അഞ്ച് സിയ്ക്ക് അത് ഫ്രീ പിരീഡായിരുന്നു. ബഹളം കൂടിയപ്പോൾ അപ്പുറത്തെ ക്ലാസിലെ അധ്യാപകൻ വന്നു. ''എന്തൊരു ബഹളമാ? എനിക്ക് അപ്പുറത്ത് ക്ലാസെടുക്കണം.'' ക്ലാസിലേക്ക് കയറിച്ചെന്ന അധ്യാപകൻ ലീഡറെ വിളിച്ച് മുന്നിൽനിർത്തി. ''സംസാരിക്കുന്നവരുടെ പേര് ബോർഡിൽ എഴുതണം.'' അധ്യാപകൻ തന്റെ ക്ലാസിലേക്ക് മടങ്ങിയതും അഞ്ച് സി താത്കാലിക നിശ്ശബ്ദത വെടിഞ്ഞു. ലീഡർ കൈയിലെ കടലാസിലെ ആദ്യ ബഹളക്കാരന്റെ പേരെഴുതി. 'ബിജു'. താൻ പെട്ടുപോയെന്ന് അറിഞ്ഞതോടെ വല്ലവിധേനയും തടിതപ്പാനായി ബിജുവിന്റെ ശ്രമം. 'ഞാൻ മാത്രമല്ല ഇവന്മാരും' എന്ന ഡയലോഗ് പോലെ ലീഡറുടെ പട്ടികയിൽ മറ്റുള്ളവരുടെ പേരുകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തത്രപ്പാട്. ഒറ്റയടിക്ക് എല്ലാവരെയും പെടുത്താൻ ബിജു പ്രയോഗിച്ച തന്ത്രം മിമിക്രിയായിരുന്നു. നേരത്തെ വന്ന് താക്കീതുതന്ന് മടങ്ങിയ അധ്യാപകന്റെ ശബ്ദം അതേപടി അനുകരിച്ച് ക്ലാസിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു. ഒച്ചവെച്ചവരുടെ പട്ടികയിൽ ലീഡറടക്കം സകലരുംപെട്ടു.

അങ്ങനെയാണ് ബിജുവിന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ മിമിക്രി ഒന്നാമതെത്തുന്നത്. എന്തായാലും ആ ഇഷ്ടത്തിന്റെ വഴിയിലായി പിന്നേക്കുള്ള സഞ്ചാരം. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും സജീവമായതോടെ പേര് ബിജുക്കുട്ടനെന്നായി. ഒടുവിൽ 'പോത്തൻവാവ'യിലൂടെ സിനിമാ അരങ്ങേറ്റം. 'ഛോട്ടാമുംബൈ'യിലൂടെ നിലയുറപ്പിച്ചു. കളിയും തമാശയുമായി ഒരുപിടി മികച്ച ചിത്രങ്ങളും പിന്നാലെ വന്നു.

ചിരിപ്പിക്കാൻ മാത്രമല്ല, മറ്റുള്ളവരെ കരയിപ്പിക്കാനും തനിക്കറിയാം എന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നതായിരുന്നു ‘വാഴ 2’ലെ അച്ഛൻ കഥാപാത്രം. സിനിമ കണ്ട പ്രേക്ഷകർ കരഞ്ഞു. അടുത്ത സിനിമയ്ക്കു മുമ്പുള്ള ഇടവേളയിൽ ചിരിക്കും കരച്ചിലിനും ഇടയിലുള്ള ആ അകലത്തെപ്പറ്റി ബിജുക്കുട്ടൻ ഗൃഹലക്ഷ്മിയോട് സംസാരിച്ചു.

വാഴയുടെ സന്തോഷത്തിലാണോ?
സിനിമ കണ്ട് ഒരുപാടുപേർ വിളിച്ചു. വൈകാരികമായ പ്രതികരണങ്ങളാണ് പലതും. എന്റെ അച്ഛനെ ഓർമ്മ വന്നു, സഹോദരനെ ഓർമ്മ വന്നു, പെങ്ങളെ കാണാൻ തോന്നി... എന്നിങ്ങനെയൊക്കെയാണ് പ്രതികരണം. അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്നൊക്കെ ചിലർ പറഞ്ഞു. മലയാളത്തിൽ മാത്രമല്ല, മറ്റുഭാഷകളിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തിരക്കഥാകൃത്ത് വിപിൻ ദാസിനോടും സംവിധായകൻ സവിനോടും ഒരുപാട് നന്ദിയുണ്ട്.

താങ്കളുടെ അച്ഛനും വാഴ സിനിമയിലെ അച്ഛനും തമ്മിൽ എത്രത്തോളം സാമ്യമുണ്ട്?
അത്ര ജോളിയായിരുന്നില്ല എന്റെ അച്ഛൻ. അനന്തൻ എന്നായിരുന്നു പേര്. രാവിലെ ജോലിക്ക് പോയി വൈകീട്ട് വീട്ടിലെത്തുന്ന കൂലിപ്പണിക്കാരൻ. വീട്ടിലങ്ങനെ കാണുകയില്ല. ഉള്ള സമയത്തെല്ലാം പണിക്ക് പോകും. എന്നാലും അച്ഛൻ ഞങ്ങളെ നന്നായി സ്നേഹിച്ചു. പഠനത്തിലും കലയിലുമെല്ലാം കൂടെനിന്നു. ഞാൻ സിനിമയിൽ വരാൻ സാധ്യതയുണ്ടെന്ന് ആളുകൾ അച്ഛനോട് പറയും. അത് കേൾക്കുമ്പോൾ വലിയ അഭിമാനവും സന്തോഷവുമായിരുന്നു. ഏകദേശം 25 സിനിമ ചെയ്തുകഴിഞ്ഞപ്പോഴാണ് അച്ഛന്റെ മരണം.

ബിജുക്കുട്ടൻ എന്ന അച്ഛൻ എങ്ങനെയാണ്?
അത് പറയേണ്ടത് ഞാനല്ലല്ലോ. ഭാര്യയും മക്കളുമാണ്. ഭാര്യ സുബിത. മക്കൾ ലക്ഷ്മിയും പാർവതിയും. മക്കളെ നന്നായി സ്നേഹിക്കുകയും കുടുംബത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. ഷൂട്ടിന്റെ ഭാഗമായി വീട്ടിൽ നിന്ന് രണ്ടു മൂന്ന് ദിവസം മാറിനിൽക്കുമ്പോഴേക്കും അസ്വസ്ഥതയാണ്. വീട്ടിലേക്ക് വരാൻ തോന്നും. എത്താൻ പറ്റുന്ന ദൂരത്താണെങ്കിൽ വീട്ടിലേക്ക് വരും. കല്യാണത്തിനുമുൻപും അതങ്ങനെതന്നെയാണ്. വീട്ടിലെത്തിയിട്ടേ ഭക്ഷണമൊക്കെ കഴിക്കൂ.

എപ്പോൾ മുതലാണ് ആളുകളെ ചിരിപ്പിക്കാൻ
തുടങ്ങിയത് ?

സ്‌കൂളിൽ അധ്യാപകരെ അനുകരിച്ചാണ് തുടക്കം. അതിനുശേഷം കാണുന്ന പല മനുഷ്യരെയും അനുകരിക്കാൻ തുടങ്ങി. സ്‌കൂളിൽ മിമിക്രിയിലെല്ലാം പങ്കെടുത്തു. കൊടുങ്കാറ്റ്, മഴ, എന്നിങ്ങനെ പ്രകൃതിയുടെ പ്രതിഭാസങ്ങളെയാണ് കൂടുതലായും അനുകരിച്ചത്. ഹൈസ്‌കൂളിലെത്തിയപ്പോൾ കലോത്സവങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ജില്ലാതലം വരെയൊക്കെ മത്സരിച്ചു.

പിന്നീട് പ്രൊഫഷണൽ ആകുന്നതെപ്പോഴാണ് ?അവധിക്കാലത്ത് പല പണികൾക്കും പോകും. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയായിരുന്നു അത്. മാർബിൾപണിക്ക് സിമന്റ് കൂട്ടാൻ കൂട്ടുകാർക്കൊപ്പം പോയിട്ടുണ്ട്. പത്താംക്ലാസിൽ തോറ്റു. അതോടെ പഠനം അവസാനിച്ചു. അക്കൊല്ലം മോഡറേഷൻ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ ജയിച്ചേനേ.

പിന്നീട് ഞങ്ങൾ ഒരു മിമിക്രി ട്രൂപ്പ് തുടങ്ങി. 'മിമി ബോയ്സ്'. രാജേഷും പോളച്ചനും അജിയുമായിരുന്നു ഒപ്പം. അറിയുന്ന അമ്പലങ്ങളിലെല്ലാം പോയി മിമിക്രി ചെയ്യും. ആദ്യം പൈസയൊന്നും കിട്ടില്ല. കുറെ കഴിഞ്ഞ് 350 രൂപയൊക്കെ വെച്ച് കിട്ടാൻ തുടങ്ങി. ആളെക്കൂട്ടി പരിപാടി വിപുലമാക്കാൻ ഞങ്ങൾ ആലോചിച്ചു. പുതിയതായി രണ്ടുപേരെ എടുത്തു. ഗാനമേളയും മിമിക്രിയും ചേർത്ത് പരിപാടി രണ്ട് മണിക്കൂർ വരെയാക്കി. സ്‌കിറ്റും ചെയ്തു. ജില്ല വിട്ടുപോയി പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയതോടെ വലിയ ട്രൂപ്പുകളെല്ലാം ഞങ്ങളെ അറിഞ്ഞുതുടങ്ങി. അവർ എന്നെ പരിപാടികൾക്ക് ക്ഷണിച്ചു. കൊച്ചിൻ സരിഗ ആയിരുന്നു ആദ്യം വിളിച്ചത്. പിന്നെ കൊച്ചിൻ രസികയും. അവിടെയെത്തിയപ്പോൾ ഇന്ത്യയൊട്ടാകെ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി. അന്ന് ടിനിടോമും സജീവമാണ്. അദ്ദേഹത്തിനൊപ്പം പരിപാടികൾക്ക് പോകും.

കലാജീവിതത്തിൽ മറക്കാനാവാത്ത പേരാണല്ലോ സലീം കുമാറിന്റേത്?
എന്റെ അമ്മയുടെ വീടിനടുത്തായിരുന്നു സലീംകുമാറിന്റെ വീട്. മറ്റൊരു ബന്ധവുമുണ്ട്, ഞാൻ പഠിച്ചിരുന്ന ട്യൂട്ടോറിയൽ കോളേജിലെ സയൻസ് ടീച്ചറായിരുന്നു സലീംകുമാറിന്റെ ഭാര്യ സുനിതച്ചേച്ചി. സലീംകുമാറിന്റെ വീട്ടിൽ ഞാൻ എല്ലാദിവസവും പോകും. അവിടെ ഒരുപാട് ആർട്ടിസ്റ്റുകൾ വരും. പരിപാടികൾക്കൊക്കെ അദ്ദേഹം എന്നെയും കൊണ്ടുപോകും. നമുക്ക് പറ്റുന്ന എന്തെങ്കിലും ഐറ്റം ഉണ്ടെങ്കിൽ അത് ചെയ്യിപ്പിക്കും.

സലീംകുമാർ മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് അവിടെ ഞാൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം സിനിമയിലെത്തി. അദ്ദേഹത്തിന് ഒരു ട്രൂപ്പ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. നീയും കൂടെയുണ്ടാകണം എന്നദ്ദേഹം പറഞ്ഞു. അങ്ങനെ സ്റ്റാലിയൻസ് എന്ന ട്രൂപ്പിന്റെ ഭാഗമായി.

ആ ട്രൂപ്പിലുള്ളപ്പോഴാണ് സൂര്യാ ടിവിയിൽ 'സവാരി ഗിരി ഗിരി' എന്ന പരിപാടി തുടങ്ങുന്നത്. ഒരുദിവസം ഹരിശ്രീ യൂസുഫ് എന്നെ വിളിച്ച് 'സവാരി ഗിരി ഗിരി'യിൽ ഒരു സ്‌കിറ്റ് ചെയ്യാൻ വരാമോയെന്ന് ചോദിച്ചു. തുടർന്ന് ടിനി എന്നെ വിളിച്ചു. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സ്‌കിറ്റായിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് യൂസുഫ് വിളിച്ച്, നിന്നെ സ്ഥിരമായി പരിപാടിയുടെ ഭാഗമാക്കാൻ ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞു. നിൽക്കാമെന്ന് ഞാനും ഏറ്റു. അങ്ങനെ ആ പ്രോഗ്രാമിന്റെ ഭാഗമായി. അതോടെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങി.

ഗിന്നസ് പക്രുവും ഉണ്ടായിരുന്നു പരിപാടിയിൽ. ആ സമയത്ത് പക്രുവിന് വിനയൻ സാറിന്റെ പടത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. അദ്ദേഹം ഇല്ലാതെ പ്രോഗ്രാം നടത്താൻ പറ്റില്ല. അങ്ങനെ പ്രോഗ്രാം നിർത്തി. ഞാൻ കഷ്ടത്തിലായി. അങ്ങനെയിരിക്കുമ്പോൾ ഏഷ്യാനെറ്റിൽനിന്ന് വിളിച്ചു. ടിനിയും ഉണ്ടായിരുന്നു. 'ഫൈവ് സ്റ്റാർ തട്ടുകട' എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്. കുറച്ചുദിവസത്തിനുള്ളിൽതന്നെ പരിപാടി ശ്രദ്ധിക്കപ്പെട്ടു. റേറ്റിങ്ങിലും മുന്നിലെത്തി.

സിനിമയിലേക്കുള്ള വരവ് സംഭവിക്കുന്നതെങ്ങനെയാണ്?
'പോത്തൻവാവ'യിലൂടെയാണ് തുടക്കം. 'ഫൈവ് സ്റ്റാർ തട്ടുകട' മമ്മൂക്ക കണ്ടിരുന്നു. ഒരിക്കൽ ബെന്നി പി. നായരമ്പലം 'സവാരി ഗിരിഗിരി'യിൽ അതിഥിയായി വന്നിരുന്നു. അദ്ദേഹമാണ് 'പോത്തൻവാവ'യുടെ തിരക്കഥ. ബെന്നിച്ചേട്ടന്റെ അമ്മ എന്റെ പ്രോഗ്രാമുകൾ സ്ഥിരം കാണും. എന്നിട്ട് അദ്ദേഹത്തോട് പറയും, 'എടാ ആ കൊച്ചിന് എന്തെങ്കിലും വേഷം കൊടുക്കണം' എന്ന്. അങ്ങനെയാണ് 'പോത്തൻവാവ'യിലെത്തിയത്. ഒരിക്കൽ അദ്ദേഹത്തിന്റെ അമ്മയെ ഞാൻ പോയി കണ്ടു. ബെന്നിച്ചേട്ടൻ നേരത്തെ തന്നെ സിനിമയിലെടുക്കാൻ ഉറപ്പിച്ചിരുന്നു. പിന്നെ അമ്മയുടെ ഇടപെടൽകൂടി ഉണ്ടായി.

പക്ഷെ, ജോഷി സാറിന് എന്നെ അന്ന് അറിയില്ല. സിനിമയ്ക്കുമുമ്പ് ജോഷിസാറിന്റെ വീട്ടിൽ പോയി. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വീട്ടിലില്ല. അദ്ദേഹത്തിന്റെ ഭാര്യയും മകളും അവിടെയുണ്ട്. അവർ എന്റെ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകരായിരുന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹം വന്നു. ഞാൻ എന്നെ പരിചയപ്പെടുത്തി. ഒന്നുനോക്കിയ ശേഷം അദ്ദേഹം എന്നോട് പോയ്ക്കോളാൻ പറഞ്ഞു. ഞാനാകെ ടെൻഷനിലായി. സിനിമയിലേക്ക് എടുത്തോ എന്നതിന് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ! സാറിന്റെ മാനേജരായ ക്ലിന്റൻ പെരേരയോട് അന്വേഷിച്ചു. അദ്ദേഹത്തിനും വിവരമൊന്നും കിട്ടിയിരുന്നില്ല. ഒരു പൊട്ട വണ്ടിയിലായിരുന്നു ഞാൻ പോയത്. ഇനി എന്റെ വണ്ടി കണ്ടിട്ട് സാറിന് ഇഷ്ടപ്പെട്ടില്ലായിരിക്കുമോ എന്നായി ആലോചന. പിന്നെ മമ്മൂക്ക വിളിച്ചപ്പോൾ എന്നെ സെലക്ട് ചെയ്ത കാര്യം അറിഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ എന്റെ ഉയരം പ്രശ്നമാണോ എന്നെല്ലാം ആലോചിച്ചു.

എന്നിട്ട് പൊക്കമില്ലായ്മ പ്രശ്‌നമായോ?
ഈ ഉയരം എന്നും എനിക്ക് അനുഗ്രഹമായിരുന്നു. 'പോത്തൻവാവ'യിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ ഷോൾഡർ വരെയെങ്കിലും ഉയരം വേണം. ക്ലോസ്അപ്പ് ഷോട്ട് എടുക്കുമ്പോഴാണ് പ്രശ്നം വരിക. അന്നേരം താഴെ തെർമോകോൾ വെക്കും. അതിൽ കേറിനിന്നാണ് അഭിനയിക്കുക. ഒരു സീനിൽ അഭിനയിക്കുമ്പോൾ നടന്നുനടന്ന് തെർമോകോൾ തേഞ്ഞിട്ടും ജോഷിസാർ കട്ട് പറഞ്ഞില്ല. അതോടെ ഞാൻ ചാടിയിറങ്ങി. എന്നിട്ട് കാൽ പൊക്കി നടന്നു.

അതുകണ്ട് എല്ലാവരും ഭയങ്കര ചിരി. നീ എന്താ അങ്ങനെ നടന്നത് എന്ന് ജോഷി സാർ ചോദിച്ചു. തെർമോകോൾ തേഞ്ഞുതീർന്നകാര്യം സാർ അപ്പോഴാണ് അറിയുന്നത്.

പിന്നീട് സിനിമകൾ ഒരുപാട് വന്നില്ലേ?
'പോത്തൻവാവ'യ്ക്കുശേഷം സിനിമകൾ ഒരുപാട് വന്നു. പക്ഷേ ബെന്നിച്ചേട്ടൻ പറഞ്ഞു, ഇപ്പോ എല്ലാത്തിലും കേറി അഭിനയിക്കണ്ട. അൻവർ റഷീദും ഞാനും കൂടിയുള്ള ഒരു സിനിമ വരുന്നുണ്ട്. അത് കഴിഞ്ഞ് നീ ഇഷ്ടമുള്ള സിനിമകൾ സെലക്ട് ചെയ്തോ എന്ന്. 'ഛോട്ടോ മുംബൈ' ആയിരുന്നു ആ സിനിമ. അത് ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ കിട്ടി. സിനിമയിൽ സജീവമായി. 'പോത്തൻവാവ' പോലെയായിരുന്നില്ല 'ഛോട്ടാമുംബൈ'. 'പോത്തൻവാവ'യിൽ മമ്മൂക്കയെ മാത്രം പേടിച്ചാൽ മതി. പക്ഷേ, ഇതിൽ ക്വിന്റൽ കണക്കിന് താരങ്ങളുണ്ട്. ലാലേട്ടനുപുറമേ സിദ്ദിഖ്, ജഗതിച്ചേട്ടൻ, രാജൻ പി. ദേവ് ഇങ്ങനെ ഒരുപാട് പേർ. ഭൂരിഭാഗം സീനുകളിലും ഞാനുണ്ട്. പിന്നെ എല്ലാവരുടെയും സഹകരണംകൊണ്ട് നന്നായി ചെയ്യാൻ പറ്റി. മമ്മൂക്ക, ജോഷി സാർ, ബെന്നി സാർ, അൻവർ റഷീദ്, ലാലേട്ടൻ (ലാൽ ക്രിയേഷൻസ്) എന്നിവരെ ഈ കരിയറിൽ മറക്കാനാവില്ല. അവരുടെ ഒരുപാട് പിന്തുണ കിട്ടി.

എത്ര സിനിമകളായി പട്ടികയിൽ?
നൂറിൽതാഴെ സിനിമകൾ ചെയ്തിട്ടുണ്ടാകും. എല്ലാം ഇഷ്ടപ്പെട്ട് ചെയ്ത വേഷങ്ങളാണ്. വലുതോ ചെറുതോ എന്ന് നോക്കാതെ ആത്മാർഥതയോടെ എല്ലാത്തിലും അഭിനയിച്ചു. 'പോത്തൻവാവ', 'ഛോട്ടാമുംബൈ', 'ബെസ്റ്റ് ആക്ടർ', 'അടി കപ്യാരെ കൂട്ടമണി', 'വാഴ 2' എന്നീ സിനിമകൾ ഏറെ പ്രിയപ്പെട്ടതാണ്.

കോമഡി താരമായാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ സീരിയസ് വേഷവും ചെയ്തു. ഏതാണ് ഏറ്റവും പ്രയാസം ?
രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ചിരിപ്പിക്കാൻ പറ്റുന്നയാൾക്ക് പെട്ടെന്ന് കരയിപ്പിക്കാൻ പറ്റുമെന്ന് ആളുകൾ പറയാറുണ്ട്. രണ്ടും അഭിനയമാണ്. കോമഡിയാണെങ്കിൽ ടൈമിങ് പ്രധാനമാണ്. വൈകാരിക രംഗങ്ങളിലും കൃത്യമായ ടൈമിങ് പാലിക്കണം. പണ്ട് മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കുമ്പോൾ തിയേറ്ററിൽ ആളുകൾ നമ്മുടെ അഭിനയം കണ്ട് ചിരിക്കും. അപ്പോൾ കിട്ടുന്ന ആത്മവിശ്വാസം വലുതാണ്. എന്നാൽ സീരിയസ് വേഷം ചെയ്യുമ്പോൾ നിശ്ശബ്ദത ആയിരിക്കും. 'വാഴ'യിൽ പല സീനിലും ഭയങ്കര നിശ്ശബ്ദതയായിരുന്നു. 'വാഴ' വേറിട്ട അനുഭവമായിരുന്നു. 20 മിനിറ്റോളം തിയേറ്റർ നിശ്ശബ്ദമായിരുന്നു.

ജെൻസീ തലമുറ ഈ സിനിമയെ അദ്ഭുതപ്പെടുത്തുന്ന രീതിയിൽ സ്വീകരിച്ചു. ഇന്റർവെൽ വരെ ചിരിച്ച് അർമാദിച്ച കുട്ടികൾ ഇമോഷണൽ സീനുകളിലെത്തുമ്പോൾ ശാന്തമായി ഇരിക്കുന്ന കാഴ്ച. തല താഴ്ത്തിയിരുന്ന്, പരസ്പരം സംസാരിക്കാതെ, മിണ്ടാതെയിരിക്കുന്ന ജെൻസീ കുട്ടികളെ കണ്ടു. പലരും കരയുന്നുമുണ്ട്. ഈ തലമുറയെ ഇങ്ങനെ കണക്ട് ചെയ്തതിൽ വിപിനെയും സവിനെയും സമ്മതിക്കണം.

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ടോ ?
സിനിമയിൽ എനിക്ക് അങ്ങനെ ചോദിക്കേണ്ടി വന്നിട്ടില്ല. 'പോത്തൻവാവ'യിൽ അഭിനയിച്ചതുമുതൽ ഒരുപാട് അവസരങ്ങൾ ഇങ്ങോട്ട് വന്നിട്ടുണ്ട്. അത് വലിയ അനുഗ്രഹമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi