'വിവാഹമോചനത്തിനായി ആരും മുൻകൂട്ടി തയ്യാറെടുക്കുന്നില്ല; വീണ്ടും സ്നേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ?’

ഷെഫാലി ഷാ / ANI
ഷെഫാലി ഷാ / ANI

ആദ്യത്തെ വിവാഹ ബന്ധം വേർപെടുത്താനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുകയാണ് നടി ഷെഫാലി ഷാ. ജീവിതാനുഭവങ്ങളും വ്യക്തിബന്ധങ്ങളിലെ വീഴ്ചകളും താരം തുറന്നെഴുതിയ ഓർമ്മക്കുറിപ്പാണ് 'ദി ഓഡാസിറ്റി ഓഫ് ബീയിങ്' (The Audacity of Being) എന്ന പുസ്തകം. നടൻ ഹർഷ് ഛായയുമായുള്ള തൻ്റെ ആദ്യ വിവാഹത്തെക്കുറിച്ചും ആ ബന്ധം തകർച്ചയിലെത്തിയ സാഹചര്യത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

"വിവാഹങ്ങൾ എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ മുന്നോട്ടുപോകണമെന്നില്ല. അങ്ങനെ വരുമ്പോൾ ആ യാഥാർത്ഥ്യത്തെ നേരിടുകയല്ലാതെ വേറെ വഴിയില്ല," തൻ്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഷെഫാലി വ്യക്തമാക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് താരം കൂട്ടിച്ചേർക്കുന്നു.

"പുസ്തകത്തിൽ ഞാൻ ആരുടെയും പേരെടുത്തു പറയുന്നില്ല. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കാതിരുന്നതെന്നോ വിസ്തരിക്കാൻ ഞാൻ മുതിരുന്നില്ല. വിവാഹം കഴിക്കുന്ന ഏതൊരാളും അഭിമുഖീകരിക്കുന്ന സാമാന്യമായ ചില യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഒരു വിവാഹമോചനത്തിനായി ആരും മുൻകൂട്ടി തയ്യാറെടുക്കുന്നില്ലല്ലോ. പരസ്പര ബഹുമാനത്തോടെയാണ് ഞാൻ ഇതെല്ലാം എഴുതിയിരിക്കുന്നത്."

തൻ്റെ സന്തോഷത്തിനും ആത്മാഭിമാനത്തിനും മുൻഗണന നൽകിയാണ് ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോന്നതെന്ന് ഷെഫാലി പറയുന്നു. ആദ്യ വിവാഹം ഉപേക്ഷിക്കാൻ തീരുമാനിച്ച നിമിഷത്തെക്കുറിച്ച് മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു:

"വീണ്ടും സ്നേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ, ആ റിസ്ക് എടുക്കുമോ അതോ ഇതേ അവസ്ഥയിൽ തുടരുമോ എന്ന് ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. ഞാൻ ആ റിസ്ക് എടുക്കുമെന്നാണ് മറുപടി നൽകിയത്. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നാലും സാരമില്ല, സന്തോഷവും ആത്മാഭിമാനവും തരാത്ത ഒരു ബന്ധത്തിൽ തുടരാൻ എനിക്ക് കഴിയില്ല. അതിനുശേഷമാണ് ഞാൻ ആദ്യമായി മാതാപിതാക്കളുടെ തണലിൽ നിന്നിറങ്ങി തനിയെ ജീവിക്കാൻ തുടങ്ങുന്നത്." പ്രായം കൂടുന്തോറും മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുമെന്ന് ഷെഫാലി ചൂണ്ടിക്കാണിക്കുന്നു.

ഹർഷ് ഛായയുമായുള്ള വേർപിരിയലിനു ശേഷം 2000-ൽ ചലച്ചിത്ര നിർമ്മാതാവായ വിപുൽ അമൃതലാൽ ഷായെ ഷെഫാലി വിവാഹം കഴിച്ചു. ആര്യമാൻ, മൗര്യ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Shefali Shah discusses her first marriage and divorce in her memoir 'The Audacity of Being'., She emphasizes prioritizing self-respect and happiness over staying in an unhappy relationship., Shefali married filmmaker Vipul Amrutlal Shah in 2000 after her separation from Harsh Chhaya.