മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് സൈജു കുറുപ്പ്. വില്ലനായും സ്വഭാവ നടനായും ഹാസ്യ താരമായും പ്രേക്ഷകരെ കയ്യിലെടുത്ത സൈജു തന്റെ ഇരുപതാം സിനിമാ വർഷത്തിൽ 150-ാം ചിത്രത്തിന്റെ നിറവിലാണ്. നിർമ്മാതാവ് എന്ന നിലയിൽ തന്റെ രണ്ടാമത്തെ ചിത്രമായ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. അതേ സന്തോഷത്തിൽ താരം സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറക്കുന്നു.

കരിയറിലെ 150-ാമത് സിനിമ, അതും ആദ്യമായി ഒരു കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം വിഷു റിലീസായി എത്തി. എങ്ങനെയുണ്ട് ഈ അനുഭവം?

സത്യത്തിൽ ഇത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. 20 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ടൈറ്റിൽ റോളിൽ എത്തുന്ന ഒരു സിനിമ വിഷു റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഇത് എന്റെ കഠിനാധ്വാനത്തിന് കാലം കരുതിവെച്ച ഒരു സമ്മാനമായിട്ടാണ് എനിക്ക് തോന്നുന്നത്. പടം മികച്ച രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നത് കാണുന്നതാണ് അതിലെ പ്രധാന സന്തോഷം.

'ഭരതനാട്യം' ഒരു പക്കാ ഫാമിലി കോമഡിയായിരുന്നു. എന്നാൽ 'മോഹിനിയാട്ടം' ട്രെയിലർ തരുന്ന സൂചന ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണല്ലോ?

'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ‘മോഹിനിയാട്ടം’ ചെയ്തിരിക്കുന്നത്. ഇതൊരു ക്രൈം ത്രില്ലർ ഡാർക്ക് ഹ്യൂമർ സിനിമയാണ്. ഒന്നാം ഭാഗത്തിലെ ശശിയുടെ രണ്ടാനമ്മയെ (ശ്രീജ രവി) കണ്ണൂരിലെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവിടാൻ പോകുന്ന യാത്രയും അവിടെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. 'മോഹിനി' എന്ന കഥാപാത്രം ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന മോഹിനിയുടെ ആട്ടവുമാണ് ഇതിലെ ഹൈലൈറ്റ്. ആദ്യഭാഗം കാണാത്തവർക്കും ഇതൊരു സ്വതന്ത്ര സിനിമയായി ആസ്വദിക്കാൻ സാധിക്കും. ഭരതനാട്യം കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ്. തിയേറ്ററിൽ വിചാരിച്ച പോലെ ഓടിയില്ലെങ്കിലും ഒടിടിയിൽ അത് വലിയ വിജയമായിരുന്നു. വെറും 20 ദിവസം കൊണ്ട് 100 മില്യൺ സ്ട്രീമിംഗ് മിനിറ്റുകൾ ലഭിച്ചത് ചെറിയ കാര്യമല്ല. ആ ചിത്രത്തിന് ലഭിച്ച വിമർശനങ്ങൾ കൂടി ഉൾക്കൊണ്ടാണ് 'മോഹിനിയാട്ടം' ഒരുക്കിയിരിക്കുന്നത്.

'ഭരതനാട്യ'ത്തിന് ഒരു രണ്ടാം ഭാഗം വേണമെന്ന് ചിന്തിച്ചതെപ്പോഴാണ്?
എന്റെ സഹനിർമാതാവായ തോമസ് തിരുവല്ലയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചൂടെ എന്നു ചോദിക്കുന്നത്. 'ഒരു സിനിമ നമ്മൾ തുടങ്ങി കൃത്യമായി അവസാനിപ്പിച്ചിട്ടുണ്ട്. അതിൽ ഇനി ഒരു രണ്ടാംഭാഗത്തിന് സാധ്യതയുണ്ടോ എന്ന്' സംവിധായകൻ കൃഷ്ണദാസിനും സംശയമായി. വെറുതേ ഒന്നു ചിന്തിച്ചുനോക്കാനും ഒന്നും കിട്ടിയില്ലെങ്കിൽ വിട്ടേക്കാം എന്നും തോമസേട്ടൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കൃഷ്ണദാസ് ഒരു പ്ലോട്ട് പറഞ്ഞു. അത് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. പെട്ടെന്ന് വൺലൈൻ തയ്യാറാക്കി. തിരക്കഥയും. അടുത്തതായി 'ഭരതനാട്യം' ടീമിലില്ലാത്ത ഒരാളെക്കൊണ്ട് തിരക്കഥ വായിപ്പിക്കാമെന്നായി. മിഥുൻ മാനുവൽ തോമസിനു നൽകി. അദ്ദേഹം അത് വായിച്ച് ചില ചെറിയ തിരുത്തലുകൾ നിർദേശിച്ചു. അതും കൂടി ആയപ്പോൾ തിരക്കഥയ്ക്ക്‌ മാറ്റുകൂടി.

സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, പിന്നെ ബേബി ജീൻ... ഇത്തവണ കാസ്റ്റിംഗിൽ മാറ്റങ്ങളുണ്ടോ?

കഥ ആവശ്യപ്പെടുന്ന അഭിനേതാക്കളെയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. സുരാജ് ഏട്ടനും ജഗദീഷേട്ടനും ഏതൊരു വേഷവും അനായാസം ചെയ്യുന്നവരാണ്. ബേബി ജീൻ എന്ന റാപ്പറുടെ പ്രകടനം ഈ സിനിമയിൽ എല്ലാവരെയും അമ്പരപ്പിക്കും. തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ട്രെയിലറിൽ ഉടനീളം 'ദൃശ്യം' സിനിമയുടെ സ്പൂഫ് ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സീനുകളുണ്ടല്ലോ?

ദൃശ്യം റഫറൻസുകൾ വച്ചാണ് ലിന്റോ കുര്യൻ ട്രെയിലർ പ്രത്യേക കഥ പോലെയാക്കിയത്. സിനിമയിൽ രണ്ട് സീനുകളിൽ മാത്രമാണ് ദൃശ്യം റഫറൻസ് വരുന്നത്. അല്ലാതെ ഇതൊരു ദൃശ്യം സ്പൂഫ് മൂവി അല്ല. ശശി എന്ന കഥാപാത്രം വീണ്ടും ഒരു വലിയ കുരുക്കിൽ ചെന്ന് ചാടുന്നു എന്ന് മാത്രം.

സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെ രണ്ടാമത്തെ പടം. ഒരു നടൻ എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിൽ എത്രത്തോളം വെല്ലുവിളികൾ നേരിട്ടു?

നിർമ്മാതാവാകുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടും. ലൊക്കേഷൻ പ്രശ്‌നങ്ങൾ, ഡേറ്റ് സംബന്ധമായ കാര്യങ്ങൾ ഒക്കെ നമ്മൾ കൂടി അറിയണം. തോമസ് തിരുവല്ലയെപ്പോലൊരു മികച്ച സഹനിർമ്മാതാവ് കൂടെയുള്ളതുകൊണ്ട് എനിക്ക് അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ വിഷമമുണ്ടായിരുന്നു. 'മോഹിനിയാട്ടം' വിജയിച്ചാൽ മാത്രമേ ഈ ബാനറിൽ തുടർന്ന് സിനിമകൾ ചെയ്യുകയുള്ളൂ. ഹരിഹരൻ സാറിനെപ്പോലൊരു വലിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. പുതിയ ആളുകൾക്ക് അവസരം നൽകണം എന്ന് ആഗ്രഹമുണ്ട്. ഈ സിനിമയുടെ വിജയം അനുസരിച്ചായിരിക്കും നിർമ്മാതാവിന്റെ കുപ്പായം ഇനി എപ്പോഴാണ് അണിയുക എന്ന് തീരുമാനിക്കുന്നത്.

അറക്കൽ അബുവിനെ പ്രേക്ഷകർ ഇത്തവണ എങ്ങനെയെടുത്തു?

അറക്കൽ അബു എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്കുള്ള ഇഷ്ടം വളരെ വലുതാണ്. 'ആട് 3'-ൽ പടത്തലവൻ കോമക്കുറുപ്പായി ആണ് അഭിനയിച്ചത്. അബുവിന് സ്‌ക്രീൻ സ്‌പേസ് കുറഞ്ഞോ എന്ന് ചിലർക്ക് പരാതിയുണ്ടെങ്കിലും സിനിമയുടെ വിജയത്തിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണ് ആട് 3.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi