ജെൻസി ലോകത്ത് വ്യാപകമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ഇക്ക്( Ick). ഇൻസ്റ്റഗ്രാം, ടിക്ക് ടോക്ക് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ചിലരെങ്കിലും ഈ വാക്ക് കേട്ടിട്ടുണ്ടാകും. ഇതൊരു ഡേറ്റിങ് തന്ത്രമാണ്. നിരവധി വീഡിയോകളും റീലുകളുമാണ് ഇക്കിനെക്കുറിച്ച് പ്രചരിക്കുന്നത്. എന്നാൽ ജെൻസികൾക്കും മില്ലെനിയൻസിനുമിടയിൽ  ഈ പ്രവണതയെക്കുറിച്ച് ഗൗരവമേറിയ ചർച്ചകളും നടക്കുന്നുണ്ട്.

ഉറക്കെ ചവയ്ക്കുക, വെറുപ്പിക്കുന്ന ഇമോജികൾ അയക്കുക, ഉച്ചത്തിൽ സംസാരിക്കുക തുടങ്ങി നിരവധി ശീലങ്ങളുള്ള മനുഷ്യരുണ്ടാകും നമുക്കിടയിൽ. എന്നാൽ ഇത്തരം കാര്യങ്ങൾ അതുവരെ ഉണ്ടായിരുന്ന നല്ല കാര്യങ്ങളെ മറക്കാനും ബന്ധം ഉപേക്ഷിക്കാനും ഉള്ള ഒന്നാക്കി പുതുതലമുറ തിരഞ്ഞെടുക്കുന്നു. ഡിജിറ്റൽ ലോകത്ത് ജനിച്ചുവീണ ജെൻസികൾ ചെറിയ ഇഷ്ടക്കേടുകൾ പോലും ഒരു ബന്ധം ഉപേക്ഷിക്കാനുളള കാരണങ്ങളാക്കി മാറ്റുന്നു. ഇത്തരം ചെറിയ കാരണങ്ങളോ പ്രവർത്തികളോ ഒരു ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായെടുക്കുന്ന ഡേറ്റിങ് തന്ത്രമാണ് ഇക്ക്.

ഇക്ക് എന്ന ആശയം ഒരു പുതിയ കാര്യമല്ല. അടിസ്ഥാനപരമായി, അത് ഒരു ടേൺ-ഓഫിനെയും ഒരാളോടുള്ള നിങ്ങളുടെ ആകർഷണം അവർ ചെയ്ത എന്തെങ്കിലും കാരണം പെട്ടെന്ന് വെറുപ്പായി മാറുന്ന ഘട്ടത്തെയും വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്ക് മാത്രമാണ്.

നാമെല്ലാവരും വ്യത്യസ്ത കാര്യങ്ങളാൽ അലോസരപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നു, ചിലത് ചെറുതും യുക്തി ഇല്ലാത്തതുമാകാം. എന്നാൽ അവയെല്ലാം ബന്ധങ്ങളുടെയോ സാഹചര്യങ്ങളുടെയോ തകർച്ചയിലേക്ക് നയിക്കണമെന്നില്ല. ഈ ട്രെൻഡിനെതിരെ വ്യാപകമായ ചർച്ചയാണ് ഇന്ന് നടക്കുന്നത്. 

പുതുതലമുറയുടെ ഈ പ്രവണതയ്ക്ക് സോഷ്യൽ മീഡിയ ഒരു വലിയ പങ്ക് വഹിക്കുന്നുമുണ്ട്. ഡിജിറ്റൽ യുഗത്തിൽ വളർന്ന, കുറ്റമറ്റ രൂപഭംഗിയുള്ള ആളുകളെ കാണുകയും, മൈക്രോട്രെൻഡുകൾ പിന്തുടരുകയും, യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെ ജീവിക്കുന്ന ജെൻസികൾ എല്ലാ കാര്യങ്ങളും വളരെ കൂളായി നോക്കിക്കാണുന്നു. 

എന്നാൽ പുതുതലമുറയുടെ ഈ ട്രെൻഡിന് മറ്റൊരു കാരണം ഡൂംസ്ക്രോളിങ്ങാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫോൺ എടുത്ത് ആദ്യം കാണുന്ന റീലുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ അത് സ്വൈപ്പ് ചെയ്ത് മാറ്റും. ഇഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാൽ നമ്മൾ അടുത്തതിലേക്ക് പോകും. സോഷ്യൽ മീഡിയയും ഓൺലൈൻ ഡേറ്റിങ്ങും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.

ചിലർ ഇക്കിനെ ഒരു പ്രതിരോധ മാർഗ്ഗമായി ഉപയോഗിക്കുന്നു. എന്നാൽ ഈ ചെറിയ തെറ്റുകൾ ആളുകൾ ഉപയോഗശൂന്യരാണെന്ന തെറ്റായ ആശയം പ്രചരിപ്പിക്കുന്നു. പെട്ടെന്ന് കാര്യങ്ങളോട് മടുപ്പ് തോന്നുന്ന ജെൻസിയുടെ ഈ പ്രവണത നല്ലതല്ലെന്നാണ് ചിലരുടെ അഭിപ്രായം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi