥനയ്ക്കായി ചെലവഴിക്കും, ഞാൻ വളർന്നത് അവരോടൊപ്പമാണ്."

സീനത്ത് ഒരു മതവിശ്വാസിയാണോ എന്ന് ചോദിച്ചപ്പോൾ, അല്ലെന്നായിരുന്നു മറുപടി. "എൻ്റെ അമ്മ ഹിന്ദുവും, പിതാവ് മുസ്ലീമുമാണ്, എൻ്റെ കുട്ടികളുടെ പിതാവും മുസ്ലീമാണ്, അവരെ വളരെ അടുത്ത് കണ്ടിട്ടുണ്ട്. കത്തോലിക്കാ സ്കൂളിലാണ് ഞാൻ പഠിച്ചത്, വളരെ ചെറുപ്പത്തിലേ എനിക്ക് അന്താരാഷ്ട്രപരമായ അനുഭവസമ്പത്ത് കിട്ടി. എൻ്റെ രണ്ടാനച്ഛൻ ജർമ്മൻകാരനാണ്, സ്വർണനിറമുള്ള മുടിയും പച്ചക്കണ്ണുകളുമുള്ള ഒരു ജർമ്മൻകാരൻ. അങ്ങനെ ആഗോള ജീവിതശൈലിയെപ്പറ്റി എനിക്ക് നല്ല ധാരണ കിട്ടിയിരുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു മതത്തോട് ചേർന്നുനിൽക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാ മതങ്ങളും നല്ലതാണെന്ന് വിശ്വസിക്കുന്നു. ഒരു മതവും തെറ്റ് ചെയ്യാൻ പറയുന്നില്ല, മനുഷ്യനാകരുത് എന്ന് പറയുന്നില്ല. ഞാൻ മനുഷ്യത്വത്തിലും, ദയയിലും, സമാധാനത്തിലും, സമത്വത്തിലും, എല്ലാ മനുഷ്യരോടും മൃഗങ്ങളോടുമുള്ള സ്നേഹത്തിലും വിശ്വസിക്കുന്നു. അതായിരുന്നു എൻ്റെ മതം."

നടനും സംവിധായകനുമായ മസർ ഖാനെയാണ് സീനത്ത് വിവാഹം ചെയ്തിരുന്നത്. 1998-ൽ വൃക്കരോഗത്തെ തുടർന്ന് അദ്ദേഹം മരിച്ചു. മസർ സ്വയം ദ്രോഹിക്കുന്നത് നോക്കിനിൽക്കാൻ തനിക്കാവില്ലായിരുന്നുവെന്ന് സീനത്ത് പറയുന്നു. അദ്ദേഹം വേദനസംഹാരികൾക്ക് അടിമയായി, ദിവസവും ഏഴ് ഗുളികകൾ കഴിച്ചിരുന്നു, വൃക്കകൾ തകരാറിലാകാൻ നല്ല സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. കുട്ടികളും ഞാനും ഇത് ചെയ്യരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, പക്ഷേ കേട്ടില്ല."

വിവാഹബന്ധം ഉപേക്ഷിച്ചതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും അവർ വെളിപ്പെടുത്തി. മസറിനുണ്ടായിരുന്ന ഓരോ പൈസയും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയുമെടുത്തു. മസറിനെ വിട്ടുപോയതിന് എന്നെ ശിക്ഷിക്കാനാണ് അവർ ആഗ്രഹിച്ചത്, അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ പോലും എന്നെയവർ അനുവദിച്ചില്ല-സീനത്ത് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi