പുതുതലമുറ എപ്പോഴും ഫോണിലാണെന്നാണ് പൊതുവെയുള്ള ധാരണ. വായനാശീലമില്ലെന്ന് പറഞ്ഞവരെ പൊളിക്കുകയാണ് ജെൻസി തങ്ങളുടെ ബുക്ക് ബോയ്ഫ്രണ്ട് എന്ന ആശയത്തിലൂടെ. ജെൻസി, പ്രണയത്തെക്കുറിച്ച് വായിക്കുക മാത്രമല്ല പുസ്തകങ്ങളിൽ നിന്ന് പങ്കാളിയെ കണ്ടെത്തുന്നുമുണ്ടെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. 

To advertise here,

ഓൺലൈൻ ഡേറ്റിങ് ആപ്പായ ടിൻഡർ അടുത്തിടെ പുറത്തുവിട്ട വിവരമനുസരിച്ച് ബുക്ക് ബോയ്ഫ്രണ്ട്' എന്ന ആശയത്തോട് പുതുതലമുറയ്ക്ക് താൽപ്പര്യം വർധിച്ചുവരുന്നു എന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട നോവലുകളിലെ സ്വഭാവഗുണങ്ങളുള്ള നായകന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് യുവതലമുറ തങ്ങളുടെ ഡേറ്റിങ് ആപ്പുകളിൽ സാഹിത്യത്തോടുള്ള പ്രണയം കൂടി തങ്ങളുടെ പ്രൊഫെെലുകളിൽ ചേർക്കുന്നു. തങ്ങളുടെ ഡേറ്റുകളിൽ സ്വഭാവം കൊണ്ടുവരികയും പുസ്തകത്തോട് താല്പര്യമുള്ള പങ്കാളികളെ തിരയുകയും  ചെയ്യുന്നു.

ടിൻഡറിലെ പ്രൊഫെെലുകളിൽ ലെെബ്രറി എന്ന വാക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇരട്ടിയായെന്നാണ് കണ്ടെത്തൽ. കൂടാതെ ബുക്ക് ബോയ്ഫ്രണ്ട് എന്ന വാക്കിന്റെ ഉപയോഗം 77 ശതമാനം വർധിച്ചതായും കണക്കുകൾ പറയുന്നു. ഉദാഹരണത്തിന്: ‘പഴയ പുസ്തകങ്ങളുടെയും മഴയുടെയും ഗന്ധം ഇഷ്ടമാണ്.’ ‘എന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും നല്ല മാർഗം ലെെബ്രറിയിലെ ഡേറ്റിങ്ങാണ്’ തുടങ്ങിയ വരികളാണ് പ്രൊഫെെലുകളിൽ അധികവും.

യഥാർഥ ലോകത്തിലെ അപകടസാധ്യതകളില്ലാതെ പ്രണയം കണ്ടെത്താൻ സുരക്ഷിതവും വൈകാരികമായ ഒരിടം നൽകുന്നതുകൊണ്ടാണ് ജെൻ സി 'ബുക്ക് ബോയ്ഫ്രണ്ട്' എന്ന ആശയത്തിലേക്ക് ആകർഷിക്കപ്പെടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ സാങ്കൽപ്പിക കഥാപാത്രങ്ങൾ പുതുതലമുറ ആഗ്രഹിക്കുന്ന വൈകാരിക ബുദ്ധി, തുറന്നുപറച്ചിൽ, അർപ്പണബോധം,  തുടങ്ങിയ ഗുണങ്ങളെ ഉൾക്കൊള്ളുന്നു. ഇത്  വൈകാരിക പക്വതയുള്ള പ്രണയത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു. തങ്ങളെ മനസ്സിലാക്കുന്നുണ്ടെന്നും, പരിഗണിക്കുന്നുണ്ടെന്നും, ആഴത്തിൽ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലാക്കി, അത്തരത്തിലുള്ള പങ്കാളികളെയാണ് ഇന്ന് പുതുതലമുറ തേടുന്നത് .

പുസ്തകങ്ങൾ പലപ്പോഴും ജെൻസിയുടെ രഹസ്യകോഡുകളാണ്. ജെൻസിയെ സംബന്ധിച്ചിടത്തോളം, സാഹിത്യപരമായ പരാമർശങ്ങൾ റൊമാന്റിക് ഫിൽറ്ററുകൾ പോലെയാണ്. "പുസ്തകങ്ങളും സംഗീതവും - വായനയിലും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക." തുടങ്ങിയ വരികൾ വെറും ക്ലിഷേ  വരികളല്ല . ഇത്തരം വരികൾ ജെൻസിയ്ക്ക് പ്രണയത്തിന്റെ രഹസ്യ കോഡുകളാണ്.

ഇതൊരുതരം വ്യക്തിത്വം രൂപപ്പെടുത്തലാണെന്ന് വിദഗ്ധരുടെ അഭിപ്രായം. ജെൻസിയെ സംബന്ധിച്ച്, ചെറിയ സംഭാഷണങ്ങൾ ഒഴിവാക്കാനുള്ള ഒരു എളുപ്പവഴി കൂടിയാണിത്. പ്ലേലിസ്റ്റുകളോ മീം കോഡുകളോ പങ്കുവെക്കുന്നതുപോലെ, പൊതുവായ ഒരു സാങ്കൽപ്പിക ലോകത്തെക്കുറിച്ച് സംസാരിക്കുന്നത് ആഴത്തിലുള്ള ബന്ധത്തിനായുള്ള ഒരു മുന്നൊരുക്കം പോലെയാണ്. എന്തെന്നാൽ, പുസ്തകങ്ങളിൽ നാം ഇഷ്ടപ്പെടുന്ന വൈകാരിക ലോകങ്ങൾ പലപ്പോഴും യഥാർഥ ജീവിതത്തിൽ നാം ജീവിക്കാൻ ആഗ്രഹിക്കുന്നവയുടെ പ്രതിഫലനമാണ്.

'ബുക്ക് ബോയ്ഫ്രണ്ട്സ്' പലപ്പോഴും അംഗീകാരത്തിന്റെ വാക്കുകൾ, ഒരുമിച്ചുള്ള നല്ല സമയം തുടങ്ങിയ സ്നേഹത്തിന്റെ ഭാഷകളെ സ്വാഗതം ചെയ്യുന്നു. ജെൻസിയുടെ ബുക്ക് ബോയ്ഫ്രണ്ട് സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുന്നവരും അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്നവരുമായിരിക്കുമത്രേ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi