വെളുത്ത ഷര്‍ട്ടിടാനോ മുടിയഴിച്ചിടാനോ സമ്മതിക്കാത്ത ടോക്‌സിക് ഷാരൂഖിനെ പിരിയാന്‍ തീരുമാനിച്ച ഗൗരി

ദില്ലിയിലെ കോളേജ് കാലത്താണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. അതും ഒരു പാര്‍ട്ടിയില്‍ വെച്ച്. ഗൗരിയെ അടുത്തുചെന്ന് പരിചയപ്പെടാന്‍ ഷാരൂഖ് അങ്ങോട്ട് ചെല്ലുകയായിരുന്നു. ഒരു ശല്യം ഒഴിവാക്കാമെന്ന് കരുതിയ ഗൗരി തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്നും അവനെ കാത്തിരിക്കുകയാണെന്നും പറഞ്ഞ് സംഭാഷണം ഒഴിവാക്കി. അപ്പോഴാണ് അവള്‍ക്കരികിലേക്ക് ഒരു നീളന്‍ ചെറുപ്പക്കാരന്‍ നടന്നുവന്നത്. അതാകും അവള്‍ പറഞ്ഞ ബോയ്ഫ്രണ്ട് എന്ന് കരുതിയ ഷാരൂഖ് കൂടുതല്‍ സംഭാഷണത്തിന് നില്‍ക്കാതെ പിന്‍വാങ്ങി.
ആ ചെറുപ്പക്കാരന്‍ അവളുടെ ചേട്ടനാണെന്നും അവള്‍ തന്നെ ഒഴിവാക്കാന്‍ വെറുതെ പറഞ്ഞതാണെന്നും മനസ്സിലാക്കിയപ്പോള്‍ ഷാരൂഖ് ഗൗരിയോട് പറഞ്ഞു, ''എന്നെയും സഹോദരനെപ്പോലെ കാണണം.'' ആ നര്‍മം വര്‍ത്തമാനത്തിലേക്ക് വഴിവെച്ചു. പതിയെ വിടര്‍ന്ന സൗഹൃദം പിന്നെ പ്രണയമായി.
ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു മുസ്ലിം ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയം അത്ര സാധാരണമല്ലല്ലോ. പോരാത്തതിന് സാമ്പത്തികമായി ഇരുവര്‍ക്കുമിടയില്‍ വലിയ അന്തരവുമുണ്ടായിരുന്നു. ടെലിവിഷനും നാടകവുമായി നടക്കുന്ന, തൊഴില്‍ രഹിതനായ ചെറുപ്പക്കാരനെ മകള്‍ പ്രണയിക്കുന്നതിനെ ഗൗരിയുടെ അച്ഛനമ്മമാര്‍ സ്വാഭാവികമായും എതിരുനിന്നു. അപ്പോഴേക്കും ഷാരൂഖിന് മാതാപിതാക്കളെ നഷ്ടമായിരുന്നു.
കുടുംബത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ ഗൗരി മുന്നോട്ടുപോയി. പക്ഷേ, ഗൗരിയെ വലച്ചത് ഷാരൂഖിന്റെ അധികാര സ്വഭാവമായിരുന്നു. ഗൗരിയുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും ഷാരൂഖ് കടന്നുകയറി. അവള്‍ക്ക് ഇതിനി തുടരാന്‍ പറ്റില്ലെന്ന് തോന്നിപ്പോയി.
വര്‍ഷങ്ങള്‍ക്ക് ശേഷം സിമി ഗേര്‍വാളിന്റെ ടോക്ഷോയില്‍ ഷാരൂഖും ഗൗരിയും ഒരുമിച്ചെത്തിയിരുന്നു. അന്നാണ് ഷാരൂഖ് തനിക്ക് പറ്റിയ അബദ്ധങ്ങളെപ്പറ്റി മനസ്സുതുറന്നത്. ഗൗരിയെ ഒരു വെളുത്ത ഷര്‍ട്ട് പോലും ധരിക്കാന്‍ ഷാരൂഖ് സമ്മതിക്കുമായിരുന്നില്ല. അത് സുതാര്യമായി തോന്നിക്കും എന്നതായിരുന്നു കാരണം. ഗൗരിയുടെ ഇടതൂര്‍ന്ന മുടി അഴിച്ചിടുന്നത് ഷാരുഖിന് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, അത് താനല്ലാതെ മറ്റാരും കാണരുതെന്നായിരുന്നു പിടിവാശി.
നിയന്ത്രണങ്ങള്‍ പരിധി വിട്ടപ്പോള്‍ ഗൗരിക്ക് മടുത്തു. അവര്‍ ഷാരൂഖിനെ അറിയിക്കാതെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോയി. ഗൗരിയെ കാണാതെ ഷാരൂഖ് പരിഭ്രാന്തനായി. അവളെ നഷ്ടപ്പെടുമോ എന്ന ഭയം പിടികൂടി. അവള്‍ ബോംബെയിലാക്കാണ് പോയതെന്ന് മനസ്സിലാക്കി അങ്ങോട്ട് പുറപ്പെട്ടു. ബോംബെ അന്ന് ഷാരുഖിന് പരിചയമില്ല. ഗൗരിക്ക് ബീച്ചിനോടുള്ള ഇഷ്ടമറിയാവുന്നതു കൊണ്ട് ഒരു ടാക്‌സിയില്‍ ബോംബെയിലെ ബീച്ചുകളില്‍ അവളെ തിരക്കി നടന്നു. ഒടുവില്‍ ഗൗരിയെ കണ്ടുമുട്ടി. ഷാരൂഖിനോട് അന്നേരം തോന്നിയത് കടുത്ത ദേഷ്യമായിരുന്നു എന്നാണ് ഗൗരി പറയുന്നത്.
ഏതായാലും തന്റെ മനോഭാവം മാറ്റിയില്ലെങ്കില്‍ ഗൗരിയെ നഷ്ടപ്പെടുമെന്ന് ഷാരുഖിന് മനസ്സിലായി. അവളുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനികാത്തിരുന്നത് തെറ്റായിപ്പോയി എന്നും ഷാരൂഖ് തിരിച്ചറിഞ്ഞു. ''ഐ വാസ് ലൈക് എ ഡോഗ്'' എന്നാണ് ഇതേക്കുറിച്ച് ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ റൊമാന്റിക് നായകന് സ്വന്തം ജീവിതത്തില്‍ റൊമാന്‍സ് അത്ര എളുപ്പമായിരുന്നില്ല.
Content Highlights: shahrukh khan opens up about his possessiveness