
അപ്പൂപ്പന്റെ വരവറിയിച്ചുകൊണ്ട് ആദ്യമെത്തിയത് അമൃതായിരുന്നു. മനോജ്.കെ.ജയന്റെ മകന്‍. അകത്തെ മുറിയില്‍നിന്നും ഒരു കീര്‍ത്തനമുയരുകയാണ്. അതിനൊപ്പം തലയിളക്കിയും ചുണ്ട് ചലിപ്പിച്ചും പിന്നാലെ വന്നു, കെ.ജി. ജയന്‍. കര്‍ണാടകസംഗീതത്തിന്റെ ശ്രീകോവില്‍നടയിലൂടെ മലയാളികളെ നടത്തിച്ച പ്രതിഭയുടെ മുഖത്ത് പത്മശ്രീയുടെ തെളിച്ചം.
''എന്നെങ്കിലും പത്മശ്രീ കിട്ടുമെന്ന് അറിയാമായിരുന്നു. എപ്പോള്‍ എന്നായിരുന്നു സംശയം. ഓരോ വര്‍ഷവും എഴുതിപ്പോകുന്നുണ്ട്. ഈ വര്‍ഷം അയ്യപ്പസ്വാമി തന്നെ മുമ്പിലേക്കു കൊണ്ടുതന്നു.'' സംസാരത്തിനിടയിലേക്ക് മനോജ്.കെ.ജയന്‍ എത്തി. ''കര്‍ണാടകസംഗീതത്തില്‍ സീനിയര്‍ മോസ്റ്റായ ആളാണ് അച്ഛന്‍. 85 വയസായി. ഷാര്‍ജയില്‍ മലയാളി അസോസിയേഷന്റെ ചടങ്ങിലിരിക്കുമ്പോഴാണ് പത്മശ്രീ കിട്ടിയ വാര്‍ത്തയറിഞ്ഞത്. ആ വേദിയില്‍ എങ്ങനെ സന്തോഷം പങ്കിടുമെന്നറിയാതെ വിറകൊള്ളുകയായിരുന്നു ഞാന്‍. ഒടുവില്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ കാര്യം പറഞ്ഞു. സദസ് മുഴുവനും എഴുന്നേറ്റുനിന്ന് കൈയടിച്ചു.''
ജയന്‍: ഈ വാര്‍ത്ത കേള്‍ക്കാന്‍ അനിയന്‍ (ജയവിജയന്‍മാരിലെ വിജയന്‍) ഇല്ലാതെ പോയല്ലോ എന്ന സങ്കടമായിരുന്നു. അന്നെനിക്ക് ഉറക്കം വന്നതേയില്ല. ഒരേ പാത്രത്തിലുണ്ട്, ഒരേ വേഷത്തില്‍ നടന്ന് ഒരേ പാട്ടുകള്‍ പാടിയ എന്റെ വിജയന്‍. (ജയന്റെ കണ്ണുകളില്‍ സങ്കടം നിറയുന്നു)
സഹോദരന്റെ മരണം വല്ലാതെ ഉലച്ചുകളഞ്ഞല്ലേ?
ജയന്‍: വയനാട്ടില്‍നിന്ന് കച്ചേരി കഴിഞ്ഞ് നേരെ തൃശ്ശിനാപ്പള്ളി അമ്പലത്തില്‍ കച്ചേരിക്ക് പോയതായിരുന്നു ഞങ്ങള്‍ രണ്ടുപേരും. ഡിണ്ടിഗലിലെത്തിയപ്പോള്‍ വിജയന് എന്തോ അസ്വസ്ഥത. ആശുപത്രിയിലെത്തിച്ച് ഓക്‌സിജന്‍ കൊടുത്തു. അവന്‍ എന്റെ മുമ്പില്‍കിടന്നാണ് ജീവന്‍ വെടിഞ്ഞത്. എനിക്കത് വല്ലാത്തൊരു ഷോക്കായിരുന്നു.
മനോജ്: അയ്യപ്പസ്വാമിയുടെ ഏറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ ചെയ്തത് അച്ഛനും കൊച്ചച്ഛനും ചേര്‍ന്നാണ്. ശബരിമലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടതുറക്കുന്നതിന് തൊട്ടുമുമ്പ് പാടുന്നത് ഇവരുടെ 'ശ്രീകോവില്‍ നട തുറന്നു...' എന്ന പാട്ടാണ്. അത്രയ്ക്കടുപ്പമുണ്ടായിരുന്നു, ഇവരും അയ്യപ്പനും തമ്മില്‍.
കൊച്ചച്ഛന്‍ മരിക്കുന്നത് ഒരു ജനുവരി എട്ടിനാണ്. സഞ്ചയനം 14-ന്. അന്ന് മകരവിളക്കാണ്. ചിതാഭസ്മം പമ്പയിലൊഴുക്കാന്‍ പോകുമ്പോള്‍ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു. ചിതാഭസ്മവുമായി പമ്പയിലേക്കിറങ്ങിയപ്പോള്‍ ദൂരെനിന്നും ഒരു പാട്ട് ഒഴുകിയെത്തി. ദര്‍ശനം പുണ്യദര്‍ശനം...ദാസേട്ടനെക്കൊണ്ട് അച്ഛന്‍ പാടിച്ച ആദ്യത്തെ അയ്യപ്പഭക്തിഗാനം. പമ്പയില്‍നിന്ന് കയറി തോര്‍ത്തുമ്പോള്‍ കേള്‍ക്കുന്നത്, വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകനെയാണ്. വല്ലാത്തൊരു അത്ഭുതം തോന്നിപ്പോയി.
ജയന്‍: വീട്ടില്‍നിന്നും ഒരുമിച്ചേ ഞങ്ങള്‍ പുറത്തിറങ്ങാറുള്ളൂ. ഒരേ ഡ്രസ്സായിരിക്കും. ഒരേ വാച്ച്. എന്തിന് അവന്‍ ചീകിയഭാഗത്തേക്ക് മുടി ചീകിയില്ലെങ്കില്‍ പ്രശ്‌നമാണ്. അങ്ങനെ ജീവിച്ച ഞങ്ങള്‍ക്കിടയില്‍നിന്നും ഒരാള്‍ പെട്ടെന്ന് ഇല്ലാതായപ്പോള്‍ വല്ലാത്ത ശൂന്യത തോന്നി. വീട്ടില്‍ത്തന്നെയിരുന്നു. നാലുമാസം കഴിഞ്ഞാണ് ആകാശവാണിയില്‍ പാടാനായി തിരുവനന്തപുരത്ത് എത്തിയത്. റെക്കോഡിങ് കഴിഞ്ഞ് യേശുദാസിനെ ഒന്നു കാണാമെന്ന് കരുതി. ചെന്നപ്പോള്‍ നല്ല സ്വീകരണം. ''ഇന്ന് പോകരുത്. നമുക്കൊരു സ്ഥലംവരെ പോകണം.''
കവിയും ഗാനരചയിതാവുമായ രമേശന്‍നായരെ കാണാനാണ് പോയത്. നാളത്തേക്ക് ഗുരുവായൂരപ്പന്റെ പത്ത് ഭക്തിഗാനങ്ങള്‍ വേണം. ദാസ് പറഞ്ഞപ്പോള്‍ രമേശന്‍നായര്‍ സമ്മതിച്ചു. അന്ന് ഞാന്‍ അവിടെ താമസിച്ചു. പിറ്റേ ദിവസം പുലര്‍ച്ചെയാവുമ്പോഴേക്കും പത്തുപാട്ടുകളും റെഡി.
മനോജ്: അച്ഛന് കാലിന് സുഖമില്ലാത്തതിനാല്‍ ഞാനും കൂടെയുണ്ടായിരുന്നു. രമേശന്‍ നായര്‍ കുറെനേരം ആലോചിക്കും. അതിനുശേഷം കിടന്നുറങ്ങും. പെട്ടെന്ന് എഴുന്നേറ്റ് അച്ഛന് പല്ലവി പറഞ്ഞുകൊടുക്കും. അച്ഛനത് കമ്പോസ് ചെയ്ത് ടേപ്പില്‍ റെക്കോഡ് ചെയ്യും. വീണ്ടും കിടന്നുറങ്ങും. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് എഴുന്നേല്‍ക്കും. ഇടയ്ക്ക് ബീഡിവലിച്ച് നടക്കും. എന്നിട്ട് പറയും ഇതാ പാടിക്കോ ജയാ..ചന്ദനച്ചര്‍ച്ചിത നീല കളേബര... അച്ഛന്‍ ഒരുപോള കണ്ണടയ്ക്കാതെ ട്യൂണിടുകയായിരുന്നു. 'മയില്‍പ്പീലി'യെന്ന പേരിലിറക്കിയ ആ കാസെറ്റ് ചൂടപ്പംപോലെയാണ് വിറ്റുപോയത്. ആ പാട്ടാണ് അച്ഛനെ വീണ്ടും സംഗീതത്തോടടുപ്പിച്ചത്.
ജയന്‍: എന്നെ തിരിച്ചുകൊണ്ടുവരണമെന്ന് ദാസിന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് അവിടെത്തന്നെ നിര്‍ത്തിച്ച് കമ്പോസ് ചെയ്യിച്ചത്. പിന്നീട് ഞങ്ങള്‍ കുറേ ഭക്തിഗാനങ്ങള്‍ ചെയ്തു.
ബിച്ചുതിരുമലയെ സിനിമാഗാനത്തിലേക്ക് കൊണ്ടുവന്നതും ജയവിജയന്‍മാരാണെന്ന് കേട്ടിട്ടുണ്ട്?
ജയന്‍: ബിച്ചു പാരമ്പര്യമായിട്ട് കവിത്വസിദ്ധിയുള്ള ആളായിരുന്നു. ഇടയ്ക്ക് മദ്രാസില്‍ ഞങ്ങള്‍ താമസിക്കുന്ന മുറിയിലേക്ക് വരും. കുറെനേരം സംസാരിച്ചിട്ട് തിരിച്ചുപോകും. ശിവാജി ഗണേശന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'ഭാഗപ്പിരിവിനൈ' എന്ന സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്‌തെടുക്കാന്‍ ഭീംസിങ്ങിന് ആലോചന. അതിന്റെ ആലോചന നടക്കവെയാണ് പെട്ടെന്ന് ബിച്ചു മുറിയിലേക്ക് വന്നത്.
കൈയിലുണ്ടായിരുന്ന നോട്ടുപുസ്തകം മേശപ്പുറത്ത് വെച്ചശേഷം തൊട്ടടുത്തുള്ള അമ്പലത്തില്‍ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങി. വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ആ നോട്ടുബുക്കൊന്ന് മറിച്ചുനോക്കി. ബിച്ചു എഴുതിയ കവിതകളാണ്. അതിലൊരു കവിത മനസ്സില്‍തട്ടി. 'നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി.' നവരാത്രിക്ക് പറ്റിയ പാട്ട്. അപ്പോള്‍ത്തന്നെ ഞങ്ങള്‍ കമ്പോസ് ചെയ്തു. ബിച്ചു തിരിച്ചുവരുമ്പോള്‍ കാണുന്നത് ഞങ്ങള്‍ പാടുന്നതാണ്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. വൈകീട്ട് ഭീംസിങ്ങിനെ കേള്‍പ്പിച്ചു. അങ്ങനെയാണ് 'നിറകുടം' എന്ന ചിത്രത്തില്‍ ആ പാട്ടുള്‍പ്പെടുത്തിയത്. പിന്നീട് ബിച്ചുവുമൊന്നിച്ച് ഒരുപാട് പാട്ടുകള്‍ ചിട്ടപ്പെടുത്തി.

എന്തുകൊണ്ട് രണ്ടുമക്കളും അച്ഛന്റെ വഴിയേ പോയില്ല?
മനോജ്: സത്യം പറഞ്ഞാല്‍ അച്ഛനും കൊച്ചച്ഛനും വീട്ടില്‍നില്‍ക്കാന്‍ പോലും നേരമുണ്ടായിരുന്നില്ല. ഞാനും ചേട്ടനും കുട്ടികളായിരുന്ന സമയത്ത് ഇവര്‍ മദ്രാസിലാണ്. ആറോ എട്ടോമാസം കഴിയുമ്പോള്‍ വരും. അതിനിടയ്ക്ക് സംഗീതം പഠിപ്പിക്കാന്‍ എവിടെ സമയം? സന്ധ്യയ്ക്ക് നാമം ജപിക്കുമ്പോള്‍ അച്ഛന്റെ പാട്ടാണ് പാടുക. ശങ്കരനന്ദന ശബരിഗിരീശ, ഇഷ്ടദൈവം സ്വാമി ശരണമയ്യപ്പാ, ദര്‍ശനം പുണ്യദര്‍ശനം... ചിലരിപ്പോഴും വിശ്വസിച്ചിരിക്കുന്നത് ഞാന്‍ പാട്ടൊക്കെ പഠിച്ചആളാണെന്നാണ്. സത്യം പറയാലോ. ഞാന്‍ സരിഗമ പോലും പഠിച്ചിട്ടില്ല.
'പരിണയം' ചെയ്യുന്ന സമയത്ത് ഒരു കാസെറ്റ് കമ്പനിക്കാര്‍ എന്നെക്കൊണ്ട് പാടിക്കാന്‍ വന്നു. അച്ഛനാണ് സംഗീതം ചെയ്യുന്നത്. ഒഴിഞ്ഞുമാറാന്‍ പലവട്ടം നോക്കി. പറ്റിയില്ല. 'അയ്യപ്പതീര്‍ത്ഥം' എന്ന കാസെറ്റില്‍ പാടിയത് അങ്ങനെയാണ്. അതിനുശേഷം ഏത് സ്‌റ്റേജിലെത്തിയാലും പാടാന്‍ പറയും. ഞാന്‍ പാടും. ഇപ്പോള്‍ ചിലരൊക്കെ അനൗണ്‍സ് ചെയ്യുന്നത് ഗായകനും നടനുമായ മനോജ്.കെ.ജയന്‍ എന്നാണ്. എന്നാല്‍ ചേട്ടന്‍ ബിജു.കെ.ജയന്‍ ആര്‍.എല്‍.വി മ്യൂസിക് കോളേജില്‍ സംഗീതം പഠിച്ചയാളാണ്.
ജയന്‍: ഞാനും വിജയനും അക്കാലത്ത് സംഗീതപഠനത്തിന്റെ ലഹരിയിലായിരുന്നു. ആദ്യം ബാലമുരളീകൃഷ്ണയുടെ കൂടെ വിജയവാഡയിലെ വീട്ടില്‍ താമസിച്ചു പഠിച്ചു. അതുകഴിഞ്ഞ് ചെമ്പൈയുടെ കൂടെ. അവര്‍ക്ക് കേരളത്തില്‍ പ്രോഗ്രാമുണ്ടെങ്കില്‍ ഒന്ന് വീട്ടില്‍ കയറിയിട്ട് പോകും.
കര്‍ക്കശക്കാരനായിരുന്നു ചെമ്പൈ എന്ന് കേട്ടിട്ടുണ്ട്?
ജയന്‍: ശരിയാണ്. അദ്ദേഹത്തിന് ഓരോ തോന്നലാണ്. സമയമോ സ്ഥലമോ ഒന്നും നോക്കാറില്ല. ഇപ്പോള്‍ പാട്ടുപഠിക്കണം എന്നു പറഞ്ഞാല്‍ പഠിച്ചേപറ്റൂ. ഒരിക്കല്‍ തഞ്ചാവൂരിലെ കച്ചേരി കഴിഞ്ഞ് ഞങ്ങള്‍ റെയില്‍വേസ്‌റ്റേഷനിലെത്തി. സമയം ഉച്ച കഴിഞ്ഞിരുന്നു. മദ്രാസിലേക്കുള്ള ട്രെയിന്‍ രണ്ടുമണിക്കൂര്‍ ലേറ്റാണെന്ന് അറിയിച്ചപ്പോള്‍, പ്ലാറ്റ്‌ഫോമിന്റെ അധികം ആളുകളില്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ ബെഡ് വിരിച്ച് കിടന്നു. തൊട്ടടുത്ത് ഞങ്ങളിരുന്നു. ഒന്നു മയങ്ങിയശേഷം അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റു. ''നമുക്കൊരു കീര്‍ത്തനം പഠിക്കാം.''
ഇവിടെ വെച്ചോ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്. പക്ഷെ പേടികൊണ്ട് ചോദ്യം പുറത്തേക്ക് വന്നില്ല. അഡാണ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. ഹൈപിച്ചില്‍ പാടേണ്ട രാഗമാണത്. ശബ്ദം ഉയര്‍ന്നപ്പോള്‍ ആളുകള്‍ ഞങ്ങള്‍ക്കുചുറ്റും കൂടി. പക്ഷെ ചെമ്പൈയ്ക്കുണ്ടോ കുലുക്കം. അദ്ദേഹം കീര്‍ത്തനം മുഴുവനും ആ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പഠിപ്പിച്ചു. അതിനുശേഷം ചൊല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ചൊല്ലി.
''ഇതാണ് നാളെ മുതല്‍ പാടാനുള്ള കീര്‍ത്തനം. ദിവസവും രാവിലെ എഴുന്നേറ്റ് നന്നായി പഠിക്കണം.''എന്ന ഉപദേശവും. ഓരോ കച്ചേരിക്ക് പോകുന്തോറും കിട്ടുന്നതില്‍ ഒരു പങ്ക് ഗുണ്ടികയില്‍ നിക്ഷേപിക്കാറുണ്ട്, അദ്ദേഹം. ഉദയാസ്തമനപൂജയ്ക്കുള്ള പണമായാല്‍ ഗുരുവായൂരില്‍ ചെന്ന് അടയ്ക്കും. അതൊരു പതിവായിരുന്നു. അന്ന് 50,000 രൂപയാണ് ഉദയാസ്തമയപൂജയ്ക്കുള്ള തുക.
പത്തുവര്‍ഷത്തിനുശേഷം ഈ വര്‍ഷമാണ് ശബരിമലയിലേക്ക് പോയത്?
ജയന്‍: കാലിന് തീരെ വയ്യാത്തതുകൊണ്ടാണ് അതുവരെയും പോകാതിരുന്നത്. ശബരിമല വിഷയം പുകഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു അരുളപ്പാട് കേട്ടു.
'ശബരിമലയില്‍ വന്ന് പാടണം'ഭഗവാന്റെ വിളിയായാണ് തോന്നിയത്. അതിന്റെ തുടര്‍ച്ചയെന്നോണം ദേവസ്വംബോര്‍ഡ് അധികൃതര്‍ എന്നെ വിളിക്കുകയും ചെയ്തു. സാധാരണ ഞാനും വിജയനും ആരും ക്ഷണിക്കാതെയാണ് പോകുന്നത്. തിരുവാഭരണഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചുകൊണ്ട് പാടും. ഇത്തവണ നിലയ്ക്കലിലേക്ക് കാറയച്ചു. മല കയറാന്‍ ഡോളി ഏര്‍പ്പാട് ചെയ്തു. ആ തിരക്കിനിടയിലും കച്ചേരി നടത്തി തിരിച്ചുപോന്നു.
മനോജ്: ശബരിമല പ്രശ്‌നം കത്തിനില്‍ക്കുമ്പോള്‍ ഈ പാട്ട് വൈറലായിരുന്നു. പൊതുവെ അച്ഛന് രാഷ്ട്രീയമില്ല. ഒരു വിവാദത്തിനും നിന്നുകൊടുക്കാറുമില്ല. ഞങ്ങള്‍ മക്കളും അച്ഛന് തലവേദന സൃഷ്ടിക്കാറുമില്ല.
അച്ഛനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങള്‍?
മനോജ്: പത്മശ്രീ കിട്ടിയതുതന്നെ പ്രധാനം. അതിനുശേഷം ഒരുപാടുപേര്‍ വിളിച്ചിരുന്നു. പത്മശ്രീയേക്കാള്‍ വലുതാണ് പത്മവിഭൂഷണ്‍. അത് കിട്ടിയ ലാലേട്ടനാണ് പത്മശ്രീ കിട്ടിയ അച്ഛനെ വിളിച്ച് അഭിനന്ദിച്ചത്. പിതാവ് മകനുള്ളപ്പോള്‍ ബഹുമാനിക്കപ്പെടുന്നത് മകനും ബഹുമാനമാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.

ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പതുവര്‍ഷമായി. ഷൂട്ടിങ്ങിന് പോവുന്ന സ്ഥലങ്ങളില്‍ വൈകീട്ടാവുമ്പോള്‍ അടുത്തുള്ള അമ്പലത്തില്‍നിന്ന് പാട്ടിറങ്ങിവരും. മിക്കതും അച്ഛന്‍ പാടിയതോ സംഗീതം ചെയ്തതോ ആയ പാട്ടുകളായിരിക്കും. ദേവീക്ഷേത്രമാണെങ്കില്‍ അച്ഛന്‍ സംഗീതമിട്ട് ചിത്രച്ചേച്ചി പാടിയ വിശ്വമോഹിനീ ജഗദംബികേ...എന്ന പാട്ടാവും. ഒറ്റപ്പെട്ടുനില്‍ക്കുന്ന എനിക്ക് വല്ലാത്തൊരു ഊര്‍ജമാണ് ആ പാട്ടുകള്‍ സമ്മാനിക്കുന്നത്. ഗുരുവായൂരില്‍ പോയാല്‍ എവിടെനിന്നെങ്കിലും കേള്‍ക്കും, കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദനാ...പി.ലീലയെക്കൊണ്ട് 45 വര്‍ഷം മുമ്പ് അച്ഛന്‍ പാടിച്ചതാണ് ജ്ഞാനപ്പാനയിലെ ആ വരികള്‍. ഈയടുത്ത് അമൃതിനെ മൊട്ടയടിക്കാന്‍ പഴനിയില്‍ കൊണ്ടുപോയിരുന്നു. ക്ഷേത്രത്തിലെത്തുമ്പോള്‍ കേള്‍ക്കുന്നത് അച്ഛന്‍ ഈണമിട്ട് ദാസേട്ടന്‍ പാടിയ മുരുകനെക്കുറിച്ചുള്ള തമിഴ് ഭക്തിഗാനമാണ്.
അച്ഛന്റെയും എന്റെയും ഉയര്‍ച്ചകള്‍ കണ്ടാണ് അമ്മ മരിക്കുന്നത്. എനിക്കൊരു പുതിയ ജീവിതം കിട്ടിയില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു, അമ്മയ്ക്ക്. 'നീ ഇങ്ങനെ പോകരുത്, ഒറ്റയ്ക്കായിപ്പോകും. അതുകൊണ്ട് കല്യാണംകഴിക്കണം' എന്ന് മരിക്കുന്നതുവരെ പറയുമായിരുന്നു. ആ സമയത്ത് വിവാഹത്തോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇനിയൊരു പെണ്ണ് ജീവിതത്തില്‍ വേണ്ടെന്ന് തീരുമാനിച്ചതാണ്. അമ്മയുടെ മരണശേഷം എല്ലാവരും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ആശ എന്റെ ജീവിതത്തിലേക്ക് വന്നത്. അച്ഛനും അത് വലിയ ഗുണം ചെയ്തു. വര്‍ഷങ്ങളായി എനിക്കൊപ്പമാണ് അച്ഛന്‍ താമസിക്കുന്നത്. അമ്മയുടെ അതേ കെയറിങ് നല്‍കാന്‍ ആശയ്ക്ക് കഴിയുന്നുണ്ട്.
ജയന്‍: നഖം വെട്ടുന്നതു മുതലുള്ള എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആശയാണ്. പിന്നെ ദാ ഇവനും. (അമൃതിനെ ചേര്‍ത്തുനിര്‍ത്തി) ഇവനിലും എനിക്ക് പ്രതീക്ഷയുണ്ട്. തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍മാസ്റ്ററുടെ സ്‌കൂളില്‍ സംഗീതം പഠിക്കാന്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞതവണ മൂകാംബികയില്‍ പാട്ടിനിരുത്തി. ചെമ്പൈ സംഗീതോത്സവത്തില്‍ എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്. സംഗീതത്തില്‍ നല്ല താല്‍പ്പര്യമുണ്ട്. പതുക്കെപ്പതുക്കെ പാടിക്കണം.
(ജയന്‍ അമൃതിന്റെ മുടിയിഴകളില്‍ വിരലോടിച്ചു. ആശയും മനോജ്.കെ.ജയന്റെ സഹോദരന്‍ ബിജു.കെ.ജയനും ഭാര്യ പ്രിയയും ഫോട്ടോസെഷനുവേണ്ടി റെഡിയായി. എല്ലാവരും ഒരുമിച്ചിരുന്നപ്പോള്‍ മനോജിന്റെ മുഖത്തൊരു സങ്കടം)
''ഈ ഫോട്ടോ കാണുമ്പോള്‍ കുഞ്ഞാറ്റയ്ക്കായിരിക്കും ഏറ്റവും വിഷമം. മോളില്ലാതെ ഒരു ഫോട്ടോയും വന്നിട്ടില്ല. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബി.എ. മീഡിയ ആന്റ് കമ്മ്യൂണിക്കേഷന് പഠിക്കുന്ന കുഞ്ഞാറ്റ അടുത്ത അവധിക്കേ നാട്ടില്‍ വരികയുള്ളൂ.'' കാച്ചു കൊച്ചു സങ്കടങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ക്യാമറയിലേക്ക് നോക്കിയിരുന്നു.
കെ.ജി. ജയന്റെ ഇഷ്ടഗാനങ്ങള്‍
1. ഹരിമുരളീരവം....(ആറാം തമ്പുരാന്‍)
2. പ്രമദവനം.....(ഹിസ് ഹൈനസ് അബ്ദുള്ള)
3. ദേവാങ്കണങ്ങള്‍....(ഞാന്‍ ഗന്ധര്‍വ്വന്‍)
4. താമസമെന്തേ വരുവാന്‍...(ഭാര്‍ഗവീനിലയം)
5. നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും...(കാട്ടുകുരങ്ങ്)
6. തിര നുരയും ചുരുള്‍മുടിയില്‍...(അനന്തഭദ്രം)
7. സാമ്യമകന്നോരുദ്യാനമേ...(ദേവി)
8. പറയാന്‍ മറന്ന പരിഭവങ്ങള്‍...(ഗര്‍ഷോം)
9. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ...(പി.ജയചന്ദ്രന്‍ പാടിയ ലളിതഗാനം)
10. ഹര്‍ഷബാഷ്പം തൂകി....(മുത്തശ്ശി)
(പുനപ്രസിദ്ധീകരണം)
Content Highlights: kg jayan and manoj k jayan
Published: 16 Apr 2024, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented