
തൃശ്ശൂര്‍ പറവട്ടാനിയിലെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിലേക്ക് കടക്കുമ്പോള്‍ തന്നെ കേട്ടു, അകത്ത് കുഞ്ഞു മാത്തുവും അമ്മയും തമ്മിലുള്ള അങ്കം. നാളെ മാത്തുവിന് സ്‌കൂളില്‍ ലളിത ഗാനമത്സരമാണ്. അതിനായുള്ള ഒരുക്കത്തിലാണ് മാത്തുവെന്ന മൈത്രേയി. അമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയതൊന്നും മനസ്സിലായിട്ടില്ലെങ്കിലും, വീട്ടില്‍ വന്നവരെ സ്‌നേഹത്തോടെ അകത്തേക്ക് സ്വീകരിച്ചു ആ തുമ്പിക്കുഞ്ഞ്. അതിനുപിന്നാലെ തന്നെ മാത്തുവിന്റെ അമ്മയുമെത്തി, മലയാളികളുടെ പ്രിയഗായിക മൃദുല വാര്യര്‍.
കുടുംബസമേതം ഒരു ഫോട്ടോ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. ഫ്‌ളാറ്റിനു താഴെയുള്ള പുല്‍ത്തകിടിയിലൂടെ മാത്തുവിന്റെ കൈപിടിച്ച് മൃദുലയും ഭര്‍ത്താവ് അരുണും നടന്നു. ഫോട്ടോഷൂട്ടിനുശേഷം മൃദുല സംസാരിക്കാനിരുന്നു. അവാര്‍ഡിനെക്കുറിച്ചായിരുന്നു സംസാരിച്ചുതുടങ്ങിയത്. 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ മയില്‍പ്പീലി ഇളകുന്നു എന്ന പാട്ടിനാണ് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മൃദുലയ്ക്ക് ലഭിച്ചത്.
''ഒരു പെപ്പി ഡാന്‍സ് നമ്പറാണീ പാട്ട്. ഒപ്പം സെമി ക്ലാസിക്കലുമാണ്. കുറച്ച് ചാലഞ്ചിങ് ആയിട്ടുള്ള പാട്ട്. പാടാന്‍ പറ്റുമായിരിക്കും, ശ്രമിച്ചുനോക്കാമെന്ന് കരുതിയാണ് റെക്കോര്‍ഡിങ്ങിന് പോവുന്നത്. പക്ഷേ എത്ര പാടിയിട്ടും ആ ഫീല്‍ പൂര്‍ണമായിട്ടും വരുന്നില്ല. എനിക്ക് പാടി ഫലിപ്പിക്കാന്‍ പറ്റുമോയെന്ന് സംശയവുമായി. ജയചന്ദ്രന്‍ സാറിനെ പോലുള്ളൊരു വലിയ മനുഷ്യന്റെ സമയം പാഴാക്കുകയാണല്ലോ എന്ന് മനസ്സില്‍ തോന്നാനും തുടങ്ങി. അങ്ങനെ സാറിനോട് പറഞ്ഞു: ''ഇത് നല്ലൊരു പാട്ടാണ്. പക്ഷേ, എനിക്കിത് അത്ര ഭംഗിയില്‍ പാടാന്‍ പറ്റുന്നില്ല. എന്താണ് പ്രശ്‌നമെന്ന് അറിയില്ല. സാറിന്റെ സമയം വെറുതെ കളയുന്ന കാര്യമോര്‍ക്കുമ്പോള്‍ വിഷമവുമുണ്ട്. അതുകൊണ്ട് ഞാന്‍ ക്വിറ്റ് ചെയ്യട്ടെ?'' അദ്ദേഹം കുറച്ചുസമയത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു: ''മൃദൂന്റെ ടാലന്റില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടാണ് പാടാന്‍ വിളിച്ചത്.'' അതിനുശേഷം സാര്‍ കുറേപ്പേരുടെ ഇന്‍സ്പയറിങ് കഥകളൊക്കെ പറഞ്ഞുതന്നു. പാടേണ്ടെന്ന് വെച്ച് തിരിച്ചുപോയി, വീണ്ടും വന്ന് മനോഹരമായി പാടിപ്പോയവരുടെ കഥകളും മറ്റും. അതുകഴിഞ്ഞ് പാടിയപ്പോള്‍ ഓക്കെയാവുകയും ചെയ്തു. എങ്കിലും അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ എന്നേക്കാള്‍ സന്തോഷം കുടുംബത്തിനായിരുന്നു.''

ആദ്യപാട്ട് ബിഗ് ബിയില്‍
''ബി.ടെക്കിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അതില്‍ ജഡ്ജായിരുന്നു അല്‍ഫോണ്‍സ് സാര്‍. ശരിക്കും എനിക്ക് ഗുരുതുല്യനാണ് അദ്ദേഹം. സാര്‍ സംഗീതസംവിധാനം ചെയ്ത 'ബിഗ് ബി'യില്‍ ഒരു പാട്ടുകിട്ടി. അതുകഴിഞ്ഞ് പഠനത്തില്‍ തന്നെ ശ്രദ്ധിച്ചു. സിനിമയില്‍നിന്ന് അധികം അവസരങ്ങളൊന്നും വന്നതുമില്ല. കോഴ്‌സ് കഴിഞ്ഞപ്പോള്‍ സംഗീത റിയാലിറ്റി ഷോയായ 'ഐഡിയ സ്റ്റാര്‍സിങ്ങറി'ല്‍ പങ്കെടുത്തു. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും താത്പര്യം അനുസരിച്ചാണ് അതില്‍ പങ്കെടുക്കുന്നത്. അന്ന് സത്യത്തില്‍ എനിക്ക് ഉപരിപഠനത്തിന് പോകണമെന്ന പ്ലാനായിരുന്നു. സിനിമയില്‍ സജീവമാവണമെന്ന ആഗ്രഹമൊക്കെ ഉണ്ടെങ്കിലും, അവിടെ എത്തിപ്പെടാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നുള്ള ചിന്തയായിരുന്നു. കാരണം ഈ മേഖലയിലേക്കുള്ള വഴികാണിച്ചുതരാന്‍ ആരുമില്ല. അങ്ങനെ സിനിമ എന്ന മോഹം മനസ്സില്‍നിന്ന് എടുത്തുകളയുകയായിരുന്നു. പഠിച്ച് ജോലി നേടണം, അതിനൊപ്പം പാട്ടും കൊണ്ടുപോവാമെന്ന് കരുതി.
എന്നാല്‍, ഷോയ്ക്കിടയില്‍ തന്നെ ശരത് സാര്‍ സംഗീതസംവിധാനം ചെയ്ത 'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയില്‍ അവസരം കിട്ടി. ഷോ കഴിഞ്ഞപ്പോഴേക്കും വേറെ സിനിമകളിലേക്കുള്ള കുറേ അവസരങ്ങള്‍ വന്നു. അതിനൊപ്പം ലൈവ് ഷോകളും ചെയ്യാന്‍പറ്റി. പാട്ട് ഒരു പ്രൊഫഷനാക്കി എടുക്കാമെന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്. അതുവരെ അത്ര ധൈര്യമില്ലായിരുന്നു'', പാട്ടുവഴിയിലെ അമ്മക്കഥകള്‍ കേട്ട് മൈത്രേയി ഒരു സ്‌നേഹച്ചിരി ചിരിച്ചു.
വഴിത്തിരിവായ ലാലി ലാലീ
''കളിമണ്ണിലെ ലാലി ലാലീ എന്ന പാട്ടിനുമുമ്പുതന്നെ എം.ജയചന്ദ്രന്‍ സാറിന്റെ വേറെയും പാട്ടുകള്‍ പാടിയിരുന്നു. 'ഇവന്‍ മേഘരൂപനി'ലെ പാട്ടുകേട്ടിട്ടാണ് അദ്ദേഹം വിളിക്കുന്നത്. '916'-ലെ ചെന്താമര തേനോ, 'ഏഴാം സൂര്യനി'ലെ കണ്ണാന്തളി കാവിലെ... അങ്ങനെ ചില പാട്ടുകള്‍...'' സംസാരത്തിനിടയില്‍ മൃദുല പതുക്കെ മൂളി...
ചെന്താമര തേനോ വെഞ്ചാമരക്കാറ്റോ പൂമരച്ചോടോ മന്ദാരത്താഴ്വരച്ചേലോ...
കാറ്റ് പാട്ടിന് താളമിട്ടു. മൃദുല സംസാരത്തിലേക്ക് തിരിച്ചുവന്നു. ''പക്ഷേ, ഈ പാട്ടുകളൊന്നും അന്ന് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് ലാലി ലാലീ പാടാനായി വിളിക്കുന്നത്. സത്യം പറഞ്ഞാല്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ ആ സമയത്ത്. ഒ.എന്‍.വി സാറിന്റെ വരികള്‍ക്ക് ജയചന്ദ്രന്‍ സാറിന്റെ സംഗീതം. നല്ല ടെന്‍ഷനുണ്ടായിരുന്നു പാടാന്‍ പോവുമ്പോള്‍. തുടക്കക്കാരി എന്ന നിലയ്ക്ക് നമ്മുടെ ശബ്ദം ഓക്കെയാവുമോ, അതോ ട്രാക്ക് ആയിപ്പോവുമോ എന്നൊക്കെയുള്ള പേടി. ജയചന്ദ്രന്‍ സാര്‍ പറഞ്ഞു: ''ഞാനല്ല തീരുമാനമെടുക്കുന്നത്, ബ്ലെസി സാറാണ്. ബ്ലെസി സാറിനിഷ്ടപ്പെട്ടാല്‍ എല്ലാം ഓക്കെയാവും.''
പാടിക്കഴിഞ്ഞപ്പോള്‍ ജയചന്ദ്രന്‍ സാറിന് ഒരുപാട് സന്തോഷമായി. അദ്ദേഹത്തിന് ഉറപ്പായിരുന്നു ബ്ലെസി സാറിന് ഇഷ്ടപ്പെടുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു. ഇറങ്ങി കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറേ ആളുകള്‍ ആ പാട്ട് കേട്ടു. സംസ്ഥാനസിനിമാപുരസ്‌കാരത്തില്‍ പ്രത്യേകപരാമര്‍ശമുള്‍പ്പെടെ കുറേ അവാര്‍ഡുകള്‍ ആ പാട്ടിനുകിട്ടി. എന്റെ മോള്‍ക്കും ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ലാലി ലാലീ. എന്റെ ഗര്‍ഭകാലത്ത് ഇവള്‍ വയറ്റില്‍ക്കിടന്ന് ഭയങ്കര കുത്തും ചവിട്ടുമൊക്കെയായിരുന്നു. അപ്പോള്‍ ഞാനാ പാട്ടുപാടും. അതുകേള്‍ക്കുമ്പോള്‍ അവള്‍ അനങ്ങാതെ കിടക്കും.'' സംസാരം തന്നെക്കുറിച്ചായപ്പോള്‍ മൈത്രേയി കൗതുകത്തോടെ അമ്മയെ നോക്കിയിരിപ്പായി.
''പിന്നീട് ഔസേപ്പച്ചന്‍ സാര്‍, ഗോപീസുന്ദര്‍ സാര്‍, ബിജിബാല്‍ സാര്‍, ഷാന്‍ റഹ്മാന്‍ ചേട്ടന്‍... ഇങ്ങനെ കുറേ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടാന്‍ പറ്റി. അവരോരോരുത്തരും പാട്ടിനെ സമീപിക്കുന്ന രീതി വ്യത്യസ്തമാണ്. അവരുടെ കൂടെ ജോലി ചെയ്യുമ്പോള്‍ ഓരോ പാഠങ്ങള്‍ പഠിക്കാന്‍ പറ്റും. എന്റെ സംഗീതം മെച്ചപ്പെടുത്തുന്നതിന് അതൊക്കെ സഹായിച്ചിട്ടുണ്ട്. റെക്കോഡിങ്ങിന്റെ സമയത്ത് എങ്ങനെയാണ് പാട്ടിനാവശ്യമായ ഭാവം കൊടുക്കേണ്ടതെന്നൊക്കെ പറഞ്ഞുതരും. ലാലി ലാലീ എന്ന പാട്ടില്‍ ഒരു കുഞ്ഞുറുമ്പു മഴനനയവേ വെണ്‍പിറാവ് കുടനീര്‍ത്തിയോ... എന്നൊരു വരിയുണ്ട്. അത് പാടുമ്പോള്‍ ജയചന്ദ്രന്‍ സാര്‍ പറഞ്ഞു: 'നനയവേ എന്ന വാക്ക് പാട്ടില്‍ വരുമ്പോള്‍ ശബ്ദത്തിന് ചെറിയ വിറയല്‍ കൊടുക്കണം. നനഞ്ഞിട്ട് തണുക്കില്ലേ, അതുപോലെയുള്ളൊരു ഫീല്‍ വരണം.' ഇങ്ങനെയുള്ള പല കാര്യങ്ങളും റെക്കോഡിങ്ങിനിടെയാണ് പഠിച്ചത്.
പുതിയ സംഗീതസംവിധായകര്‍ പാട്ട് നമ്മുടെ കൈയിലേക്ക് തരും. അതിനെ നമ്മള്‍ വേണം ഡെവലപ് ചെയ്യാന്‍. അങ്ങനൊരു രീതിയാണവര്‍ക്ക്. അതില്‍നിന്നും നമുക്ക് പഠിക്കാനുണ്ട് പലതും.'' തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിലായി നൂറിലേറെ പാട്ടുകള്‍ പാടിക്കഴിഞ്ഞു മൃദുല.
''പി.ജയചന്ദ്രന്‍ സാര്‍, കൃഷ്ണചന്ദ്രന്‍ സാര്‍, ഷഹബാസ് അമന്‍, സുദീപ് ചേട്ടന്‍, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്... അങ്ങനെ ഒരുപാട് പേരുടെ കൂടെ പാടാന്‍ കഴിഞ്ഞു. കുട്ടിക്കാലത്ത് റേഡിയോയിലൂടെ കേട്ടതേറെയും ജയചന്ദ്രന്‍ സാര്‍ പാടിയ പാട്ടുകളാണ്. സിനിമയില്‍ പാടുമെന്നൊന്നും അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നിട്ടും സിനിമയിലെത്തി, ജയചന്ദ്രന്‍ സാറിന്റെ കൂടെ പാടാനും കഴിഞ്ഞു. അതൊക്കെ ശരിക്കും ലോട്ടറി തന്നെയാണ്. സാറിനും എന്നെ ഭയങ്കര ഇഷ്ടമാണ്. ഇടയ്‌ക്കൊക്കെ ഇങ്ങോട്ടുവിളിക്കും. നല്ല കുറേ ഉപദേശങ്ങളൊക്കെ തരും. സുശീലാമ്മയുടെ പാട്ടുകളൊക്കെ കേള്‍ക്കാന്‍ പറയും. അതുപോലെ എനിക്ക് പ്രിയപ്പെട്ട രണ്ടുപേരാണ് ലതാ മങ്കേഷ്‌കറും ജാനകിയമ്മയും. ലതാജി ഓരോ വാക്കുകളും വരികളും എത്ര ഭംഗിയായിട്ടാണ് ശബ്ദം ക്രമീകരിച്ച് പാടുന്നത്. ജാനകിയമ്മ ഓരോ വരികള്‍ക്കും കൊടുക്കുന്ന എക്‌സ്പ്രഷനുകള്‍ മനോഹരമാണ്.''
മ്യൂസിക്കല്‍ ഫാമിലി
''അച്ഛന്‍ പി.വി രാമന്‍കുട്ടി വാര്യര്‍, സെയില്‍സ് ടാക്‌സ് ഓഫീസറായിരുന്നു. അമ്മ വിജയലക്ഷ്മി. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പാട്ടിനോടും നൃത്തത്തോടുമെല്ലാം ഒരുപാട് താത്പര്യമാണ്. അവരുടെ ഇഷ്ടങ്ങളായിരിക്കാം ഞങ്ങള്‍ മക്കള്‍ക്കും കിട്ടിയത്. ഏട്ടനെ പാട്ടുപഠിപ്പിക്കുന്നതുകേട്ടാണ് ഞാന്‍ ലളിതഗാനമൊക്കെ പഠിച്ചിരുന്നതെന്ന് അമ്മ പറയാറുണ്ട്. കുറച്ചുവലുതായപ്പോള്‍ സ്‌കൂളിലെ പരിപാടികളിലൊക്കെ ഇവരെന്നെ ചേര്‍ക്കാന്‍ തുടങ്ങി. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, പങ്കെടുക്കണമെന്ന് പറയും. അങ്ങനെ ഫാന്‍സി ഡ്രസ്, മോണോ ആക്ട്, തിരുവാതിരക്കളി... എല്ലാത്തിലും പങ്കെടുക്കും.
എട്ടാം ക്ലാസില്‍ എത്തിയപ്പോഴാണ് സംഗീതം സീരിയസായി എടുത്തുതുടങ്ങിയത്. വലുതാവുന്തോറും ഏട്ടനും എനിക്കും പാട്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവന്നു. ഏട്ടന്‍ ജയ്ദീപ് വാര്യര്‍ ബെംഗളൂരുവില്‍ എന്‍ജിനീയറാണ്. അവിടെ സ്വന്തമായൊരു ബാന്‍ഡുണ്ട്. ഏട്ടന്റെ മക്കളും പാട്ടുപാടും. മൂത്തമോന്‍ കീബോര്‍ഡ് വായിക്കാന്‍ മിടുക്കനാണ്. അവനും ഞാനും കൂടി കവര്‍ സോങ്ങുകള്‍ ചെയ്യാറുണ്ട്.''
സംസാരത്തിനിടയില്‍ മൈത്രേയി ഓടിവന്ന് മൃദുലയുടെ മടിയിലിരിപ്പായി. ''ഇവള്‍ തൃശ്ശൂര്‍ ദേവമാതാ സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പാട്ടും പഠിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ഏട്ടനാണ് പഠിപ്പിക്കുന്നത്.'' അമ്മയും മോളും കൂടി പാട്ടുപഠിക്കാനിരുന്നാല്‍ കലാപത്തിനുള്ള സാധ്യതയുണ്ടെന്ന് അരുണിന്റെ കമന്റ്.
''ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണേട്ടന്‍. അരുണേട്ടനും നന്നായി പാടും. അതുകൊണ്ട് സംഗീതമയമാണ് വീടും ജീവിതവും...'' മൃദുല ചെറുതായി മൂളി... മഴയേ തൂമഴയെ...വാനം തൂവുന്ന പൂങ്കുളിരേ...വാനം തൂവുന്ന പൂങ്കുളിരേ...
Content Highlights: kerala state film award winner singer mridula warrier interview
Published: 03 Sept 2023, 10:23 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented