മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ് രമ്യ കൃഷ്ണൻ. 'ബാഹുബലി'യിലെ രാജമാതാ ശിവഗാമിയായും 'പടയപ്പ'യിലെ നീലാംബരിയായും ശ്രദ്ധേയമായ താരം ശക്തമായ അഭിനയമികവുകൊണ്ട് ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അടുത്തിടെ 'റോ ടോക്‌സ് വിത്ത് വി.കെ' എന്ന പോഡ്കാസ്റ്റിൽ രമ്യ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സിനിമാലോകത്ത് കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് പറയുകയാണ് താരം. സിനിമയിൽ മാത്രമല്ല, സമൂഹത്തിലെ എല്ലാ മേഖലകളിലും പലതരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും അതിന് ലിംഗവ്യത്യാസമില്ലെന്നും താരം പറഞ്ഞു.

To advertise here,

“എപ്സ്റ്റീൻ ഫയലുകൾ നോക്കൂ. സ്ത്രീകൾക്ക് ഏറെ സ്വാതന്ത്ര്യമുള്ള ഇടങ്ങളിൽപ്പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കെ ഇവിടെ ഇതൊന്നും നടക്കുന്നില്ലെന്ന് എങ്ങനെ പറയാനാകും? ഇത് സംഭവിക്കുന്നുണ്ട്, മുൻപും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കും. എന്നാൽ അത് എങ്ങനെ സംഭവിക്കുന്നു, ഒരാൾക്ക് സമ്മതിക്കാനോ നിരസിക്കാനോ ഉള്ള അവസരമുണ്ടായിരുന്നോ എന്നതിലൊക്കെ കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും”, രമ്യ പറഞ്ഞു.

നിർബന്ധിച്ചോ സ്വന്തം ഇഷ്ടപ്രകാരമോ നിസ്സാരമായ ഇടപെടലുകളിലൂടെയോ പലവിധത്തിൽ ചൂഷണം സംഭവിക്കാമെന്നും രമ്യ ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ മാത്രമല്ല, എല്ലാ തൊഴിൽമേഖലകളിലും ഇത്തരം അനുഭവങ്ങളുണ്ടാകാമെന്നും സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും താരം പറഞ്ഞു.

“നിർബന്ധിച്ചോ സ്വന്തം ഇഷ്ടപ്രകാരമോ ചിലപ്പോൾ വളരെ സ്വാഭാവികമായ ഇടപെടലുകളിലൂടെയോ ഒക്കെ ഇത് സംഭവിക്കാം. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. ആർക്കും നിഷേധിക്കാനാവില്ല. സിനിമ ഒരു ഗ്ലാമർ മേഖലയായതുകൊണ്ടാണ് ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നത്. സിനിമയ്ക്ക് പുറത്തും എത്രയോ സ്ത്രീകൾ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാ മേഖലകളിലും ഇത് സംഭവിക്കുന്നുണ്ട്. ഇപ്പോൾ അതിൽ ലിംഗവ്യത്യാസവുമില്ല. പിന്നെ എങ്ങനെയാണ് ആർക്കെങ്കിലും ഇത് നിഷേധിക്കാനാവുക?”, രമ്യ ചോദിച്ചു.

തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയുമായുള്ള വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോടും രമ്യ പ്രതികരിച്ചു. ഇരുവരും വേർപിരിഞ്ഞിട്ടില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് വ്യത്യസ്ത നഗരങ്ങളിൽ താമസിക്കുന്നതെന്നും താരം വ്യക്തമാക്കി.

രജനീകാന്ത് നായകനായ നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ 2'-വിലാണ് രമ്യ കൃഷ്ണൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi