ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രവി കിഷനും അടുത്തിടെ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' ഷോയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ, താൻ എട്ട് മണിക്കൂർ ജോലി സമയമാണ് പിന്തുടരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തി. ഇതുകാരണം ചില വലിയ നിർമ്മാതാക്കൾ തന്നോടൊപ്പം പ്രവർത്തിക്കാൻ മടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെയും നടൻ ടോം ക്രൂസിന്റെയും തൊഴിൽശൈലിയുമായിട്ടാണ് തന്റെ ശൈലിയെ അക്ഷയ് താരതമ്യം ചെയ്തത്.

To advertise here,

പുതിയ സംവിധായകർക്ക് അവസരം നൽകുന്നതിനും നിർമ്മാതാക്കളെയും സംവിധായകരെയും ഒരുപോലെ പരിഗണിക്കുന്നതിനും കരൺ, അക്ഷയ്‌യെ പ്രശംസിച്ചു. “വലിയ ആളുകളിൽ പലർക്കുമെന്നെ കാസ്റ്റ് ചെയ്യാൻ താൽപ്പര്യമില്ല. പലവിധ കിംവദന്തികളുണ്ട്, ഞാൻ എട്ട് മണിക്കൂറേ ജോലി ചെയ്യൂവെന്ന് അവർ പറയുന്നു. എന്നാൽ ആ എട്ട് മണിക്കൂറിനുള്ളിൽ ഞാൻ എന്റെ വാനിറ്റി വാനിൽ പോലും പോകാറില്ലെന്ന് അവർ മറക്കുന്നു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്നതാണ് നമ്മുടെ ജോലി, ആളുകൾക്ക് ക്യാമറയ്ക്ക് മുന്നിൽ നിങ്ങളെ മനോഹരമായി കാണാനാണ് ഇഷ്ടം, അല്ലാതെ ക്ഷീണിച്ച മുഖമല്ല. അതുകൊണ്ട് ഞാൻ എട്ട് മണിക്കൂർ ജോലി ചെയ്യാനും എട്ട് മണിക്കൂർ ഉറങ്ങാനും, രണ്ട് മണിക്കൂർ എന്റെ ശരീര സൗന്ദര്യത്തിനായി മാറ്റിവെക്കാനും, കുറച്ച് മണിക്കൂറുകൾ കുടുംബത്തിനായി നൽകാനും തീരുമാനിച്ചു.”-എന്നായിരുന്നു അക്ഷയ്‌യുടെ മറുപടി.

സിനിമാസെറ്റുകളിലെ അക്ഷയുടെ വേഗതയെയും ഊർജത്തെയും രവി കിഷൻ പ്രശംസിച്ചു. സിനിമകൾ വേഗത്തിൽ തീർത്ത് നിർമ്മാതാക്കളുടെ പണം ലാഭിക്കാൻ താരം സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് സാധാരണയായി 55 ദിവസത്തിനുള്ളിൽ ഒരു സിനിമ പൂർത്തിയാക്കും. ഇത് നിർമ്മാതാക്കൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന്, 65 ദിവസത്തിനുള്ളിൽ താനെങ്ങനെയാണ് ഒരു സിനിമ തീർക്കുന്നതെന്ന് പലരും അത്ഭുതപ്പെടാറുണ്ടെന്ന് അക്ഷയ് പറഞ്ഞു. “ക്രിസ്റ്റഫർ നോളന്റെ ഒരഭിമുഖം ഞാൻ അടുത്തിടെ വായിച്ചു, അദ്ദേഹം ഒരു സിനിമ പൂർത്തിയാക്കാൻ 90 ദിവസത്തിൽ കൂടുതൽ എടുക്കാറില്ല. ടോം ക്രൂസ് 'മിഷൻ: ഇംപോസിബിൾ' 55 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്.”

2025-ൽ, സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയത് എട്ടുമണിക്കൂർ ജോലിസമയം അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാവാത്തതിനെത്തുടർന്നായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി. ഇൻഡസ്ട്രിയിലെ പല പുരുഷതാരങ്ങളും ചോദ്യങ്ങളൊന്നും നേരിടാതെ വർഷങ്ങളായി എട്ട് മണിക്കൂർ ഷിഫ്റ്റാണ് പിന്തുടരുന്നതെന്ന് ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു സ്ത്രീ ആയതുകൊണ്ട് മാത്രം തന്റെ ആവശ്യം അനാവശ്യമായി കാണരുതെന്നും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi