ചലച്ചിത്രകലപോലെ ഇത്രയധികം ജനസ്വീകാര്യതയുള്ള കലാരൂപം ലോകത്ത് വേറെ ഏതാണുള്ളത്? ഞാൻ മനസ്സുകൊണ്ട് പലവട്ടം പല പഠനങ്ങളും നടത്തിനോക്കിയെങ്കിലും പുതിയ നവതരംഗം വന്നിട്ടുകൂടി സിനിമയെന്ന മാധ്യമത്തിനുമേലെ നിൽക്കുന്ന മറ്റൊരു കലാരൂപവും ഇതുവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതുപോലെതന്നെയാണ് സിനിമയോട് ഇഴചേർന്നു നിൽക്കുന്ന സിനിമാ സംഗീതവും. ഒന്ന് ദൃശ്യവിസ്മയവും മറ്റൊന്ന് ശ്രവണാനുഭവവും.
സിനിമയെയും സിനിമാസംഗീതത്തെയും കുറിച്ച് ഇങ്ങനെ ചില വരികൾ ഇവിടെ കുറിച്ചിടാൻ നിമിത്തമായത് ഇക്കുറി കഥയിലെ നായികമാരിലേക്ക് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത താരമുഖമായ രോഹിണി എന്ന അഭിനേത്രിയുടെ കടന്നുവരവാണ്. മാത്രമല്ല, രോഹിണിയുടെ സിനിമാ പ്രവേശത്തിന് ഒരു ഇരട്ടിമധുരത്തിന്റെ പ്രത്യേക മാധുര്യമുണ്ടെന്നു പറയാനാണ് എനിക്ക് ഏറെ ഇഷ്ടം. ആ ഇഷ്ടത്തിന്റെകൂടെ എന്റെയും ഒരു ചെറിയ-വലിയ ഇഷ്ടമുണ്ടെന്ന് കൂട്ടിക്കോളൂ. ആ ഇഷ്ടം കയറിവന്ന വഴി ഇങ്ങനെയാണ്.

ഞാൻ തിരക്കഥ എഴുതി ജോഷി ഒരുക്കിയ ‘ആ രാത്രി’യിൽ ഇളയരാജ സംഗീതം നൽകിയ ‘കിളിയെ കിളിയെ’ എന്ന ഗാനം പാടി അഭിനയിച്ചത് രോഹിണിയായിരുന്നു. നീണ്ട നാൽപത്തിനാലു വർഷങ്ങൾക്കു മുൻപ് ‘ആ രാത്രി’ പുറത്തിറങ്ങിയപ്പോൾ അന്ന് ഈ പാട്ടിന് കിട്ടിയ പ്രചുരപ്രചാരത്തെക്കാൾ ഇരട്ടി സ്തുതിവചനങ്ങളാണ് 'ലോക'യിലൂടെ ഈ പാട്ട് പുനർജനിച്ചപ്പോൾ ഇളയരാജയ്ക്ക് ലഭിച്ചത്. അന്ന് ആ പാട്ടിന്റെ വിഷ്വൽ കാണാത്ത എന്റെ അടുത്ത ചില സുഹൃത്തുക്കളുടെ മക്കൾ ഇന്ന് ടി.വി.യിലും യൂട്യൂബിലുമൊക്കെയായിട്ട് ആ പാട്ട് കണ്ടതിനുശേഷം അതിൽ അഭിനയിച്ച രോഹിണിയെക്കുറിച്ച് എന്നെവിളിച്ചുചോദിക്കുകയുണ്ടായി. അവർ രോഹിണിയെ ആദ്യമായി കാണുകയാണത്രെ.
ഇനി രോഹിണി 'ആ രാത്രി'യിൽ ഉപനായികയായി എത്തിയതിന്റെ നാൾവഴികളിലേക്ക് പോകാം.
മമ്മൂട്ടി, പൂർണിമ ജയറാം, സോമൻ, സീമ, ബേബി അഞ്ജു, ലാലു അലക്‌സ്, രതീഷ്, കൊച്ചിൻ ഹനീഫ, സുകുമാരൻ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ അഭിനേതാക്കളെയും ഞങ്ങൾ ആദ്യമേതന്നെ തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഇതിൽ ഉപനായികയായിവരുന്ന കഥാപാത്രത്തെ മാത്രം അപ്പോൾ ഞങ്ങൾക്ക് കണ്ടെത്താനായില്ല. ആ സമയത്താണ് രോഹിണി നായികയായിവന്ന 'കക്ക' റിലീസാവുന്നത്. ആദ്യദിവസം തന്നെ പോയി ഞാൻ 'കക്ക' കണ്ടു. രോഹിണിയുടെ അതിലെ കഥാപാത്രവും അഭിനയശൈലിയുമൊക്കെ എനിക്ക് വളരെ നന്നായിട്ടുതോന്നി. ആ രാത്രിയിലെ ഉപനായികയുടെ വേഷത്തിൽ രോഹിണിയെ ഇട്ടാലോ എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കക്കയിലെ നായികയായ രോഹിണി ഉപനായികയാകുമോ എന്നുള്ള സന്ദേഹം കൊണ്ട് ഞാനവരുടെ പേരു പറഞ്ഞില്ല. പിന്നീട് പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ. ഷണ്മുഖം പോയി ജോഷിയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ രോഹിണി കഥയും കഥാപാത്രവുമൊന്നും ചോദിക്കാതെ അഭിനയിക്കാൻ തയ്യാറായി വരുകയായിരുന്നു.
Also Read

1982 ഒക്ടോബറിൽ ആയിരുന്നു 'ആ രാത്രി'യുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ. മമ്മൂട്ടി, പൂർണിമ ജയറാം, രതീഷ്, സീമ തുടങ്ങിയ ആർട്ടിസ്റ്റുകൾ എല്ലാവരും താമസിച്ചിരുന്നത് അവിടത്തെ ഗീത് ഹോട്ടലിലായിരുന്നു.
ഷൂട്ടിങ് തുടങ്ങി നാലാംദിവസം രാവിലെ ഞാൻ ഹോട്ടലിന്റെ റിസപ്ഷനു മുന്നിൽ നിന്നുകൊണ്ട് മാതൃഭൂമി പത്രത്തിൽ വന്ന പ്രധാനപ്പെട്ട ഒരു വാർത്ത വായിച്ചുനിൽക്കുകയാണ്. അപ്പോഴാണ് പതിഞ്ഞ സ്വരത്തിൽ ‘ഡെന്നിച്ചായാ’ എന്നൊരു വിളി കേട്ടത്. ഞാൻ പത്രം മുഖത്തുനിന്നും മാറ്റി പതുക്കെ തിരിഞ്ഞുനോക്കിയപ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് ജോഷിയുടെ സഹസംവിധായകനായ രാജാജി നിൽക്കുന്നു. അവന്റെ പുറകിലായി ഒരു പത്തുപതിനഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും കൂടെ പ്രായമായ ഒരു സ്ത്രീയും നിൽക്കുന്നുണ്ട്. പെൺകുട്ടിയുടെ മുഖത്ത് വിനയം, ഭവ്യത, നിഷ്‌കളങ്കത തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നതുകാണാം.
രാജാജി ആ കുട്ടിയെ പരിചയപ്പെടുത്തി.
''ഡെന്നിച്ചായാ ഇതാണ് ആർട്ടിസ്റ്റ് രോഹിണി''
''ങേ രോഹിണിയോ?''
കേട്ടമാത്രയിൽ ഞാൻ പെട്ടെന്ന് ചോദിച്ചുപോയി. കുട്ടിയുടുപ്പുമിട്ട് മോഡേൺ വേഷത്തിൽ നിന്നിരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല. കക്കയിലെ യൗവനയുക്തയായ കഥാപാത്രമായിരുന്നു എന്റെ മനസ്സിൽ.
എന്റെ വാക്കുകൾക്ക് ചെറിയ ചമ്മിയ ചിരിയോടെ രോഹിണി മൗനം പേറിനിൽക്കുന്നതു കണ്ടപ്പോൾ രാജാജി എന്നോട് പറഞ്ഞു.
''ഞങ്ങൾ ലൊക്കേഷനിലേക്ക് പോട്ടെ. പൂർണിമ ജയറാമും രോഹിണിയും തമ്മിലുള്ള സീനാണ് ആദ്യമടെുക്കാൻ പോകുന്നത്. ഡെന്നിച്ചായൻ വരുന്നില്ലേ''
''ഇല്ല. കുറെ കഴിഞ്ഞ് ഞാനും ജൂബിലി ജോയിയുമായി വന്നേക്കാം''
രോഹിണി പോയിട്ട്‌വരാം സാർ എന്ന ആംഗ്യഭാവത്തോടെ എന്നെ നോക്കിയിട്ട് രാജാജിയോടൊപ്പം പുറത്തേക്ക് നടന്നു.
ഒരു മണിക്കൂർ കഴിഞ്ഞ് ഞാനും ജോയിയുംകൂടി ലൊക്കേഷനിൽ ചെന്നപ്പോൾ പൂർണിമാ ജയറാമും രോഹിണിയുമായുള്ള കോമ്പിനേഷൻ സീൻ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജോഷി. ഞാൻ മൂന്നാലുദിവസം തിരുവനന്തപുരത്തുണ്ടായിരുന്നതുകൊണ്ട് ഉച്ചയ്ക്കുള്ള ബ്രേക്ക് ടൈമിൽ മമ്മൂട്ടിയും ഞാനും ജോഷിയും ജോയിയും എല്ലാവരും കൂടിയിരുന്നു തമാശയും കുസൃതികളുമൊക്കെ പറഞ്ഞിരിക്കുമ്പോൾ രോഹിണി അതിലൊന്നും പങ്കെടുക്കാതെ കൂടെവന്ന സ്ത്രീയോടൊപ്പം തെല്ലു അകലെ മാറിയിരിക്കുകയാവും.

ഞാൻ രോഹിണിയിൽ കണ്ട ഒരു പ്രത്യേകത- ആവശ്യത്തിനു മാത്രം സംസാരിക്കുക, അനാവശ്യമായി ആരുടെയും കാര്യത്തിൽ ഇടപെടാതിരിക്കുക. ഷൂട്ടിങ്ങിന് കൃത്യസമയത്തെത്തുക. എല്ലാവരോടും ഒരുപോലെ സൗഹൃദം പുലർത്തുക. ഒരാളും രോഹിണിയെക്കുറിച്ച് ഒരു പരാതിയും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ആ രാത്രി റിലീസായപ്പോൾ ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചതിലും വൻ വിജയമായിത്തീരുകയും ചെയ്തു.
'ആ രാത്രി'ക്കുശേഷം രോഹിണി അഭിനയിച്ചത് ആരോമ മണിയുടെ 'കുയിലിനെതേടി'യിലായിരുന്നു. മാസ്റ്റർ രഘുവും രോഹിണിയുമായിരുന്നു നായികാനായകന്മാർ. കുയിലിനെ തേടി വൻ വിജയം നേടിയ ഒരു ലോ ബഡ്ജറ്റ് ചിത്രമായിരുന്നു.
ഈ സമയത്താണ് ജൂബിലിയുടെ 'സന്ദർഭ'ത്തിന്റെ ആലോചനകൾ നടക്കുന്നത്. മമ്മൂട്ടിയും സരിതയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഇതിൽ സരിതയുടെ അനിയത്തിയുടെ ഒരു വേഷമുണ്ട്. അഞ്ചാറു സീനിൽ വരുന്ന കഥാപാത്രമാണ്. കുയിലിനെ തേടിയിലെ നായികയായിട്ട് അഭിനയിച്ച രോഹിണിയെ എങ്ങനെയാണ് ഈ ഗസ്റ്റ് റോളിലേക്ക് വിളിക്കുന്നത്? എന്നാൽ ആ രാത്രിയുടെ വൻ വിജയത്തിനുശേഷം അതേ ടീം ഒരുക്കുന്ന ചിത്രത്തിൽ എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് വന്ന രോഹിണി ‘സന്ദർഭ’ത്തിൽ സഹകരിക്കുകയായിരുന്നു.

മറ്റൊരു നടിയിലും കാണാത്ത ഒരു സവിശേഷതയായിട്ടാണ് ഞാനതിനെ കാണുന്നത്. നായികയോ, ഉപനായികയോ ചെറുതോ വലുതോ എന്നൊന്നും രോഹിണി നോക്കാറില്ല. ഒരു ആർട്ടിസ്റ്റിന്റെ ജോലി നന്നായിട്ടഭിനയിക്കുക എന്നതാണ്. അതിൽ കൂടുതലൊന്നും താൻ നോക്കാറില്ല എന്നാണ് രോഹിണി പറയുന്നത്. പിന്നെ ചില കടപ്പാടുകൾക്കു മുൻപിൽ നമ്രശിരസ്‌കയായി നിന്നുകൊണ്ട് പ്രതിഫലത്തിന്റെ കാര്യത്തിൽപോലും വിട്ടുവീഴ്ച ചെയ്തുകൊടുക്കാനും രോഹിണിക്ക് ഒരു മടിയുമില്ല.
സന്ദർഭത്തിനുശേഷം ഞാനും ജോഷിയുംകൂടി ചെയ്ത ചിത്രം സാജ് പ്രൊഡക്ഷൻസിന്റെ ‘ഒരു കുഴക്കിഴിലാ’ണ്. മാധവിയും രോഹിണിയുമായിരുന്നു നായികമാരായി വന്നത്. മാധവിക്ക് ഇതിൽ രോഹിണിയുടെ അമ്മ വേഷമായിരുന്നു. രോഹിണിയുടെ കാമുകനായി വരുന്നത് ശങ്കറായിരുന്നു. അതിനാടകീയമായ മുഹൂർത്തങ്ങളുള്ള ഒരു സിംപതി കഥാപാത്രമായിരുന്നത്. ചിത്രം പുറത്തുവന്നപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയുമെല്ലാം പ്രശംസകൾ വാരിക്കൂട്ടിയത് രോഹിണിയായിരുന്നു.
ഈ ചിത്രത്തിനുശേഷം ഞാൻ തിരക്കഥ എഴുതിയ മമ്മൂട്ടി ചിത്രമായ 'കഥ ഇതുവരെ' പ്രത്യേകം ശ്രദ്ധിക്കുക, ജനുവരി ഒരു ഓർമ്മ എന്നീ ചിത്രങ്ങളിലും രോഹിണി അഭിനയിക്കുകയുണ്ടായി. ജനുവരി ഒരു ഓർമയിൽ കൊടൈക്കനാലിൽ പൂവിറ്റു നടക്കുന്ന പാവപ്പെട്ട ഒരു അനാഥ പെൺകുട്ടിയുടെ വേഷമായിരുന്നു, അകാലത്തിൽ മരണപ്പെട്ടുപോകുന്ന ഒരു ദുഃഖകഥാപാത്രം…
1990 ആയപ്പോഴേക്കും പഴയ രോഹിണിയിൽ നിന്നും പുതിയൊരു രോഹിണിയുടെ രൂപഭാവങ്ങളോടെയുള്ള ഒരു തിരിച്ചുവരവാണ് ജനം കണ്ടത്. നിറയെ അഭിനയ മുഹൂർത്തങ്ങളുള്ള കഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു.

ഇതിനിടയിൽ നടൻ രഘുവരനുമായുള്ള വിവാഹവും നടന്നു. ആ ദാമ്പത്യത്തിന് കൂടുതൽകാലം ആയുസ്സുണ്ടായില്ല. രഘുവരൻ മരണം ഒരിക്കലും മുൻപിൽ കാണാതെ മരണത്തിന്റെ സഞ്ചാരവഴിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആ വേർപാട് രോഹിണിയെ വല്ലാതെ തളർത്തിയിരുന്നു. പ്രണയവിവാഹവും വേർപാടിനെക്കുറിച്ചുമൊക്കെ സഹപ്രവർത്തകർ ചോദിക്കുമ്പോൾ അവർ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു.
‘ഞാൻ സ്വയം പിടിച്ചുവാങ്ങിയ പ്രണയമല്ലേ! അതിന്റെ സന്തോഷവും ദുഃഖവുമൊക്കെ ഞാൻതന്നെ അനുഭവിക്കണ്ടേ...’
രോഹിണി ഇപ്പോഴും ചലച്ചിത്രലോകത്ത് സജീവമാണ്. കഥാ തിരക്കഥാകാരി, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, സംവിധായക തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള രോഹിണിക്ക്
1995-ൽ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന തെലുങ്കുചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷാചിത്രങ്ങളിലായി ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രോഹിണി ഇപ്പോൾ ഇരുപത്തേഴ് വയസ്സുള്ള ഒരേ ഒരു മകനോടൊപ്പം ചെന്നൈയിൽ സസുഖം വാഴുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kaloor-dennis-reminisces-actress-rohini-cinema-journey
Published: 29 Jun 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented