അര്‍ജുനന്‍ മാഷിന്റെ കൊച്ചുമകന്‍, വിദ്യാസാഗറിന്റെ ആരാധകന്; മിഥുന്‍ അശോകന്‍ സംഗീത സംവിധാനത്തിലേക്ക്
സൂരജ് സുകുമാരന്‍
Last Updated: 24 May 2023, 10:01 AM IST
'എ രഞ്ജിത് സിനിമ' എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ അശോകന്‍ സംഗീതസംവിധായകനായി അരങ്ങേറുന്നത്
മുത്തച്ഛനും സംഗീത സംവിധായകനുമായ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കൊച്ചുമകന്‍ മിഥുന്‍ അശോകന്‍
കസ്തൂരി മണമുള്ള സംഗീതവുമായി മലയാളിയുടെ ഹൃദയസരസ്സ് കീഴടക്കിയ സംഗീത സംവിധായകനാണ് എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍. കാലയവനിക്കുള്ളില്‍ മണ്‍മറഞ്ഞ ആ അതുല്യപ്രതിഭയുടെ വേരുകളില്‍ നിന്ന് വീണ്ടും സംഗീതത്തിന്റെ പുതിയൊരു പുഴ പിറവിയെടുക്കുകയാണ്. അര്‍ജുനന്‍ മാഷിന്റെ കൊച്ചുമകന്‍ മിഥുന്‍ അശോകന്‍ മലയാള സിനിമ സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ സംഗീത സംവിധായകനായുള്ള അരങ്ങേറ്റം. മുത്തച്ഛന്റെ തണലില്‍ ബാല്യകാലത്ത് തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങിയ മിഥുന്‍ 600 ലേറെ സിനിമകളില്‍ മ്യൂസിക് പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമ അരങ്ങേറ്റത്തെ കുറിച്ചും സംഗീത വിശേഷങ്ങളും കുറിച്ചും മിഥുന്‍ മനസ്സുതുറക്കുന്നു.
To advertise here,
സംഗീത വഴിയിലേക്ക് എത്തിപ്പെടുന്നത് ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണ്...?
കൊച്ചിയിലാണ് ജനിച്ചത്. മുത്തച്ഛന്‍ തന്നെയാണ് സംഗീതത്തിലേക്ക് വരാന്‍ ആവേശമായത്. അദ്ദേഹം ചെയ്ത പാട്ടുകള്‍ ചെറുപ്പകാലത്ത് തന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് ചെറുപ്പകാലത്ത് ശാസ്ത്രീയ സംഗീതവും കീബോര്‍ഡുമൊക്കെ പഠിച്ചുതുടങ്ങി. വീട്ടില്‍ നിന്നും സംഗീതം പഠിക്കുന്നതിന് പൂര്‍ണ പിന്തുണയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളില്‍ വൃന്ദവാദ്യം, ഗാനമേള എന്നിവയിലെല്ലാം പങ്കെടുക്കുമായിരുന്നു. അതിന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടം തൊട്ട് ഗാനമേളകളടക്കം ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകളില്‍ കീ ബോര്‍ഡ് പ്രോഗ്രാമറായി പ്രവര്‍ത്തിച്ചു തുടങ്ങി. ഓരോ സ്‌റ്റേജില്‍ നിന്നും കിട്ടുന്ന കൈയടികള്‍ കൂടുതല്‍ ദൂരം മുന്നോട്ട് പോകാനുള്ള ഊര്‍ജമായി. പിന്നീട് നാഷണല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ നിന്ന് ട്രിനിറ്റി കോളജ് ഓഫ് ലണ്ടന്റെ ഗ്രേഡ് എക്‌സാംസ് ചെയ്തിട്ടുണ്ട്.
മ്യൂസിക് പ്രോഗ്രാമിങ് എന്ന മേഖലയിലേക്കുള്ള വരവ് എങ്ങനെയാണ്...?
ബി. എ മ്യൂസിക്കില്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം നേടി. അത് കഴിഞ്ഞ് 2006 ലാണ് ഞാന്‍ ചെന്നൈയിലേക്ക് താമസം മാറ്റുന്നത്. പ്രൊഫഷണലി ചെന്നൈയായിരിക്കും കുറച്ച് കൂടി ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്ത്. ചെന്നൈയില്‍ പ്രശസ്ത സംഗീതസംവിധായകന്‍ സി.രാജാമണി സാറിനൊപ്പമായിരുന്നു ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. പശ്ചാത്തലസംഗീതത്തില്‍ അദ്ദേഹം ചെയ്ത് വച്ചിരിക്കുന്ന വര്‍ക്കുകള്‍ തന്നെയാണ് അതിന് കാരണം. തിയേറ്ററുകളെ ത്രസിപ്പിക്കുന്ന സംഗീതമുണ്ടാകാന്‍ അദ്ദേഹത്തിന് പ്രത്യേകമൊരു കഴിവുണ്ടായിരുന്നു. ആ മാജിക് കണ്ടുപഠിക്കുകയായിരുന്നു ഞാന്‍. ഔസേപ്പച്ചന്‍ സാര്‍, എം.ജയചന്ദ്രന്‍, വി.ഹരികൃഷ്ണ തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ സംഗീതസംവിധായകരുടെ കൂടെയായി 600 ലധികം സിനിമകളില്‍ മ്യൂസിക് പ്രൊഡ്യൂസറായി (കീബോര്‍ഡ് പ്രോഗ്രാമര്‍) ഞാന്‍ പ്രവര്‍ത്തിച്ചു. വിദ്യാസാഗറിനൊപ്പം പ്രവര്‍ത്തിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം സംഗീതം ചെയ്ത പാട്ടുകള്‍ക്ക് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ആരാധകന്റെ കണ്ണിലൂടെ വര്‍ക്ക് ചെയ്യുമ്പോഴും ഞാനദ്ദേഹത്തെ കാണാന്‍ ശ്രമിച്ചു. എന്റെ സംഗീതത്തിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്നാണ് കരുതുന്നത്. അതുപോലെ എം.ജയചന്ദ്രന്‍ സാറിനൊപ്പവും നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാനായി. വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന സംഗീത സംവിധായകനാണ് ജയചന്ദ്രന്‍ സാര്‍. ജേക്‌സ് ബിജോയ്, രഞ്ജിന്‍ രാജ് തുടങ്ങി പുതുതലമുറയിലെ സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 2022 ല്‍ മാത്രം മുപ്പതിലധികം സിനിമകളില്‍ മ്യൂസിക് പ്രോഗ്രാമറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
അര്‍ജുന്‍ മാഷെന്ന വന്മരത്തിന്റെ തണലിലാണ് മിഥുനിലെയും സംഗീതം വിരിഞ്ഞത്. മുത്തച്ഛനൊത്തുള്ള ഓര്‍മകള്‍..?
മുത്തച്ഛന്റെ പാട്ടുകളെ കുറിച്ച് ചെറുപ്പം മുതലേ ആളുകള്‍ സംസാരിക്കുന്നത് കേട്ടാണ് വളര്‍ന്നത്. എന്റെ കൗമാരക്കാലത്തൊക്കെ അദ്ദേഹം സിനിമയേക്കാള്‍ കൂടുതല്‍ നാടകഗാനങ്ങളായിരുന്നു ചെയ്തിരുന്നത്. ഒഴിവുസമയങ്ങളില്‍ മുത്തച്ഛനോട് സംസാരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും എനിക്കിഷ്ടപ്പെട്ട ചില പാട്ടുകളുടെ കംമ്പോസിങ്ങിനെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. അദ്ദേഹം വിശദമായി തന്നെ അതെല്ലാം പറഞ്ഞുതരും. അദ്ദേഹവുമായുള്ള സൗഹൃദം വച്ച് തന്നെയാണ് രാജാമണി സാര്‍ എന്നെ ചെന്നൈയിലേക്ക് ക്ഷണിച്ചത്. അച്ഛന്‍ അശോകന്റെ വലിയ സുഹൃത്ത് കൂടിയാണ് രാജാമണി സാര്‍. രാജാമണി സാറിനൊപ്പം പ്രവര്‍ത്തിക്കാനായത് എന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായി.
2017 ല്‍ 'ഭയാനകം' എന്ന ചിത്രത്തിലൂടെയാണ് മുത്തച്ഛന് ആദ്യമായി മികച്ച സംഗീത സംവിധായകനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ആ സിനിമയില്‍ മുത്തച്ഛനൊപ്പം മ്യൂസിക് പ്രോഗ്രാമറായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അത് ചിലപ്പോള്‍ കാലം എന്നിലേല്‍പ്പിച്ച നിയോഗമായിരിക്കാം. കാരണം ഇത്രയും നല്ല പാട്ടുകള്‍ ചെയ്തിട്ടും അദ്ദേഹത്തിന് കിട്ടാതെ പോയ സംസ്ഥാന പുരസ്‌കാരം അവസാനകാലത്ത് തേടിയെത്തുമ്പോള്‍ ഞാനും കൂടെയുണ്ടായിരിക്കണമെന്നത് ദൈവത്തിന്റെ തീരുമാനമായിരിക്കാം.
സംഗീത സംവിധായകന്‍ എം.ജയചന്ദ്രനൊപ്പം
സംഗീത സംവിധാനം ചെയ്യാനുള്ള തീരുമാനം എടുക്കുന്നത് ഏത് ഘട്ടത്തിലാണ്...?
സൗഹൃദങ്ങള്‍ തന്നെയാണ് ആ ധൈര്യം നല്‍കിയത്. 'എ രഞ്ജിത്ത് സിനിമ' എന്ന ആസിഫ് അലി ചിത്രത്തിന് സംഗീതം നല്‍കാനുള്ള അവസരം എന്നിലേക്ക് വന്നത് സുഹൃത്തുക്കള്‍ വഴിയാണ്. മഹാരാജാസ് കോളേജിലെ എന്റെ അടുത്ത സുഹൃത്തുക്കളാണ് ഈ സിനിമയുടെ അണിയറയിലെ പ്രധാനികള്‍. നിഷാന്ത് സാറ്റു ആണ് സംവിധാനം. അദ്ദേഹവും മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയ്ക്ക് സംഗീതം ചെയ്യാനുള്ള ക്ഷണം വന്നത്. അഞ്ചുപാട്ടുകളാണ് ചിത്രത്തിലുള്ളത്. മുമ്പ് ജനാല എന്ന് പറഞ്ഞൊരു സിനിമയ്ക്ക് സംഗീതം ചെയ്തിരുന്നെങ്കിലും അത് റിലീസ് ചെയ്തില്ല. 2023 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ 'വീരം' എന്ന കന്നട സിനിമയ്ക്ക് പശ്ചാത്തല സംഗീതം ചെയ്തത് ഞാനാണ്. പ്രജോള്‍ ദേവരാജായിരുന്നു ചിത്രത്തില്‍ നായകന്‍. ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് അഭിനന്ദങ്ങള്‍കിട്ടി. രണരാക്ഷസ എന്ന സിനിമയാണ് കന്നടയില്‍ ഇനി ചെയ്യാനിരിക്കുന്നത്. കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീടാണ് കന്നട സിനിമേഖലയും എനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്. എനിക്ക് അവിടെ ഒരുപാട് ബന്ധങ്ങളുണ്ട്. അതുകൊണ്ട് സ്വതന്ത്ര്വ സംഗീതം ചെയ്യാനുള്ള നിരവധി അവസരങ്ങള്‍ അവിടെ നിന്നാണ് വരുന്നത്.
Content Highlights: Debut Music Director Midhun Ashokan who is grandson of Music Director M K Arjunan Master
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented