അതൊരു മായാലോകമായിരുന്നു. ഭൂമിക്കപ്പുറമുള്ള അദ്ഭുതങ്ങള്‍ നിറഞ്ഞ മായാഗോളംപോലെയൊന്ന്. അവിടെ അച്ഛനും അമ്മയും ഞങ്ങളും. പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും ഒരു നിമിഷാര്‍ധംപോലും ആവശ്യമില്ലാത്ത കളിക്കൂട്ടുകാരനായിരുന്നു അച്ഛന്‍ എനിക്ക്. ഒടുവില്‍ ഒരു ഒളിച്ചുകളിക്കിടയിലെ ഇടവേളയില്‍ ആര്‍ക്കുമേ പിടികൊടുക്കാതെ മേഘമാലകള്‍ക്കിടയിലൊളിച്ച ഗഗനചാരി.

To advertise here,

മകള്‍ ജനിച്ച ദിവസമായിരുന്നു മലയാള സിനിമാലോകത്ത് പി. പത്മരാജന്‍ എന്ന സിനിമാക്കാരന്‍ പിറവികൊണ്ടത്. ആസ്പത്രിയില്‍ അവള്‍ പിറന്നുവീണ നിമിഷത്തിലെപ്പോഴോ അയാള്‍ തന്റെ ആദ്യ സിനിമയ്ക്ക് ക്ലാപ്പടിച്ചു. പ്രയാണം മുതല്‍ ഞാന്‍ ഗന്ധര്‍വന്‍ വരെയുള്ള സിനിമകള്‍. കഥകള്‍, തിരക്കഥകള്‍. പിറക്കാനിടയുള്ള സിനിമകളെ അനാഥരാക്കി ഒരു ജനുവരിയിലെ പുലര്‍ക്കാലത്ത് പത്മരാജന്‍ യാത്രയായി.  അച്ഛനില്ലാത്ത മൂന്ന് പതിറ്റാണ്ടുകള്‍ കടന്നുപോകുമ്പോള്‍ അച്ഛന്‍ സമ്മാനിച്ച പതിനാറുവര്‍ഷക്കാലത്തെ പകരംവയ്ക്കാനാകാത്ത ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ മാധവിക്കുട്ടി.

അച്ഛനും മകളും
പത്മരാജന്‍ മരിക്കുമ്പോള്‍ മാധവിക്കുട്ടി പതിനാറുകാരിയാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ പതിനാറാം വര്‍ഷമായിരുന്നു അത്. സിനിമകളിലൂടെയും കഥകളിലൂടെയും മലയാളികള്‍ക്ക് കാല്പനികതയുടെ തീരാക്കാഴ്ചകളൊരുക്കിയ ആ പ്രതിഭ മാധവിക്കുട്ടി എന്ന മകള്‍ക്ക് കളിക്കൂട്ടുകാരനായിരുന്നു. ഭര്‍ത്താവ് നന്ദകുമാറിനും മകന്‍ ഋഷികേശിനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലിരുന്ന് മാധവിക്കുട്ടി സംസാരിക്കുമ്പോള്‍ അവരുടെ ഓര്‍മകളില്‍ ഗന്ധര്‍വസാന്നിധ്യം നിറയുന്നു. 

''അച്ഛനില്ലാത്ത മുപ്പതുവര്‍ഷങ്ങളാണ് കടന്നുപോയത്. സിനിമാക്കാരനായ, എഴുത്തുകാരനായ പി. പത്മരാജനേക്കാള്‍ എനിക്കിഷ്ടം കളിച്ചും ചിരിച്ചും തമാശകള്‍ പറഞ്ഞും വീടിനെ സന്തോഷക്കൂടാരമാക്കിയ എന്റെ അച്ഛന്‍കുട്ടിയെ ആയിരുന്നു. അച്ഛന്‍ എന്നെ വിളിച്ചിരുന്നത് മാഡ എന്നാണ്. ചേട്ടനെ ഫയല്‍വാനെന്നും. സ്‌നേഹം കൂടുമ്പോഴൊക്കെയും അച്ഛന്‍ എനിക്ക് അച്ഛന്‍കുട്ടിയായി. അനന്തപത്മനാഭന്‍ എന്നാണ് ചേട്ടന്റെ പേര്. അച്ഛന്റെ പേരാണത്. അമ്മയുടെ മുത്തശ്ശിയുടെ പേരാണ് മാധവി. അങ്ങനെ എനിക്ക് മാധവിക്കുട്ടിയെന്ന് പേരുമിട്ടു. വീട്ടില്‍ എല്ലാവരും മാതു എന്നാണ് വിളിക്കാറ്. ഏതൊക്കെയോ കഥാപാത്രങ്ങള്‍ക്ക് അച്ഛന്‍ ആ പേര് കൊടുത്തിട്ടുണ്ട്.

ഞങ്ങള്‍ കുട്ടികളുടെ കുട്ടിത്തത്തിന് കൂട്ടുനില്‍ക്കുന്ന മറ്റൊരു കുട്ടിയായിരുന്നു വീടിനുള്ളില്‍ അച്ഛന്‍ എപ്പോഴും. ഞങ്ങളെ മൂന്നുപേരെയും ചൂണ്ടി അമ്മ ഇടയ്ക്കിടെ പറയും, എന്റെ മൂന്ന് കുഞ്ഞുങ്ങള്‍ എന്ന്. അച്ഛന്റെ തറവാട് മുതുകുളത്താണ്. വേനലവധിക്ക് സ്‌കൂള്‍ പൂട്ടിയാല്‍ അന്നുതന്നെ ഞങ്ങള്‍ അവിടേക്ക് പായും. അച്ഛന്റെ അമ്മ കഥയുടെ ഒഴിയാത്ത ആവനാഴിയാണ്. കൊച്ചുമക്കളെയെല്ലാം ഒന്നിച്ചിരുത്തി അമ്മൂമ്മ കഥപറച്ചില്‍ തുടങ്ങും. കൂട്ടിക്കൂട്ടത്തിനിടയില്‍ അമ്മൂമ്മക്കഥകള്‍ക്ക് കാതോര്‍ത്ത് അച്ഛനും ഉണ്ടാകും. അച്ഛന്‍ ദേഷ്യപ്പെടുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. എന്തെങ്കിലും അലോസരം തോന്നിയാല്‍ ഒന്നുംമിണ്ടാതെ കുറച്ചുനേരം മാറിയിരിക്കും. മനസ്സില്‍നിന്ന് ആ പ്രശ്‌നം ഒഴിഞ്ഞാല്‍ പിന്നെ അതേപ്പറ്റി ചര്‍ച്ചയും തര്‍ക്കവുമില്ല. ''

placeholder
പത്മരാജനൊപ്പം മകൾ

അച്ഛനും കൂടെവരുന്ന പനിയും
''ഒരുപാട് ചങ്ങാതിമാരുള്ള ആളായിരുന്നു അച്ഛന്‍. വീട്ടിലുള്ളപ്പോഴൊക്കെ ലാന്‍ഡ്ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരിക്കും. ഹരിപോത്തന്‍ മാമനും എം.ജി. രാധാകൃഷ്ണന്‍ മാമനുമൊക്കെയാവും മറുതലയ്ക്കല്‍. ഫോണെടുത്ത് അച്ഛന് കൈമാറുന്ന ആള്‍ ഞാനാണ്. ബെഡ്റൂമിലെ കട്ടിലില്‍ ഇരുന്ന് അച്ഛന്‍ ഫോണില്‍ സംസാരിക്കുമ്പോഴൊക്കെയും ഞാനദ്ദേഹത്തിന്റെ തോളില്‍ ഉണ്ടാകും. നല്ല ഇടതൂര്‍ന്ന ചുരുണ്ട മുടിയാണ് അച്ഛന്. ആ മുടി മാടിയൊതുക്കിയും ഉയര്‍ത്തിക്കെട്ടിയും ഞാന്‍ ഓരോ മിനുക്കുപണികള്‍ ആസ്വദിക്കും. തിരക്കൊഴിഞ്ഞാല്‍ അദ്ദേഹം എനിക്കും ചേട്ടനുമൊപ്പം കളിക്കും.

സിനിമകളുടെ തിരക്കുകളും മറ്റുമായി മാസങ്ങളോളം വീട്ടില്‍നിന്ന് അദ്ദേഹം മാറിനില്‍ക്കാറുണ്ട്. അച്ഛന്‍ പോകുന്ന ദിവസങ്ങളില്‍ എനിക്ക് പനി വരും. ഒരു പ്രായംവരെ അത് അങ്ങനെ തുടര്‍ന്നു. ഞാന്‍ കണ്ട അച്ഛന്‍ അടിമുടി സ്‌നേഹംനിറഞ്ഞ ഒരാളായിരുന്നു.  പുറമേയുള്ളവരോട് സംസാരം കുറവായിരുന്നു. വിരുന്നുകാരൊക്കെ വന്നാല്‍ അവര്‍ പറയുന്നത് ചിരിച്ചിങ്ങനെ കേട്ടിരിക്കും. വരുന്നവരെ നിരീക്ഷിക്കും. തിരിച്ചൊന്നും പറയില്ല.'' ഓര്‍മകളില്‍, കൗതുകങ്ങളായി അച്ഛന്‍ നിറയുന്നു.

ആ സിനിമകളില്‍
''ഞാന്‍ ആറാംക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം അമ്മ സ്‌കൂളിലേക്ക് വന്നു. 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അമ്മ എന്നെയുംകൂട്ടി അവിടെയെത്തി. എന്താണ് കാര്യമെന്നൊന്നും അറിയില്ല. അച്ഛന്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. മീനു എന്ന കഥാപാത്രം. അച്ഛന്‍ പറഞ്ഞതുപോലെ ഞാന്‍ അഭിനയിച്ചു. കുറച്ചുകൂടി മുതിര്‍ന്ന പെണ്‍കുട്ടിയെ ഉദ്ദേശിച്ചൊരുക്കിയ കഥാപാത്രമാണ്. പക്ഷേ, യോജിച്ച പുതുമുഖത്തെ കിട്ടാതെ വന്നതോടെ എന്നെ പരിഗണിക്കുകയായിരുന്നു. 

നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം എന്നീ സിനിമകളിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പെരുവഴിയമ്പലത്തില്‍ ഒരൊറ്റ സീനില്‍ ഞാനുണ്ട്. ബോബിച്ചേട്ടനൊപ്പം (ബോബി സഞ്ജയ്) ജനലഴിയില്‍ പിടിച്ചുനില്‍ക്കുന്ന സീന്‍. കള്ളന്‍ പവിത്രന്‍, പറന്നു പറന്ന് പറന്ന് തുടങ്ങിയ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടോ അച്ഛന്‍ നിര്‍ബന്ധിച്ചിട്ടോ അല്ല. എനിക്ക് സഭാകമ്പം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അച്ഛന്‍ അതിലൊക്കെ എന്നെയും പങ്കെടുപ്പിക്കുകയായിരുന്നു.''

ഗന്ധര്‍വകഥ
''അച്ഛന്റെ സങ്കല്പങ്ങള്‍ അടിമുടി ഫാന്റസി നിറഞ്ഞതായിരുന്നു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയ്ക്കുവേണ്ടി കഥ എഴുതാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. എന്നെയും ചേട്ടനെയും കഥാപാത്രങ്ങളാക്കി കഥയുടെ വണ്‍ലൈന്‍ ഒരുക്കിയതുമാണ്. പക്ഷേ, എന്തുകൊണ്ടോ അത് നടന്നില്ല. മറ്റൊരാളുടെ കഥയില്‍ സിനിമയൊരുങ്ങി. അതില്‍ അച്ഛന് വിഷമം ഉണ്ടായിരുന്നു. 
 ഫാന്റസിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം 'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമ എടുത്തത്. പക്ഷേ, അതിന്റെ പേരില്‍ അച്ഛന്‍ ഒരുപാട് ബുദ്ധിമുട്ടി. 'ദേവാങ്കണങ്ങള്‍' എന്ന പാട്ട് സിനിമയില്‍നിന്ന് ഒഴിവാക്കണമെന്നൊക്കെ ആവശ്യം വന്നു. അതെല്ലാം കടന്ന് സിനിമ പുറത്തിറങ്ങിയപ്പോഴും അദ്ദേഹത്തിന് പ്രതീക്ഷിച്ച സന്തോഷം നേടാനായില്ല.''

placeholder
മാധവിക്കുട്ടിയും മകനും

അറംപറ്റിയ വരികള്‍
''1991 ജനുവരി 11നാണ് 'ഞാന്‍ ഗന്ധര്‍വന്‍' റിലീസ് ചെയ്യുന്നത്. ജനുവരി 18 ന് അദ്ദേഹം വീട്ടില്‍നിന്ന് പോയി. സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ തിയേറ്ററുകള്‍ സന്ദര്‍ശിക്കാനുള്ള യാത്ര. അന്ന് ഞാന്‍ മാര്‍ ഇവാനിയോസില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയാണ്. കോളേജില്‍ കലോത്സവം നടക്കുന്നു. പാട്ടിലും ഡാന്‍സിലുമൊക്കെ സജീവമായിരുന്നു ഞാന്‍. അത്തവണ കവിതാപാരായണത്തിന് 'ആത്മാവില്‍ ഒരു ചിത എന്ന കവിതയാണ് പാടാനായി തിരഞ്ഞെടുത്തത്.' സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ബന്ധുവാണ്. കുട്ടന്‍ ചേട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ഞാന്‍ പറഞ്ഞിട്ട് കുട്ടന്‍ ചേട്ടന്‍ ആ കവിത ചൊല്ലി റെക്കോഡ് ചെയ്ത് എനിക്ക് തന്നു. അതുകേട്ടാണ് പഠിച്ചത്. കവിതചൊല്ലലിനുമുന്‍പ് സ്റ്റേജില്‍ പറയാനുള്ള ആമുഖം അച്ഛന്‍തന്നെ എനിക്ക് എഴുതിത്തന്നു. അച്ഛനാണ് എനിക്ക് പതിവായി ആമുഖം എഴുതിത്തരാറുള്ളതും. 

'അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം;നിശ്ശബ്ദതപോലുമന്നു നിശ്ശബ്ദമായ്...'എന്നുതുടങ്ങി... ഒരുകുട്ടി അച്ഛന്റെ മരണം ഓര്‍ക്കുന്നമട്ടില്‍ വയലാര്‍ എഴുതിയ കവിത. അച്ഛനോട് ഇഷ്ടക്കൂടുതലുള്ള മകളെന്ന നിലയില്‍ വരികളെന്റെ ഉള്ളില്‍ തട്ടുന്നുണ്ടായിരുന്നു. പക്ഷേ, കോളേജ് ഓഡിറ്റോറിയത്തില്‍ ഞാന്‍ ആ വരികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ എന്റെ അച്ഛന്‍ ആ പുലരിയില്‍ ഞങ്ങളെ വിട്ടുപോയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. കോഴിക്കോടുനിന്നും വിവരം തിരുവനന്തപുരത്തെത്തി. എം. ജി. രാധാകൃഷ്ണന്‍ മാമനാണ് അന്നെന്നെ കോളേജില്‍നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.

കവിതയിലെപ്പോലെത്തന്നെ വെള്ളപുതപ്പിച്ച അച്ഛന്‍ വെറും നിലത്ത്... ചൊല്ലിയ വരികളിലെ ചന്ദനപ്പമ്പരം കളഞ്ഞുപോയ ആ കുട്ടിയായി ഞാനും. സിനിമയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളാണ് അച്ഛനെ ഇല്ലാതാക്കിയതെന്നോര്‍ത്ത് അന്നൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്.''

പ്രതിസന്ധികള്‍
''രാജകുമാരിയപ്പോലെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. എല്ലാത്തരം സൗകര്യങ്ങളും അച്ഛന്‍ ഒരുക്കിത്തന്നു. അദ്ദേഹം ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി. അച്ഛന്‍ കുറേ സ്ഥലം വാങ്ങിയിട്ടിരുന്നു. അതില്‍ ചിലത് വിറ്റു. അമ്മ ആകെപ്പാടെ തകര്‍ന്നു. മക്കള്‍ എന്ന നിലയില്‍ അമ്മയെ വിഷമിപ്പിക്കാതെ മുന്നോട്ടുപോകുകയായിരുന്നു പ്രധാനം. ഞങ്ങള്‍ വളര്‍ന്നു. അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും എനിക്ക് കിട്ടിയില്ല... തന്റേടം മാത്രമേ കിട്ടിയിട്ടുള്ളൂ. പൊതുവേ സംസാരം കുറവുള്ള ആളാണെങ്കിലും പറയേണ്ടത് പറയാന്‍ അച്ഛന്‍ മടിച്ചിരുന്നില്ല.'' മാധവിക്കുട്ടി ആ കാലം ഓര്‍ക്കുന്നു.

വിലയുള്ള സമ്മാനങ്ങള്‍ 
''അച്ഛന്‍ ഫാഷനബിള്‍ ആയിരുന്നു. നല്ല ഫാഷന്‍ സെന്‍സുള്ള ആള്‍. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍പോലും അറിഞ്ഞുവയ്ക്കും. എവിടെപ്പോയാലും എനിക്ക് വേണ്ടുന്നതെല്ലാം കൊണ്ടുവരും. വളകള്‍, പൊട്ടുകള്‍, ഹെയര്‍ ബാന്‍ഡുകള്‍. ഏറ്റവും പുതിയ മോഡലുകള്‍. അച്ഛന്റെ ആ സമ്മാനങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.''

അവരുടെ പ്രണയം
''അച്ഛനും അമ്മയ്ക്കുമിടയിലുള്ള ഇഷ്ടം എന്റെ കണ്ണില്‍ അച്ഛന്റെ കഥകളിലെ പ്രണയത്തേക്കാളും ആഴവും പരപ്പുമുള്ളതായിരുന്നു. അവര്‍ക്കിടയിലെ പ്രണയം പക്വവും പൂര്‍ണവുമായിരുന്നു. അവര്‍തമ്മില്‍ വഴക്കുകൂടുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും അച്ഛന്‍ ചെയ്യാറുണ്ടായിരുന്നില്ല. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന് അവസരം വന്നു. പക്ഷേ, അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത് അമ്മയ്ക്കെന്തുകൊണ്ടോ ഇഷ്ടമായിരുന്നില്ല. അങ്ങനെ അച്ഛനത് വേണ്ടെന്നുവെച്ചു. 

തിരുവനന്തപുരത്തെ ഞങ്ങളുടെ വീടിനോടുചേര്‍ന്ന് അച്ഛന്‍ വാങ്ങിയിട്ട ഒരു പുരയിടമുണ്ട്. അവിടെ ഒരു ഷട്ടില്‍ കോര്‍ട്ട് കെട്ടി അമ്മയ്ക്കും ഞങ്ങള്‍ക്കുമൊപ്പം ഷട്ടില്‍ കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അമ്മയോട് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു. അച്ഛന്‍ മരിച്ചദിവസം അദ്ദേഹത്തെ യാത്രയാക്കാന്‍ മുതുകുളത്തേക്കുള്ള മരവിച്ച യാത്രയ്ക്കിടെ വഴിയിലെവിടെനിന്നോ ഒരു ഫെതര്‍കോക്ക് കാറിന്റെ ജാലകത്തിലൂടെ പറന്നുവന്ന് അമ്മയുടെ മടിയില്‍ വീണു. ആ നിമിഷത്തില്‍ അമ്മയെപ്പോലെ ഞാനും ഉറപ്പിച്ചു, അച്ഛന്‍ ഒരു ഗന്ധര്‍വനാണെന്ന്.''