‘കിഷ്‌കിന്ധാകാണ്ഡ’ത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം 'എക്കോ' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്. ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യാച്ചന്‍ എന്ന ടാഗ് ലൈനുമായെത്തിയ ചിത്രം തുടക്കം മുതല്‍ ഒടുക്കംവരെ കുര്യച്ചന്റെ പിന്നാലെയാണ്. കാടും മലയും കടന്ന് പ്രേക്ഷകരും കഥാപാത്രങ്ങള്‍ക്കൊപ്പം കുര്യച്ചനെ തേടിയിറങ്ങുന്നു. പ്രകൃതിയും മനുഷ്യരും നായ്ക്കളും അടങ്ങുന്ന വലിയൊരു ലോകം, ഒരുപാട് അടരുകളുള്ള സിനിമ... അസാധ്യമായ പ്രകടനത്തിലൂടെ ഓരോ കഥാപാത്രങ്ങളും കൈയടി നേടുമ്പോള്‍ ഏറ്റവും ശക്തമായ ശബ്ദസാന്നിധ്യത്തിലൂടെ നടി കെപിഎസി ലീലയും പ്രശംസ ഏറ്റുവാങ്ങുകയാണ്.
ചിത്രത്തില്‍ ബിയാന മോമിന്‍ അവതരിപ്പിച്ച മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിന്റെ കരുത്തും തന്റേടവും ആര്‍ദ്രതയുമൊക്കെ കെപിഎസി ലീലയുടെ ശബ്ദത്തിലൂടെ പ്രേക്ഷകമനസ്സിലും ആഴത്തില്‍ പ്രതിധ്വനിക്കുന്നു. ചിത്രത്തിന്റെ ഒരു ഹൃദയമിടിപ്പുപോലെ, ‘എക്കോ’യിലെ ശബ്ദസാന്നിധ്യമായിമാറിയ കെപിഎസി ലീല 'എക്കോ'യുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
“ഒരു ഡബ്ബിങ്ങിലൂടെ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയതേയില്ല. ആദ്യമായിട്ടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്യുന്നത്. മലയാളം അറിയാത്ത നടിയായിരുന്നു. ലിപ് മൂവ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ച്, വളരെ ശ്രദ്ധിച്ചാണ് മ്ലാത്തി ചേട്ടത്തിക്കുവേണ്ടി ഞാന്‍ ഡബ്ബ് ചെയ്തത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രം. ആര്‍ക്കും പിടികിട്ടാത്ത വ്യക്തിത്വം. യഥാര്‍ഥത്തില്‍ ആ കഥാപാത്രം ഞാന്‍ തന്നെയാണെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിച്ച് ഡബ്ബ് ചെയ്യുകയായിരുന്നു. അപ്പോഴല്ലേ കഥാപാത്രത്തിന് പൂര്‍ണത വരുള്ളൂ. വെറുതെ ചുണ്ടനക്കം നോക്കി സംഭാഷണങ്ങള്‍ പറഞ്ഞാല്‍ ശരിയാവില്ല. ശബ്ദത്തിലേക്ക് കഥാപാത്രത്തിന്റെ ഭാവങ്ങള്‍ കൊണ്ടുവരണം. അങ്ങനെയല്ലാതെ ഡബ്ബ് ചെയ്യാന്‍ എനിക്കറിയില്ല.
പടം റിലീസായി, ഇടവേള ആയപ്പോള്‍ തന്നെ എനിക്ക് ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങിയിരുന്നു. ചിലരൊക്കെ പറഞ്ഞു, ചേച്ചിയാണ് അഭിനയിക്കുന്നതെന്ന് മനസ്സില്‍ സങ്കല്പിച്ചുകൊണ്ടാണ് സിനിമ കണ്ടത് എന്ന്. ചേച്ചിയുടെ ശബ്ദത്തില്‍ കൂടിയാണ് കഥാപാത്രത്തിന്റെ പൂര്‍ണത ലഭിച്ചതെന്നൊക്കെ പറഞ്ഞുകേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ശബ്ദത്തിലൂടെയും എന്നെ തിരിച്ചറിയുന്നുണ്ടല്ലോ...അതൊരു വലിയ അംഗീകാരമാണ്.
സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് മ്ലാത്തി ചേട്ടത്തി. തന്റേടിയായ സ്ത്രീ. കഥയിലെവിടെയും ആ കഥാപാത്രം കാര്യമായിട്ട് കരയുന്നില്ല, ദേഷ്യപ്പെടുന്നില്ല, സന്തോഷിക്കുന്നില്ല, സങ്കടപ്പെടുന്നില്ല. എന്നാല്‍ അഭിനയത്തില്‍ ആ ഭാവങ്ങളെല്ലാം ഉണ്ട്താനും. സംസാരിക്കുമ്പോള്‍ കണ്ണുനീര്‍ വരുന്നുണ്ട്, എന്നാല്‍ ശബ്ദത്തിന് ഇടര്‍ച്ചയില്ല. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് കഷ്ടപ്പെട്ടുതന്നെയാണ് ഡബ്ബ് ചെയ്തത്. എല്ലാ സീനുകളും മനസ്സില്‍തട്ടിയാണ് ചെയ്തത്. സിനിമയുടെ കഥയോ മറ്റ് ഭാഗങ്ങളെപ്പറ്റിയോ എനിക്കറിയില്ലായിരുന്നു. അവരുടെ സീനുകള്‍ മാത്രം കണ്ടിട്ടാണല്ലോ ഡബ്ബ് ചെയ്യുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ചെയ്തത്.
അവര്‍ മലയാളിയല്ല. മലയാളഭാഷയറിയില്ല. മലയാളത്തിന്റെ അഭിനയരീതി അറിയില്ല. അഭിനത്തെക്കുറിച്ച് ഒന്നും അറിയാതിരുന്നിട്ടും അവര്‍ ഭംഗിയായി ചെയ്തു എന്നത് വലിയ കാര്യമാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍തന്നെ അതെല്ലാം ഡബ്ബിങ്ങിലൂടെ നികത്താനും സാധിച്ചിട്ടുണ്ട്. ആദ്യം ഒരുതവണ ഡബ്ബ് ചെയ്തശേഷം എഴുത്തുകാര്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. പിന്നീട് ചില മാറ്റങ്ങള്‍ വരുത്തി രണ്ടാമതും ചെയ്തു. എന്നാലും ഒരുദിവസം കൊണ്ട് ഡബ്ബ് ചെയ്ത് തീര്‍ത്തു. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയപ്പോള്‍ സന്തോഷമായി. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവും ഉള്‍പ്പെടെ പലരും സിനിമറിലീസായി കണ്ടപ്പോള്‍തന്നെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.”
നാടകത്തിന്റെയും സിനിമയുടെയും ലോകത്തുനിന്ന് നാലരപ്പതിറ്റാണ്ട് മാറിനിന്ന കെപിഎസി ലീല 2019-ല്‍ ജയരാജ് സംവിധാനം ചെയ്ത ‘രൗദ്രം-2018’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. 'സ്വര്‍ഗം തുറക്കുന്ന സമയം', 'ജ്വാലാമുഖി', 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' 'ഡിവോഴ്‌സ്', 'പൂവ്', 'പൂക്കാലം', 'ചീന ട്രോഫി', 'ലൗവ്ലി', 'ഗെറ്റ് സെറ്റ് റെഡി' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘പൂക്കാല’ത്തില്‍ വിജയരാഘവനൊപ്പം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
“എനിക്ക് പ്രായമായി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അവിചാരിതമായിട്ടാണ് ജയരാജ് ‘രൗദ്ര’ത്തിലേക്ക് വിളിക്കുന്നത്. ഒരിക്കല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ആളായിരുന്നു ഞാന്‍. ഭര്‍ത്താവിന്റെ മരണശേഷം വീട്ടിലിരുന്ന എന്നെ രണ്ടാമതും സിനിമയിലേക്കെത്തിച്ചതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനാണ്. ആ സിനിമയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കിട്ടി. തിരിച്ചുവരവില്‍ ഇതുവരെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. അതൊക്കെ ഭാഗ്യമെന്ന് കരുതുന്നു. ഈ പ്രായത്തില്‍ ഇത്തരം നേട്ടങ്ങളൊക്കെ ലഭിക്കുമ്പോള്‍ സന്തോഷവും അഭിമാനവുമാണ്.
പണ്ട് ഞാന്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്ത് അവാര്‍ഡുകളൊന്നുമില്ല. പില്‍ക്കാലത്ത് ഓരോരുത്തര്‍ക്കും അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു, അന്നത്തെ കാലത്ത് അവാര്‍ഡുകള്‍ നല്‍കിയിരുന്നെങ്കില്‍ ജനപ്രിയ നാടകങ്ങളിലെ അഭിനയത്തിന് എനിക്കും ചിലപ്പോള്‍ പുരസ്‌കാരം കിട്ടിയിരുന്നേനെയെന്ന്. കെപിഎസിയുടെ തുലാഭാരം, മൂലധനം, കൂട്ടുകുടുംബം, യുദ്ധകാണ്ഡം തുടങ്ങി കുറേയധികം നല്ല നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. നാടകം കഴിഞ്ഞിറങ്ങുമ്പോള്‍ ആരാധകര്‍ വന്ന് പൊതിയുമായിരുന്നു. അതൊക്കെ ഒരു കാലം... ദൈവാനുഗ്രഹവും ഗുരുക്കന്‍മാരുടെ അനുഗ്രഹവും കൊണ്ട് വീണ്ടും അഭിനയിക്കാനായി. ഇപ്പോള്‍ ഡോണ്‍ പാലത്തറയുടെ പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്...”
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: KPAC Leela opens up about her unique and fulfilling dubbing experience in Eko
Published: 01 Dec 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented