ഓരോ സിനിമയിലും തികച്ചും വ്യത്യസ്തമായ ഭാവത്തിലെത്തുന്ന നടി. മലയാളിയുടെ ഹൃദയം കവർന്ന ആർഷ ചാന്ദിനി ബൈജു. 'പതിനെട്ടാം പടി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയത്തിന്റെ ആദ്യ ചുവടുകൾ വെച്ച ആർഷ 'ആവറേജ് അമ്പിളി' എന്ന വെബ് സീരീസിലൂടെയും ആരാധകപ്രീതി നേടി. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ലെ മീനാക്ഷിയെന്ന കഥാപാത്രം പരമ്പരാഗത നായികാ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്നതായി. തമിഴിൽ 'ഹൗസ്മേറ്റ്സ്' എന്ന ചിത്രത്തിലൂടെ തന്റെ റേഞ്ച് ഒരു ഭാഷയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നും ഈ താരം തെളിയിച്ചു. സിനിമാ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് ആർഷ.

കുട്ടിക്കാല ഓർമ്മകൾ?

ആലപ്പുഴയിലെ മാന്നാറാണ് നാട്. അച്ഛൻ ബൈജുവും അമ്മ ചാന്ദ്നിയും അധ്യാപകർ. വീട്ടിൽ ആർക്കും സിനിമയുമായി യാതൊരു ബന്ധവുമില്ല. എങ്കിലും എല്ലാവരും കടുത്ത സിനിമാപ്രേമികളായിരുന്നു. പുതിയ പടം വന്നാൽ അപ്പോൾത്തന്നെ കാണണമെന്ന് ചേട്ടൻ അരബിന്ദിന് നിർബന്ധമായിരുന്നു. സുന്ദരമായ കുട്ടിക്കാലമായിരുന്നു. അന്നൊക്കെ എന്റെ ശനി, ഞായർ ദിവസങ്ങൾ വളരെ തിരക്കായിരുന്നു. രാവിലെ ഡാൻസ് ക്ലാസ്, അത് കഴിഞ്ഞാൽ പാട്ട്, പിന്നെ കീബോർഡ്…

അന്ന് അഭിനയ താത്പര്യമുണ്ടായിരുന്നോ?

സ്‌കൂളിൽ മോണോആക്ട്, ഡാൻസ്, പാട്ട്, പദ്യപാരായണം എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കുമായിരുന്നു. കൂടുതൽ ഇഷ്ടം അഭിനയിക്കാനായിരുന്നു. വലുതാവുമ്പോൾ എന്തായാലും സിനിമയിൽ എത്തിയിരിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പഠിത്തത്തിലും ശ്രദ്ധിച്ചിരുന്നു. അഞ്ചാം ക്ലാസു തൊട്ട് ടിവിയിൽ കുട്ടികളുടെ ഫോൺ ഇൻ പ്രോഗ്രാം ചെയ്തിട്ടുണ്ട്.

ആദ്യചിത്രത്തിലേക്ക്?

പ്ലസ്ടു കഴിഞ്ഞ സമയത്ത് ഓഡിഷനുകൾക്ക് അയച്ചുതുടങ്ങി. ആദ്യ ഓഡിഷൻ 'ആഗസ്റ്റ് സിനിമാസി'ന്റെ ഓഫീസിലായിരുന്നു. രണ്ടു മൂന്ന് റൗണ്ട് ഫിൽട്ടറിങ് ഓഡിഷനുകൾക്കും ക്യാമ്പിനും ശേഷമാണ് 'പതിനെട്ടാം പടി'യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അതിനിടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും പിജിയും പൂർത്തിയാക്കി. സുഹൃത്തുക്കളൊക്കെ വലിയ പിന്തുണയാണ് തന്നത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ കണ്ടന്റ് റൈറ്റിങ് മേഖലയിലേക്ക് പോയേനെ.

സ്വാധീനിച്ച പുസ്തകങ്ങളും സിനിമകളും?

നോവലുകളാണ് കൂടുതൽ ഇഷ്ടം. ടോൾസ്റ്റോയിയുടെ 'അന്നാ കരേനീന' വല്ലാതെ സ്വാധീനിച്ചു. സിനിമകളുടെ കാര്യത്തിൽ റോം-കോം, റൊമാൻസ്, ഫീൽ ഗുഡ് വിഭാഗത്തിലുള്ള സിനിമകളും ക്യാരക്ടർ ഡ്രാമകളുമാണ് കൂടുതൽ ആസ്വദിക്കുന്നത്. കമിങ് ഓഫ് ഏജ് പോലുള്ള സീരീസുകൾ ഇഷ്ടമാണ്.

കരിയറിന്റെ തുടക്കകാലത്തുതന്നെ നെഗറ്റീവ് കഥാപാത്രം ചെയ്യാനുള്ള ധൈര്യം എങ്ങനെ വന്നു?

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലെ 'മീനാക്ഷി' എന്ന കഥാപാത്രമാണത്. എനിക്ക് പൊതുവേ അൺകൺവെൻഷണൽ ആയ സിനിമകൾ കാണാനാണ് ഇഷ്ടം. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോൾ ഇതൊരു വലിയ അവസരമായിട്ടാണ് തോന്നിയത്. ഒരു അഭിനേത്രിക്ക് തുടക്കകാലത്തുതന്നെ അത്രയും ആഴമുള്ള ഒരു നെഗറ്റീവ് ക്യാരക്ടർ കിട്ടുക എളുപ്പമല്ല. മീനാക്ഷി വളരെ പ്രായോഗികമായി ചിന്തിക്കുന്ന, ബുദ്ധിമതിയായ സ്ത്രീയാണ്. എല്ലാവരുടെയും ഉള്ളിലുള്ള ഗ്രേ ഷെയ്ഡ് അവൾക്കുമുണ്ട്. വ്യക്തി എന്ന നിലയിൽ മീനാക്ഷിയെ പൂർണ്ണമായി ന്യായീകരിക്കാൻ പറ്റില്ല. എന്നാൽ കഥാപാത്രമെന്ന നിലയിൽ കരിയറിലെ മികച്ച ഒന്നായിരുന്നു അത്.

'ആവറേജ് അമ്പിളി'യെപ്പോലെയാണോ ജീവിതത്തിൽ ആർഷ?

അമ്പിളിയുടെ കഥാപാത്രം ഒട്ടും പ്രിവിലേജ്ഡ് അല്ലാത്ത, കുടുംബത്തിൽ നിന്നാണ് വരുന്നത്. വീട്ടുകാരുടെ പോലും പിന്തുണ ലഭിക്കാത്തവൾ. എന്നാൽ ഞാൻ പഠിത്തത്തിൽ ആവറേജിനും മുകളിൽ നിൽക്കുന്ന വിദ്യാർഥിയായിരുന്നു. ചെറുപ്പം മുതലേ മാതാപിതാക്കളുടെ പിന്തുണയോടെ വളർന്ന ആളാണ്. എക്സ്ട്രോവേർട്ടാണ്. അമ്പിളിയിൽ നിന്നും മീനാക്ഷിയിൽ നിന്നും വിപരീതമാണ് എന്റെ സ്വഭാവം.

തമിഴിലെ അരങ്ങേറ്റം?

ടി. രാജവേലിന്റെ 'ഹൗസ് മേറ്റ്സ്' എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കെത്തുന്നത്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' കണ്ടിട്ടാണ് അവർ വിളിക്കുന്നത്. ഒരു ട്യൂട്ടറെ വെച്ച് തമിഴ് പഠിക്കാൻ ശ്രമിച്ചിരുന്നു. അവിടെച്ചെന്ന് സെറ്റിലുള്ളവരോട് കുറച്ചു ദിവസം സംസാരിച്ചപ്പോഴേക്കും ഭാഷ എളുപ്പത്തിൽ വഴങ്ങി.

നർത്തകി കൂടിയാണല്ലോ?

ചെറുപ്പം മുതലേ ക്ലാസിക്കൽ ഡാൻസും കർണാടകസംഗീതവും പഠിക്കുന്നുണ്ട്. നൃത്തം എപ്പോഴും എനിക്ക് സന്തോഷം നൽകുന്നു. ഇപ്പോൾ കുച്ചുപ്പുടിയിൽ ഫോക്കസ് ചെയ്ത് സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. നല്ലൊരു പെർഫോമർ ആകാനാണ് ആഗ്രഹം. മുൻപ് പ്രോഗ്രാമുകൾ പ്ലാൻ ചെയ്തപ്പോഴൊക്കെയും സ്റ്റേജിൽ കയറാൻ പേടിയുണ്ടായിരുന്നു. ഡാൻസ് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിന് മുൻപുതന്നെ ആളുകൾ വീഡിയോകൾ എടുത്ത് മോശം ക്യാപ്ഷനുകളോടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ട്രോളുകളാക്കി മാറ്റും.

സിനിമയെ പുറത്തുനിന്നും അകത്തുനിന്നും നോക്കിക്കാണുന്ന ഒരാളെന്ന നിലയിൽ എന്താണ് തോന്നുന്നത്?

ഞാൻ വിചാരിച്ചിരുന്നത് ഒരു ആക്ടർ ആവാൻ കഴിവ് മാത്രം ഉണ്ടായാൽ മതി എന്നാണ്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് മനസ്സിലായത് കഴിവ് എന്നത് ഒരുപാട് ഘടകങ്ങളിൽ ഒന്ന് മാത്രമാണെന്ന്. തീർച്ചയായും കഴിവിന് വലിയ പ്രാധാന്യമുണ്ട്, എങ്കിലും ഭാഗ്യം വലിയൊരു ഫാക്ടറാണ്. അതിനൊപ്പം ജനപ്രീതി വേണം. അതിന് ഒരു ഹിറ്റ് സിനിമ വേണം, നല്ല സോഷ്യൽ മീഡിയ പ്രസൻസും പി.ആർ. വർക്കും വേണം. ആളുകൾ നമ്മളെ വാല്യൂ ചെയ്യുന്നത് ഓഫ്-സ്‌ക്രീൻ സാന്നിധ്യം കൂടി നോക്കിയാണ്. പുറത്തുനിന്ന് കാണുന്ന ഗ്ലോറി മാത്രമല്ല സിനിമയെന്നത് വലിയൊരു തിരിച്ചറിവായിരുന്നു.

നെഗറ്റീവ് കമന്റുകളെയും വിമർശനങ്ങളെയും എങ്ങനെ നേരിടുന്നു?

നെഗറ്റീവ് കമന്റുകൾ സ്വാഭാവികമാണ്, അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും മലയാളി പ്രേക്ഷകർ ഇപ്പോൾ വസ്ത്രധാരണത്തിന്റെ കാര്യത്തിലൊക്കെ കുറച്ചുകൂടി വിശാലമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ മുൻപ് ഇൻസ്റ്റഗ്രാമിൽ അത്ര ആക്ടീവ് അല്ലായിരുന്നു. ഇപ്പോൾ സിനിമയുടെ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ കൂടിയേ തീരൂ. കമന്റുകൾ ഒന്നും നോക്കാറില്ല, അനാവശ്യമായ പലതും മനസ്സിലേക്കെടുക്കാതിരിക്കാൻ പഠിച്ചു.

ഇന്നത്തെ സിനിമാ പ്രൊമോഷൻ രീതികളെക്കുറിച്ച്?

ദിവസം മുഴുവൻ ഒരേ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരാറുണ്ട്. രാവിലെ മുതൽ രാത്രി 12 മണി വരെ തുടർച്ചയായി ഇന്റർവ്യൂകൾ ഉണ്ടായിട്ടുണ്ട്. ആളുകളെ തിയേറ്ററിലേക്ക് കയറ്റാൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുക പ്രധാനമാണ്. എന്റെ പുതിയ സിനിമ 'പ്ലൂട്ടോ' ഇറങ്ങുകയാണ്. ഇന്റർവ്യൂകളും കോളേജ് വിസിറ്റുകളുമൊക്കെയായി അതിന്റെ പ്രൊമോഷൻ ജോലികൾ നടക്കുന്നു.

'ജെൻസി' തലമുറക്കാരിയാണല്ലോ?

അതെ. ഞാൻ പൊതുവെ ഒരു കാര്യത്തിലും അനാവശ്യമായി ടെൻഷൻ തലയിൽ കയറ്റിവെക്കാത്ത, 'കൂൾ' ആയ ആളാണ്. വരുന്നതുപോലെ വരട്ടെ എന്ന ചിന്താഗതി. അത് ഒരു ജെൻസി ക്വാളിറ്റിയായിരിക്കാം. പക്ഷേ, ജനറേഷൻ കാറ്റഗറൈസ് ചെയ്യുന്നതിൽ താത്പര്യമില്ല. ഞാൻ എല്ലാ വൈബിന്റെയും കൂടെ പോകുന്ന ആളാണ്.

ഈ തലമുറയിൽ പലരും വിവാഹത്തിനോട് വിമുഖത കാണിക്കുന്നുണ്ടല്ലോ?

ഇന്നത്തെ പെൺകുട്ടികൾ സാമ്പത്തിക സ്വാതന്ത്ര്യം (financial independence) വളരെയധികം ആസ്വദിക്കുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ബോധവതികളാണ്. ബന്ധങ്ങളുടെ കാര്യത്തിലും സുതാര്യതവന്നു. പങ്കാളി വേണമെന്നൊക്കെ പലർക്കും ആഗ്രഹമുണ്ടാവും. എന്നാൽ വിവാഹം എന്ന ചട്ടക്കൂടിലേക്ക് ഒതുങ്ങാനാവും വിമുഖത. ഞാൻ വിവാഹത്തെക്കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല. നല്ലൊരു കരിയർ കെട്ടിപ്പടുക്കണം എന്ന ലക്ഷ്യമാണ് മനസ്സിൽ.

ഒരു സാധാരണ ദിവസം എങ്ങനെയാണ് ചെലവഴിക്കുന്നത്?

ഞാൻ ഒരു 'നൈറ്റ് പേഴ്സൺ' ആണ്. രാത്രിയിലാണ് കൂടുതൽ ആക്ടീവ്. രാവിലെ കുറച്ച് വൈകിയാണ് എഴുന്നേൽക്കുക. ഭക്ഷണത്തിന്റെ കാര്യത്തിൽ പോർഷൻ കൺട്രോൾ ഡയറ്റിലാണ്. വൈകുന്നേരം പാട്ടൊക്കെ കേട്ട് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ജിമ്മിൽ പോകും. എന്റെ മുറിയിൽ നല്ല കാറ്റും കൊണ്ട് വെറുതേയിരിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. കൂട്ടുകാർക്കൊപ്പമിരിക്കുന്നതും ചായ കുടിക്കുന്നതും ഇഷ്ടമാണ്.

ജീവിത വിജയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?

പ്രശ്നങ്ങളെ മറികടക്കാനുള്ള മനശ്ശക്തിയെയാണ് ഞാൻ വിജയവും സന്തോഷവുമൊക്കെയായി കരുതുന്നത്. ശുഭാപ്തിവിശ്വാസിയാണ്.

സിനിമയിൽ നല്ലൊരു കരിയർ തന്നെയാണ് ലക്ഷ്യം. അതോടൊപ്പം ഒരു കലാകാരി എന്ന നിലയിൽ അറിയപ്പെടണം. നൃത്തവും പാട്ടുമൊക്കെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം. നർത്തകി കൂടിയായതുകൊണ്ട് ഒരു ഡാൻസറുടെയോ പാട്ടുകാരിയുടെയോ ഒക്കെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും. ഒന്നും വിചാരിച്ചതുപോലെ നടക്കണമെന്നില്ല. അതുകൊണ്ട് വരുന്നതുപോലെ നേരിടാൻ തയ്യാറാണ്. കുടുംബം എപ്പോഴും കൂടെയുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi