മീരാ ജാസ്മിന്‍ എന്ന വ്യക്തിയിലും നടിയിലും കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കടന്നുപോയ നാളുകള്‍ ഓരോ പാഠങ്ങളായിരുന്നു. കലയിലും ജീവിതത്തിലും പുതിയ അറിവും അനുഭവവും അവ സമ്മാനിച്ചു. കൂടുതല്‍ ആര്‍ദ്രതയോടെ ലോകത്തെ കാണാന്‍, കൂടുതല്‍ സ്‌നേഹത്തോടെ മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍, അകലങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍, അഭിനയത്തില്‍ സ്വയം സമര്‍പ്പിക്കാന്‍, പല കഥാപാത്രങ്ങളിലൂടെ അനവധി ജീവിതം ജീവിക്കാന്‍... ആ പ്രകാശം മറ്റുള്ളവരിലേയ്ക്ക് പകരാനാണ് മീര ആഗ്രഹിക്കുന്നത്. സിനിമയിലേയ്ക്കുള്ള ഈ മടക്കം മീരയ്ക്ക് കലയോടും ജീവിതത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തിന്റെ ആഴമേറിയ പ്രകാശനമാണ്. സിനിമയ്ക്കിത് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനയപ്രതിഭയുടെ മടങ്ങിവരവ്.    

2001 ല്‍ 'സൂത്രധാര'നില്‍ അഭിനയിച്ച ശേഷം തിരികെ പോകണമെന്നും പഠിച്ച് ഡോക്ടറാകണമെന്നുമായിരുന്നു മീരയുടെ മനസ്സില്‍. പക്ഷേ മീര പോലുമറിയാതെ സിനിമ അവരെ പൊതിഞ്ഞു.  പോകെപ്പോകെ മലയാളം കടന്ന് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്ക് മീര പടര്‍ന്നു. ഭാഷയുടെ വരമ്പുകള്‍ ഭേദിച്ച് മികച്ച കഥാപാത്രങ്ങളിലൂടെ അവര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നെ, കുറച്ചു വര്‍ഷങ്ങളുടെ ഇടവേള. 2022 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് മടങ്ങിയെത്തി. ഒപ്പം തെലുഗില്‍ ഹിറ്റായ 'വിമാനം' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ തിരിച്ചുവരവ് അറിയിച്ചു. ഇപ്പോഴിതാ പ്രദര്‍ശനത്തിനൊരുങ്ങുന്ന 'ക്വീന്‍ എലിസബത്തി'ലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ സജീവമാകുന്നു.  മീര അഭിനയമല്ലാതെ മറ്റൊരു ജീവിതം സാധ്യമല്ലെന്ന് തിരിച്ചറിയുന്നു. ''എല്ലാം ദൈവനിശ്ചയമാണ്...'' എന്നുമാത്രമാണ് അതേക്കുറിച്ച് മീര പറയുന്നത്.  

എന്തുകൊണ്ട് 'ക്വീന്‍ എലിസബത്ത് '?
ഒരുപാട് കഥകള്‍ കേട്ടുമടുത്തു. വ്യത്യസ്തതയുള്ള കഥാപാത്രം വരുമ്പോള്‍ ചെയ്യാമെന്നാണ് കരുതിയത്. പക്ഷേ, എനിക്കൊരു ഡ്രൈവ് കിട്ടുന്ന കഥാപാത്രമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഷൂട്ടിങ്ങിന് പോകാനും ക്യാമറക്കു മുന്നില്‍ പെര്‍ഫോം ചെയ്യാനും എക്‌സൈറ്റ്‌മെന്റ് നല്‍കുന്നത്. അതിനാണ് കാത്തിരുന്നത്. 'ക്വീന്‍ എലിസബത്ത്' വന്നപ്പോഴും അന്വേഷിച്ചത് അതാണ്. വളരെ ആസ്വദിച്ച് തന്നെയാണ് എലിസബത്ത് ചെയ്തത്.  നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. ബാക്കി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

placeholder
ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിന്‍


 
ഈ സിനിമയിലേക്കെത്തിയത് എങ്ങനെയാണ്.?
ഈ സിനിമയിലേക്കെത്തിയത് സഹോദരി ജെനി വഴിയാണ്. ചേച്ചിയാണ് കഥ ആദ്യം കേട്ടതും തിരക്കഥ വായിച്ചതും. എനിക്കു ചെയ്യാന്‍ പറ്റുന്ന വേഷമാണെന്ന് ചേച്ചി ഉറപ്പിച്ചു പറഞ്ഞു. കഥ വായിച്ചപ്പോള്‍ എന്റെ പല കഥാപാത്രങ്ങള്‍ ഓര്‍മ വന്നു എന്നെല്ലാം പറഞ്ഞു. ഇതൊക്കെ കുറേ കേട്ടതായത് കൊണ്ട് ഞാനില്ലെന്നാണ് ആദ്യം പറഞ്ഞത്. അപ്പോഴും എനിക്കത്ര വിശ്വാസം വന്നില്ല. കഥ കേട്ടേ പറ്റൂ എന്ന്  ചേച്ചി നിര്‍ബന്ധം പിടിച്ചപ്പോഴാണ് യെസ് പറഞ്ഞത്. ഞാനന്ന് യു.എസിലാണ്. പിന്നെ സംവിധായകന്‍ പദ്മകുമാര്‍ സര്‍, തിരക്കഥാകൃത്ത് അര്‍ജുന്‍.ടി. സത്യന്‍, നിര്‍മാതാക്കളായ ശ്രീറാം, രഞ്ജിത്ത് എന്നിവരുമായി സൂം മീറ്റിങ്ങിലാണ് ഈ സിനിമയെക്കുറിച്ച് സംസാരിച്ചത്. നന്നായി പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രമാണ് എലിസബത്ത് എന്ന് തോന്നി. റൊമാന്റിക് കോമഡിയാണ്. ഒരുപാട് ചിരിക്കാനുണ്ട്. എലിബസത്ത് ടൈറ്റില്‍ റോളാണ്. കുറച്ചുകൂടി ഉത്തരവാദിത്വമുണ്ട്.  ഒരുപാട് വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനി ഞാന്‍ കുറച്ചുകൂടി ഫോക്കസ് ചെയ്യണം. വളരെ ആഴമുള്ള നല്ല കഥാപാത്രങ്ങള്‍  ചെയ്യാനാണ് ശ്രമം.

ഏറെക്കാലത്തിന് ശേഷം നരേനുമൊത്ത് വീണ്ടും.ആ സൗഹൃദത്തെ പറ്റി...
 സിനിമയിലെ നല്ല സുഹൃത്തുക്കളിലൊരാളാണ് നരേന്‍. ഞാന്‍ താമസിക്കുന്നത് ദുബായിലാണ്. നരേന്‍ അവിടെ വന്നിരുന്നു. 'ക്വീന്‍ എലിസബത്തി'ന്റെ ഷൂട്ടിങ്ങ് ശരിക്കും ഒരു കൂട്ടുകാരന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഫീലായിരുന്നു. ഞാന്‍ നന്നായി ചെയ്യണമെന്ന് എന്നേക്കാള്‍ ആഗ്രഹിച്ചത് നരേനാണ്. എപ്പോഴും സപ്പോര്‍ട്ട് ചെയ്യും. പോസിറ്റീവായി മുന്നോട്ടു നയിക്കുന്ന ഒരാള്‍. ഞങ്ങളൊരുമിച്ചുള്ള നാലാമത്തെ സിനിമയാണ്. 'അച്ചുവിന്റെ അമ്മ' മുതലുള്ള ഓര്‍മകളുണ്ട്. അന്ന് ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച തമാശകളൊക്കെ പറഞ്ഞ് കുറേ ചിരിച്ചു. നല്ല രസമായിരുന്നു.  

ഇത്ര വര്‍ഷങ്ങള്‍ കൊണ്ട് രണ്ടുപേര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ വന്നു?
നരേന്‍ അന്നുമിന്നും ഒരുപോലെയാണ്.  എനിക്കു പ്രത്യേകിച്ചൊരു മാറ്റവും തോന്നിയില്ല. പക്ഷേ എനിക്കൊരുപാട് മാറ്റമുണ്ടെന്ന് നരേന്‍ പറയുന്നു.  ശരിയാണ് ഞാന്‍ ഒരുപാട് മാറി. ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ ലോകത്തെ കാണുന്നത് ഒരു പുതിയ മീരയായാണ്. ആ കാഴ്ച എന്നെ ആനന്ദിപ്പിക്കുന്നുണ്ട്. ആ സന്തോഷം പ്രേക്ഷകരിലേയ്ക്കും പകരാനാകുമെന്ന് കരുതുന്നു.

തിരക്കഥ തിരഞ്ഞെടുക്കുന്നതെങ്ങനെയാണ്?

തിരക്കഥ കേള്‍ക്കാനൊരു ടീമുണ്ട്. ആ ടീമില്‍ ചേച്ചി ജെനിയുമുണ്ട്. നല്ല സ്റ്റോറി സെന്‍സുള്ളയാളാണ് ജെനി. പലരുടെ അഭിപ്രായങ്ങള്‍ കേട്ട് കഥാപാത്രത്തെ കൂടുതല്‍ നന്നാക്കാന്‍ സാധിക്കും. എത്ര ശ്രദ്ധിച്ചാലും ചെറിയ പാളിച്ചകളുണ്ടാകും. ഒരു സ്‌ക്രിപ്റ്റ് കേട്ടു കഴിഞ്ഞ് എല്ലാവരും കാഴ്ചപ്പാടുകള്‍ പങ്കുവെക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. ടീമായി വര്‍ക്ക് ചെയ്യുമ്പോള്‍ കുറച്ചു കൂടി നല്ല റിസല്‍ട്ട് കിട്ടും. 

ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് വന്നപ്പോള്‍ എന്ത് മാറ്റമാണ് അനുഭവപ്പെട്ടത്?
മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രി എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.  ഓരോ സെറ്റിലും മാറ്റങ്ങളുണ്ട്. ഓരോ കഥാപാത്രത്തെയും വിശദമായി അനലൈസ് ചെയ്താണ് ഇപ്പോള്‍ ഷൂട്ടിങ്ങിലേക്ക് കടക്കുന്നത്. വളരെ സന്തോഷം തോന്നുന്ന കാര്യമാണത്.

പഴയകാലത്തേക്ക് തിരിച്ചുപോകാന്‍ അവസരം കിട്ടിയാല്‍ ജീവിതത്തിന്റെ ഏത് ഘട്ടം തെരഞ്ഞെടുക്കും?
ഏതായിരിക്കും? ഞാനിതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എന്നാലും സ്‌കൂള്‍കാലത്തേക്കു പോകാന്‍ ഞാനില്ല. ഇനി പഠിക്കാനൊന്നും വയ്യ. സ്‌കൂളില്‍ പോകാന്‍ എന്തുമടിയായിരുന്നു. പക്ഷേ കൂട്ടുകാരെ ഓര്‍ക്കുമ്പോള്‍ അതൊരു നല്ല കാലമാണ്. അന്നത്തെ കൂട്ടുകാരാണ് ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.
 
ചില സിനിമകളില്‍ ഒരേ സമയം കുട്ടിത്തമുള്ള കഥാപാത്രവും തികഞ്ഞ പക്വതയുള്ള കഥാപാത്രവും. ഇതെങ്ങനെ ബാലന്‍സ് ചെയ്യുന്നു?
 ഞാന്‍ വളരെ കുട്ടിത്തമുള്ളയാളാണ്. എപ്പോഴും കുട്ടിക്കളിയാണെന്ന് എല്ലാവരും പറയും. അതു പണ്ടും ഇപ്പോഴും ഒക്കെ അങ്ങനെ തന്നെ. അതുപോലെയാണ് പക്വതയുടെ കാര്യവും. വേണ്ടിടത്ത് ഇതു രണ്ടും കടന്നു വരും. എപ്പോഴും പോസിറ്റീവ് ആയിരിക്കുക, സന്തോഷമായിരിക്കുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
 
പിന്നീട് സ്വന്തം സിനിമകള്‍ കാണുമ്പോള്‍ നന്നാക്കാമായിയിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
ഒരുപാടുണ്ട്. ചിലത് ചെയ്യേണ്ടായിരുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. ചിലത് കൂടുതല്‍ നന്നാക്കാമായിരുവെന്ന് തോന്നി. ചില കഥാപാത്രങ്ങളില്‍ അഭിമാനിക്കുന്നു. ചെയ്ത ഓരോ കഥാപാത്രവും വളരെ വ്യത്യസ്തമായിരുന്നു. അതൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.

placeholder
ഉര്‍വശിക്കൊപ്പം

ഉര്‍വശി, രേവതി തുടങ്ങി സീനിയര്‍ ആയ നടിമാരുടെ കൂടെ നായികയായി അഭിനയിച്ചിട്ടുണ്ട്... കൂടുതല്‍ വിസ്മയിപ്പിച്ചതാര്?
ഇവരുടെയൊക്കെ ഫാനാണ് ഞാന്‍.  ഉര്‍വശിച്ചേച്ചിയാണ് എന്നെ കൂടുതല്‍ വിസ്മയിപ്പിച്ചത്. 'അച്ചുവിന്റെ അമ്മ'യില്‍ ഞാനും ചേച്ചിയും മുഴുവന്‍ സമയവും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ട് ചേച്ചിയുടെ റേഞ്ച് അടുത്തു നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതു റേഞ്ചും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള അഭിനേത്രിയാണവര്‍. 'കിലുക്കം' ഒക്കെ കണ്ട കാലത്ത് രേവതിച്ചേച്ചിയുടെ ഫാനായിരുന്നു. അഭിനേതാക്കളെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഓരോരുത്തരും വ്യത്യസ്തരാണ്.

'കസ്തൂരിമാന്‍', 'പെരുമഴക്കാലം', 'പാഠം ഒന്ന് ഒരുവിലാപം', 'അച്ചുവിന്റെ അമ്മ', 'ഒരേ കടല്‍' അങ്ങനെ ഒരുപാട് മികച്ച കഥാപാത്രങ്ങളുണ്ട്, അഭിനയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളിച്ച കഥാപാത്രമേതാണ്?

ഓരോന്നും വ്യത്യസ്ത ഴോണറിലുള്ള സിനിമകളായിരുന്നല്ലോ. എന്നാലും 'കസ്തൂരിമാനി'ലെ പ്രിയംവദയാണ് കൂടുതല്‍ സ്‌ട്രെയിന്‍ചെയ്ത് അഭിനയിച്ചത്. അതിലൊരു വേദന ഉണ്ടായിരുന്നു. പ്രിയംവദയുടെ അഭിനയത്തിന് പല ലെയറുകളുണ്ട്. അതിന്റെ കയറ്റിറക്കങ്ങള്‍, ആ ഗ്രാഫ്, അതിലൂടെ കടന്നു പോകുന്നത് വിഷമകരമായിരുന്നു. ഇനി ഒരിക്കല്‍ കൂടി ആ സിനിമ പൂര്‍ണമായി കാണാന്‍ പോലുമാകില്ല.   വേറൊരു സോണിലാണ് 'ഒരേ കടലി'ലെ ദീപ്തിയുടെ ജീവിതം. അങ്ങനെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്.


 ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പ്രിയംവദയാണോ?
എല്ലാ കഥാപാത്രങ്ങളോടും ഇഷ്ടമുണ്ടെങ്കിലും പ്രിയംവദയോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. പ്രിയംവദയോട് എപ്പോഴും സിംപതിയാണ്.വല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് വിഷമങ്ങളുള്ള പാവം കുട്ടി. ഞാന്‍ ആദ്യം സ്‌ക്രീനിലെത്തിയ കഥാപാത്രമായിരുന്നതുകൊണ്ട് 'സൂത്രധാരനി'ലെ ശിവാനിയും പ്രിയപ്പെട്ടതാണ്. 'ഒരേകടലി'ലെ ദീപ്തി, 'പാഠം ഒന്ന് ഒരു വിലാപ'ത്തിലെ ഷാഹിന അങ്ങനെ ഓരോന്നും  പ്രിയപ്പെട്ടതാണ്.

placeholder
കസ്തൂരിമാനില്‍ കൊച്ചിന്‍ ഹനീഫയ്‌ക്കൊപ്പം


 
മീരാജാസ്മിനുമായി ഏറെ സാമ്യമുള്ള കഥാപാത്രം?
എല്ലാ കഥാപാത്രത്തിലും എന്റെ ചെറിയ സ്വഭാവ സവിശേഷത കളൊക്കെയുണ്ട്. പക്ഷേ ഇതുവരെ ചെയ്തതില്‍ കൂടുതല്‍ സാമ്യമുള്ളത് 'എലിസബത്ത് 'തന്നെ. ചേച്ചി തിരക്കഥ വായിച്ചിട്ട് ആദ്യം പറഞ്ഞതും അതാണ്. എന്നെപ്പോലെ തന്നെയാണെന്ന്. ഡിസിപ്ലിന്‍, വൃത്തി, ഹെല്‍ത്ത് കോണ്‍ഷ്യസ്‌നെസ്്, പ്രതികരിക്കുന്ന രീതി ഇതൊക്കെ എനിക്കും എലിസബത്തിനും ഒരേപോലെയാണ്. 
 
നടിയായില്ലെങ്കില്‍?
ഡോക്ടറാകുമായിരിക്കും. ഫങ്ഷണല്‍ മെഡിസിനോടാണ് എനിക്കിഷ്ടം. ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ് ഞാന്‍. എല്ലാവര്‍ക്കും ഹെല്‍ത്ത് ടിപ്പ്‌സ് ഒക്കെ കൊടുക്കും. ചില്ലറ ഉപദേശങ്ങളൊക്കെ കൊടുക്കാന്‍ ഇഷ്ടമാണ്.  

placeholder
മകള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയറാം, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവര്‍ക്കൊപ്പം

സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ശ്യാമപ്രസാദ്, ടി.വി.ചന്ദ്രന്‍, മികച്ച സംവിധായകര്‍ക്കൊപ്പം കരിയറിലെ ബെസ്റ്റ് സിനിമകള്‍. ഓരോരുത്തരെയും എങ്ങനെ വിലയിരുത്തുന്നു?
ലോഹിയങ്കിളിന്റേത് ശക്തമായ എഴുത്തായിരുന്നു. അങ്കിളിന്റെ കൂടെ കരുത്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. സെറ്റില്‍ കര്‍ക്കശക്കാരനായിരുന്നു. വഴക്കൊക്കെ പറയും. അങ്കിളിനെ ഗുരുനാഥനായാണ് കാണുന്നത്. പിന്നെ, ടി.വി. ചന്ദ്രന്‍ സാര്‍. അദ്ദേഹം ശരിക്കുമൊരു സുഹൃത്താണ്. ഒരുപാട് അവാര്‍ഡുകളൊക്കെ കിട്ടിയ ആളാണ്, വളരെ സീരിയസായിരിക്കും എന്നൊക്കെയാണ് തോന്നുക. പക്ഷേ, അങ്ങനെയൊന്നുമല്ല. വളരെ നല്ല വ്യക്തിയാണദ്ദേഹം.
പിന്നെ സത്യനങ്കിള്‍, എന്റെ കുടുംബമാണ്. അങ്കിളിന്റെ മക്കള്‍ അഖിലും, അനൂപും എന്റെ സുഹൃത്തുക്കളാണ്. അന്തിക്കാട് ഫാമിലി എന്നാല്‍ വീട്ടിലേയ്ക്ക് ചെല്ലുന്ന അനുഭവമാണ്. തമാശ, സന്തോഷം ഇതൊക്കെയാണ് സത്യനങ്കിളിന്റെ സെറ്റ്. ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതും അങ്കിളിനൊപ്പമാണ്. ഞാന്‍ അങ്കിളിന്റെ ടീമാണെന്നാണ് പറയുക.
വളരെ ഡീസന്റ് ഫിലിം മേക്കര്‍, അതാണ് ശ്യാമപ്രസാദ് സാര്‍. സാറിന്റെ സെറ്റില്‍ വേറൊരു സംസാരവുമില്ല. സിനിമ, കഥാപാത്രം ഇതുമാത്രമാണ് സംസാരിക്കുക. 

അഭിനയത്തിനപ്പുറം തിരക്കഥ, സംവിധാനം എന്നീ ഏതെങ്കിലും മേഖലയില്‍ താത്പര്യം തോന്നിയിട്ടുണ്ടോ?
ഇപ്പോഴില്ല. തിരക്കഥ പറ്റില്ല. സംവിധാനം ചെയ്യാന്‍ പറ്റുമെന്നും തോന്നുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അത് മാനേജ് ചെയ്യാന്‍ എനിക്കു കഴിയുമോ എന്ന് സംശയമുണ്ട്.  തമാശയ്ക്ക് ചിന്തിക്കാറുണ്ട്, സംവിധാനം ചെയ്താലോ എന്ന്.

ബയോപിക് ചെയ്താല്‍ ആരാകണമെന്നാണ് ആഗ്രഹം?

ബയോപിക്... ആരാകും? ഇതുവരെ ചിന്തിച്ചിട്ടില്ല. പക്ഷേ, ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പണ്ട് ലോഹിയങ്കിള്‍ പറയുമായിരുന്നു എനിക്ക് മാധവിക്കുട്ടിയെ ചെയ്യാന്‍ കഴിയുമെന്ന്. അവരുടെ ഇന്‍ര്‍വ്യൂ ഒക്കെ കണ്ടിട്ടുണ്ട്. ആ സംസാര രീതി വലിയ ഇഷ്ടമാണ്. പക്ഷേ, ആ ജീവിതം സിനിമയായിക്കഴിഞ്ഞു. എന്നെത്തേടി വരാനിരിക്കുന്നത് മറ്റൊന്നായിരിക്കും.  

placeholder
സംവിധായകന്‍ ലോഹിതദാസിനൊപ്പം

പുതിയ പ്രൊജക്ടുകള്‍?
മലയാളത്തില്‍ അടുത്ത സിനിമ വൈകാതെ അനൗണ്‍സ് ചെയ്യും. തമിഴില്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, നയന്‍താര എന്നിവര്‍ക്കൊപ്പമുള്ള സിനിമ 'ടെസ്റ്റ്' വരുന്നുണ്ട്. വലിയൊരു പ്രൊജക്ടാണത്. ക്രിക്കറ്റ് ബേസ്ഡ് ആയ ഡ്രാമാ ത്രില്ലര്‍. നല്ല ടീമാണ്. നിര്‍മാതാവ് കൂടിയായ ശശികാന്താണ് സംവിധായകന്‍.  തെലുങ്കിലും പുതിയ സിനിമ വരുന്നുണ്ട്. ഹസിത് ഗോളി എന്ന യുവ സംവിധായകന്റെ സിനിമ. 

'ടെസ്റ്റി'ല്‍ നയന്‍താരയുമുണ്ടല്ലോ, രണ്ടുപേരും തിരുവല്ലക്കാരല്ലേ?
ഒരേ നാട്ടുകാരാണെങ്കിലും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. നയന്‍താര എന്റെ  കസിന്റെയൊപ്പം തിരുവല്ല മര്‍ത്തോമ കോളേജില്‍ പഠിച്ചിട്ടുണ്ട്. സെറ്റില്‍ നല്ല രസമായിരുന്നു. ഞങ്ങള്‍ തിരുവല്ലയിലെ നാട്ടുവിശേഷങ്ങളൊക്കെ പറയും.