ഈ വര്‍ഷമാണ് ‘കഹോ നാ പ്യാര്‍ ഹേ’ സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം അരങ്ങേറിയത്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത സിനിമ ബോളിവുഡ് കണ്ട വമ്പൻ ഹിറ്റുകളില്‍ ഒന്നാണ്. ഹൃത്വിക് റോഷന്റേയും അമീഷ പട്ടേലിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ഹൃത്വിക് പിന്നീട് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് വന്നെങ്കിലും അമീഷയുടെ കരിയര്‍ വിചാരിച്ചപോലെ തിളങ്ങിയില്ല. അതിനു ബോളിവുഡിലെ പ്രമുഖരുടെ എതിർപ്പുകൾ ഒരു കാരണമായി. ആദ്യ സിനിമയുടെ പേരില്‍പോലും അമീഷ വിവാദത്തില്‍ പെട്ടിരുന്നു.
നെപ്പോകിഡ്സിന് ബോളിവുഡില്‍ അവസരങ്ങള്‍ സദാ തുറന്നിരിപ്പുണ്ട് എന്നത് പരസ്യമായ കാര്യമാണ്. രാകേഷ് റോഷന്റെ മകനായത് കൊണ്ടാണല്ലോ ഹൃത്വിക് പോലും ‘കഹോ നാ പ്യാര്‍ ഹേ’യിലൂടെ അരങ്ങേറുന്നത്. സിനിമയിലെ നായികയായി ആദ്യം പരിഗണിച്ചത് കപൂര്‍ കുടുംബത്തിലെ അംഗമായ കരീന കപൂറിനെയായിരുന്നു. കരീനയേയും ഹൃത്വിക്കിനെയും ഒരുമിച്ച് ബോളിവുഡില്‍ അരങ്ങേറ്റുക എന്നതായിരുന്നു ഉദ്ദേശം. കരീനയെ മുന്‍നിര്‍ത്തി സിനിമയുടെ ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോകുകയും ചെയ്തു.
പെട്ടെന്ന് എല്ലാം മാറി. കരീനയ്ക്ക് പകരം മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അമീഷ പട്ടേലിനെ രാകേഷ് റോഷന്‍ സിനിമയില്‍ നായികയാക്കി. കരീനയുടെ സിനിമ തെരഞ്ഞെടുപ്പും സാമ്പത്തികകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അമ്മ ബബിത കപൂറായിരുന്നു. ബബിതയും രാകേഷും തമ്മില്‍ വിയോജിപ്പ് വന്നതുകൊണ്ട് കരീന സിനിമ വിടുകയാണ് ഉണ്ടായതെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.
എന്നാല്‍ കരീനയെ രാകേഷ് പറഞ്ഞുവിടുകയായിരുന്നു എന്നാണ് അമീഷ പറയുന്നത്. അഭിപ്രായ വ്യത്യാസം ഉണ്ടായതുകൊണ്ട് കരീനയോട് സിനിമ വിടാന്‍ താന്‍ പറഞ്ഞതായി രാകേഷ് പറഞ്ഞെന്ന് അമീഷ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാകേഷ് കൂടുതലൊന്നും പറഞ്ഞില്ല.
കരീനയാകട്ടെ സിനിമയില്‍ നിന്ന് പുറത്തുപോയതാണോ അതോ പുറത്താക്കിയതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. സിനിമയിലെ അമീഷയുടെ ലുക്കിനെ കളിയാക്കുകയാണ് കരീന ചെയ്തത്. അമീഷയ്ക്ക് പകരം താന്‍ ആ റോള്‍ ചെയ്തിരുന്നെങ്കില്‍ ഹൃത്വിക്കിന്റെ പ്രഭാവം കുറഞ്ഞുപോയേനെ എന്നാണ് കരീന പറഞ്ഞത്. അമീഷയെക്കാള്‍ താന്‍ തിളങ്ങിയേനെ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഹൃത്വിക് സിനിമയുടെ എല്ലാമെല്ലാമായിരുന്നുവെന്നും കരീനയല്ല ആര് അഭിനയിച്ചാലും ഹൃത്വിക്കില്‍ നിന്ന് ശ്രദ്ധ പിടിച്ചുമാറ്റാന്‍ പറ്റില്ലെന്നുമാണ് അമീഷ പ്രതികരിച്ചത്.
പുതുമുഖ നടനുള്ള അക്കൊല്ലത്തെ അവാര്‍ഡുകളെല്ലാം ഹൃത്വിക്കിനായിരുന്നു. ‘റെഫ്യുജി’ എന്ന ചിത്രത്തിലൂടെ അക്കൊല്ലം തന്നെ അരങ്ങേറിയ കരീന മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡുകള്‍ നേടി. പുരസ്‌കാരവേദികളില്‍ നിരാശയാണ് അമീഷയെ കാത്തിരുന്നത്.
‘ആപ് മുഛേ അച്ചേ ലഗ്നെ ലഗെ’ എന്ന സിനിമയില്‍ അമീഷയും ഹൃത്വിക്കും വീണ്ടും അഭിനയിച്ചു. സിനിമ ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി. അമീഷയുടെ പ്രകടനം അങ്ങേയറ്റം വിമര്‍ശിക്കപ്പെട്ടു. പക്ഷേ കരീന-ഹൃത്വിക് ജോഡി ബോളിവുഡില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു.
Published: 09 Jun 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented