സംവിധായകൻ മഹേഷ് ഭട്ടിന്റെ ഭാര്യ, ആലിയ ഭട്ടിന്റെ അമ്മ എന്നീ നിലകളിലാണ് സോണി റസ്ദാൻ ഇന്ന് ഏറെയും അറിയപ്പെടുന്നത്. പക്ഷേ, വർഷങ്ങൾക്കുമുമ്പ് അഭിനയജീവിതത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റിയുണ്ടാക്കിയ വ്യക്തിയായിരുന്നു അവർ. 'സാരംഗ്' പോലുള്ള സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും അവർ അറിയപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. മഹേഷ് ഭട്ടുമായുള്ള വിവാഹത്തിന് ശേഷം തനിക്ക് പെട്ടെന്നെല്ലാം നഷ്ടപ്പെട്ടുവെന്ന് പുതിയ അഭിമുഖത്തിൽ സോണി പറയുന്നു.
"ഞാൻ വിവാഹിതയാകുമ്പോൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അതിനുശേഷം ഒന്നും സംഭവിച്ചില്ല. കേവലം പൂജ്യം. എല്ലാം ഇല്ലാതായതുപോലെയാണ്."- സൂമിനു നൽകിയ അഭിമുഖത്തിൽ സോണി പറഞ്ഞു. 1986-ലാണ് സോണിയും മഹേഷും വിവാഹിതരാകുന്നത്. അപ്പോഴേക്കും താനൊരു നടിയെന്ന നിലയിലുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് സോണി കരുതിയിരുന്നു.
Also Read
എന്തുകൊണ്ടാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന് അവൾ ഭർത്താവിനോട് ചോദിച്ചപ്പോൾ, ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. "നിന്റെ ഭാര്യക്ക് ജോലി ചെയ്യേണ്ടതുണ്ടോ? അവൾ വിവാഹിതയല്ലേ?" എന്നാണ് ആളുകൾ തന്നോട് ചോദിക്കുന്നതെന്നായിരുന്നു മഹേഷ് ഭട്ടിന്റെ മറുപടി.
വിവാഹശേഷം സ്ത്രീകൾ ജോലി ഉപേക്ഷിക്കണമെന്ന് കരുതുന്ന ഈ ചിന്താഗതി സോണിക്കന്ന് പരിചിതമായിരുന്നില്ല. "എനിക്ക് അതൊരു അന്യമായ ആശയമായിരുന്നു. ആ ചിന്താഗതിയിൽ നിന്നോ മനസ്സിൽ നിന്നോ അല്ല ഞാൻ വന്നത്. അക്കാലത്ത് ധാരാളം ആളുകൾ അങ്ങനെയായിരുന്നു"-അവർ പറഞ്ഞു.
പല നടിമാരും തങ്ങളുടെ കരിയറിന്റെ പീക്കിൽ വിവാഹം വൈകിപ്പിക്കുകയോ അല്ലെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തതിന്റെ കാരണം ഇതുതന്നെയാണെന്നും അവർ പറഞ്ഞു. വിവാഹത്തെ സ്ത്രീകളുടെ കരിയറിന്റെ അവസാനമായിട്ടാണ് ഇൻഡസ്ട്രി കണക്കാക്കിയത്.
"അതുകൊണ്ടാണ് നടിമാർ സമയം എടുത്തതും നേരത്തെ വിവാഹം കഴിക്കാതിരുന്നതും. എന്നാൽ ഞാൻ പ്രണയത്തിലായിരുന്നു. എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു."-അവർ പറഞ്ഞു. സിനിമകളിൽ ആധിപത്യം പുലത്തുന്ന പുരുഷ കാഴ്ചപ്പാടിനെ പിതൃമേധാവിത്വമെന്നാണ് അവർ വിശേഷിപ്പിച്ചത്.
"നിങ്ങൾ സിനിമകളിലാണ്. രണ്ടര മണിക്കൂർ ആളുകൾ നിങ്ങളെ കാണാൻ പോകുന്നു. കാണാൻ കൊള്ളാവുന്ന എന്തെങ്കിലും, അവർ നോക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യുന്നതാണ് നല്ലത്. എന്നാൽ അതിനർത്ഥം നിങ്ങൾക്ക് ഒരു ബന്ധം പാടില്ല എന്നല്ല."- സോണി പറഞ്ഞു.
നെറ്റ്ഫ്ലിക്സിന്റെ 'ഷാക്: ട്രസ്റ്റ് നോ വൺ' (Shaque: Trust No One) എന്ന ഷോയിലെ ഒരു പ്രധാന കഥാപാത്രത്തെ സോണി അവതരിപ്പിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 Sept 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented