ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന 'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന സിനിമയിലൂടെ അനുഷ്ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. സിനിമയ്ക്ക് അനുമോദനമറിയിക്കാൻ പ്രഭാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ വൈറലാവുന്നത്. KathanarTrailer ആകർഷകവും പ്രോമിസിങ്ങുമാണെന്ന് പ്രഭാസ് പറയുന്നു. ചിത്രത്തിനായി സൃഷ്ടിച്ച ലോകവും ദൃശ്യങ്ങളും അതിന്റെ വ്യാപ്തിയുമെല്ലാം ഇഷ്ടപ്പെട്ടുവെന്നും. 'സ്വീറ്റിക്കും മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു..!' എന്നു പറഞ്ഞാണ് പ്രഭാസ് അവസാനിപ്പിച്ചത്.

പ്രഭാസിനെ പിന്തുടരുന്നവർക്കൊന്നും "സ്വീറ്റി" എന്ന വാക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. ബാഹുബലി ഫ്രാഞ്ചൈസിയിൽ ഒന്നിച്ചഭിനയിച്ചതു തൊട്ട് പ്രഭാസും അനുഷ്കയും അടുത്ത സുഹൃത്തുക്കളാണ്. അന്നുമുതൽ അനുഷ്കയെ സ്വീറ്റി എന്നാണ് പ്രഭാസ് വിളിക്കുന്നത്. സ്നേഹത്തോടെയുള്ള ഈ പ്രയോഗം പ്രഭാസ് -അനുഷ്ക ആരാധകർ വേഗത്തിൽ ഏറ്റെടുക്കുകയും ചെയ്തു. അനുഷ്കയും പ്രഭാസും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹിച്ച ആരാധകർ നിരവധിയാണ്. ഇരുവരും വിവാഹിതരാവുന്നുവെന്ന അഭ്യൂഹം ദീർഘകാലം നിലനിൽക്കുകയും ചെയ്തിരുന്നു.

അതേസമയം, കത്തനാരിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്, കടമറ്റത്ത് കത്തനാരായി ജയസൂര്യയെത്തും. അനുഷ്ക ഷെട്ടി കള്ളിയങ്കാട്ട് നീലിയുടെ വേഷമാണ് ചെയ്യുന്നത്, അവരുടെ തീവ്രമായ സാന്നിധ്യം ട്രെയിലറിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

അനുഷ്ക ഷെട്ടിയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്. തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ വളർത്തിയെടുത്ത കരിയറിലേക്ക് പുതിയൊരു അധ്യായം മലയാളത്തിലൂടെ ചേർത്തുവെക്കുകയാണ് അവർ.

റോജിൻ തോമസും ആർ. രാമാനന്ദും ചേർന്നാണ് തിരക്കഥ. ചിത്രീകരണം പൂർത്തിയായി, പോസ്റ്റ്-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവർ സഹവേഷങ്ങളിലെത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi