'ഡ്രാഗൺ' സിനിമയ്ക്കായി ജൂനിയർ എൻ.ടി.ആറിന്റെ ട്രോൻസ്ഫോമേഷൻ ഞെട്ടിക്കുന്നതായിരുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ. സിനിമയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നതേയുള്ളൂ, എങ്കിലും ആരാധകർക്കിടയിൽ, ഇതിനകം തന്നെ അത് വലിയ ചർച്ചയായിക്കഴിഞ്ഞു.

മേയ് 20-ന് ജൂനിയർ എൻ.ടി.ആറിന്റെ ജന്മദിനത്തോടനുബന്ധിച്ച്, അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ വേറിട്ട ലുക്ക് കണ്ട് ആരാധകർ ആവേശഭരിതരായി. ഇപ്പോഴിതാ, ഈ ലുക്ക് സ്വന്തമാക്കാൻ താരം എത്രത്തോളം സമർപ്പണബോധം കാണിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ, കഥാപാത്രത്തിനായി ജൂനിയർ എൻ.ടി.ആർ നാല് മാസത്തിനുള്ളിൽ ഏകദേശം 15 കിലോയോളം ഭാരം കുറച്ചതായി സംവിധായകൻ പങ്കുവെച്ചു.

മസിൽ മാസ് കുറച്ചതെങ്ങനെ?

ഈ വർഷം ആദ്യം, ജൂനിയർ എൻ.ടി.ആറിന്റെ ട്രെയിനറായ കുമാർ മന്നവ, നടൻ തന്റെ ശരീരത്തിലെ 9.5 കിലോ മസിൽ മാസ് എങ്ങനെ കുറച്ചുവെന്ന് പങ്കുവെച്ചിരുന്നു. വെറുതെ ശരീരഭാരം കുറയ്ക്കുക എന്നതിലുപരി, കൂടുതൽ മെലിഞ്ഞതും വഴക്കമുള്ളതുമായ (lean and agile) ശരീരം കൈവരിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡെക്കാൻ ക്രോണിക്കിളിനോട് ട്രെയിനർ വെളിപ്പെടുത്തി.

അതിനായി ജൂനിയർ എൻ.ടി.ആറിർ ദിനചര്യകളിൽ വലിയ മാറ്റങ്ങൾ വരുത്തി. മസിൽ നിർമ്മാണ വ്യായാമങ്ങൾക്ക് പകരം ഫങ്ഷണൽ മൂവ്‌മെന്റുകൾ, കാർഡിയോ വ്യായാമങ്ങൾ, മിതമായ രീതിയിലുള്ള റെസിസ്റ്റൻസ് ട്രെയിനിംഗ് എന്നിവയിലേക്ക് മാറി. കാർഡിയോ ആണോ സ്ട്രെങ്ത് ട്രെയിനിംഗ് ആണോ എന്നതിനെ ആശ്രയിച്ച് 45 മുതൽ 90 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന അതിരാവിലെയുള്ള സെഷനുകളായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യയിൽ ഉണ്ടായിരുന്നത്.

ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. മസിൽ കൂട്ടാൻ ഉപയോഗിക്കുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന് പകരം, പ്രോട്ടീൻ കുറഞ്ഞ ഭക്ഷണമാണ് കഴിച്ചതെന്ന് ട്രെയിനർ കുമാർ മന്നവ വെളിപ്പെടുത്തി.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തങ്ങൾ ഒരു ലുക്ക് ടെസ്റ്റ് നടത്തിയിരുന്നതായി പ്രശാന്ത് ഓർമ്മിക്കുന്നു. അത് പരിശോധിച്ചപ്പോൾ, കഥാപാത്രത്തിന് നടൻ ഒന്നുകൂടി മെലിഞ്ഞാൽ നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും ശരീരഭാരത്തിൽ ചെറിയൊരു മാറ്റം വരുത്താൻ നിർദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. "ഒരു കൊലയാളിയുടെ (assassin) വേഷത്തിനായി കുറച്ചുകൂടി മെലിഞ്ഞാൽ അത് നന്നായിരിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു."എന്നാൽ ആ ഒരു ചെറിയ നിർദ്ദേശം പ്രതീക്ഷിച്ചതിലും വലിയൊരു മാറ്റത്തിലേക്കാണ് നയിച്ചത്.

"അടുത്ത നാല് മാസത്തേക്ക് അദ്ദേഹം ചിത്രീകരണങ്ങളിൽ നിന്നൊക്കെ മാറിനിന്നു, ഒരു ഘട്ടത്തിൽ അദ്ദേഹം 15 കിലോയോളം ഭാരം കുറച്ചു. ശരീരം വല്ലാതെ മെലിയാനും വിളറാനും തുടങ്ങിയപ്പോൾ പലതവണ ഞാൻ അദ്ദേഹത്തോട് ഇത് നിർത്താൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം നിർത്തിയില്ല," പ്രശാന്ത് നീൽ പങ്കുവെച്ചു. കഥാപാത്രത്തിനായി ജൂനിയർ എൻ.ടി.ആർ ഇത്രയധികം കഷ്ടപ്പെടുന്നത് കാണാൻ പ്രയാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi