46 വർഷമായി അനിൽ കപൂർ സിനിമയിലെത്തിയിട്ട്. 'ഹമാരെ തുമാരെ' എന്ന സിനിമയിൽ ചെറിയൊരു വേഷത്തിലൂടെയാണ് അദ്ദേഹമെത്തിയത്. അതിനുശേഷം തെലുഗു, കന്നഡ സിനിമകളിൽ അഭിനയിച്ചശേഷമാണ് ബോളിവുഡിൽ തിരിച്ചെത്തിയത്. 'വോ 7 ദിൻ', 'മേരി ജംഗ്' എന്നീ സിനിമകളാണ് അദ്ദേഹത്തെ താരമാക്കിയത്. അഭിനയത്തിനൊപ്പം സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് അനിൽ. താങ്ക്യൂ ഫോർ കമിങ്, ക്രൂ, വീർ ദി വെഡിങ്, ഖൂബ്‌സൂരത് തുടങ്ങിയ സിനിമകളാണ് അദ്ദേഹം നിർമിച്ചത്. നിർമാണം മുതൽ അന്താരാഷ്ട്ര പ്രൊജക്ടുകളിൽ വരെ അദ്ദേഹം ഭാഗമായി.

ഇത്ര വർഷങ്ങൾക്കുശേഷവും അനിൽ സിനിമയിൽ സജീവമാണ്. ഒരിക്കൽ പോലും അഭിനയത്തിൽനിന്ന് മാറിനിന്നിട്ടില്ല. ആ തീരുമാനത്തിനുപിന്നിൽ അമിതാഭ് ബച്ചനാണെന്ന് അനിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ആ കഥയിങ്ങനെ: ഒരുകാലത്ത് അനിൽ അഭിനയത്തിൽനിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചു. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചത് അമിതാഭ് ബച്ചനോടും. ''എന്റെ കരിയറിലെ ഏറ്റവും മികച്ചതോ മോശമായതോ ആയ ഒരു ഘട്ടവും എനിക്ക് ഓർമ്മയില്ല. എപ്പോഴും സ്ഥിരതയോടെയാണ് കരിയർ മുന്നോട്ടുപോയിട്ടുള്ളത്. എന്നിട്ടും ഒരു ഘട്ടമെത്തിയപ്പോൾ ചെറിയൊരു ഇടവേള വേണമെന്ന് തോന്നി. 'അർമാൻ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നുവത്. അമിതാഭ്ജിയോട് ഞാൻ സംസാരിച്ചു. 'വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നു. ക്ഷീണിതനായപോലെ തോന്നുന്നു. ഒരു ബ്രേക്ക് എടുത്താലോ എന്ന് ചിന്തിക്കുന്നു' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിന് മറുപടി പറഞ്ഞതിങ്ങനെ, 'ജീവിതത്തിൽ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യരുത്. ഒരിക്കലും ഇടവേള എടുക്കരുത്. എന്റെ അനുഭവത്തിൽനിന്നാണിത് പറയുന്നത്'. എന്നേക്കാൾ എത്രയോ സീനിയറായ വ്യക്തി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്ന കാര്യം. അതോടെ ആ തീരുമാനം ഞാൻ മാറ്റി'', അനിൽ ഓർക്കുന്നു.

അമിതാഭ് ബച്ചൻ ഒരിക്കൽ സിനിമയിൽനിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയിരുന്നു. എന്നാൽ മൂന്നുവർഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു. പക്ഷേ അക്കാലമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം സമയം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi