ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍-  ഒരേ കാലഘട്ടത്തില്‍ സിനിമാജീവിതം തുടങ്ങി ഇന്ന് ബോളിവുഡിന്റെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ഖാന്‍ ത്രയം. വമ്പന്‍ ഹിറ്റുകള്‍ കൊണ്ട് ഹിന്ദി സിനിമയുടെ മുഖം മാറ്റിയ മൂവരും ഭാഗ്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഭാഗ്യത്തെ പ്രീതിപ്പെടുത്തി വിജയം കൊയ്യാന്‍ ഓരോരുത്തര്‍ക്കുമുണ്ട് ഓരോ വിശ്വാസങ്ങള്‍.

രസകരമായ അന്ധവിശ്വാസങ്ങള്‍ക്ക് പേരുകേട്ട ആളാണ് സല്‍മാന്‍ ഖാന്‍. 27 തന്റെ ഭാഗ്യസംഖ്യ ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പലപ്പോഴും അഭിമുഖങ്ങളില്‍ അത് പരാമര്‍ശിക്കുന്ന സല്‍മാന്‍ സിനിമാ റിലീസുകള്‍ക്കും പ്രത്യേക ഇവന്റുകള്‍ക്കും ഈ തീയതി തന്നെ തിരഞ്ഞെടുക്കാറുണ്ട്. ഈദിന് സിനിമ റിലീസ് ചെയ്താല്‍ അത് ഹിറ്റാകുമെന്നാണ് സല്‍മാന്റെ മറ്റൊരു വിശ്വാസം. നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് സംരക്ഷണത്തിനായി ഒരു പ്രത്യേക ബ്രേസ്‌ലെറ്റും താരം ധരിക്കുന്നു. അതിനെ തന്റെ 'ബോഡിഗാര്‍ഡ്' എന്നാണ് സല്‍മാന്‍ വിളിക്കുന്നത്. അച്ഛന്‍ സലിം ഖാന്‍ സമ്മാനമായി നല്‍കിയ, ഇന്ദ്രനീലക്കല്ല് പതിച്ച ഈ ബ്രേസ്‌ലെറ്റ് സല്‍മാന്‍ എപ്പോഴും ധരിക്കാറുണ്ട്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ പോലും. 

placeholder
കടപ്പാട്-PTI
placeholder
കടപ്പാട്-PTI

ഷാരൂഖ് ഖാനുമുണ്ട് ഭാഗ്യത്തെക്കുറിച്ചുള്ള ഇത്തരം വിശ്വാസങ്ങള്‍. 555 എന്ന ഭാഗ്യസംഖ്യയില്‍ അദ്ദേഹം ശക്തമായി വിശ്വസിക്കുന്നു, വാഹനത്തിന്റെ നമ്പറായി അദ്ദേഹം തിരഞ്ഞെടുക്കുന്നതും ഈ സംഖ്യ തന്നെ. പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് മുമ്പ് ഷാരൂഖ് 555 വരെ എണ്ണാറുണ്ടെന്നും പറയപ്പെടുന്നു. നിര്‍ണായക വേദികളില്‍, പ്രത്യേകിച്ച്, ഫിലിം പ്രൊമോഷനുകളില്‍ ചുവപ്പ് ധരിക്കുന്നത് ഭാഗ്യമെന്നും ഷാരൂഖ് വിശ്വസിക്കുന്നു. തനിക്ക് ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നല്‍കുന്ന 'പവര്‍ കളര്‍' എന്നാണ് അദ്ദേഹം ചുവപ്പിനെ വിശേഷിപ്പിക്കുന്നത്. ഭാഗ്യത്തിനായി ഏതെങ്കിലും പ്രത്യേക ദിവസം സിനിമ റിലീസ് ചെയ്യുന്നതില്‍ ഷാരൂഖിന് വിശ്വാസമില്ല. എങ്കിലും ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന തന്റെ സിനിമകളെ ഭാഗ്യം തുണയ്ക്കാറുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.

placeholder
കടപ്പാട്-PTI

ആമിര്‍ ഖാനും രസകരമായ ചില വിശ്വാസങ്ങളുണ്ട്. 3 എന്ന സംഖ്യയ്ക്ക് തന്റെ ജീവിതത്തില്‍ പ്രത്യേക ശക്തിയുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. തന്റെ സിനിമാപ്പേരുകളിലടക്കം ഈ സംഖ്യയുമായി ബന്ധപ്പെട്ട എന്തും വിജയിക്കുമെന്ന് ആമിര്‍ വേദികളില്‍ തമാശയായി പറയാറുണ്ട്. സല്‍മാന്‍ ഖാന് ഈദ് എന്നപോലെയാണ് ആമിറിന് ക്രിസ്മസ്. ക്രിസ്മസിനിറങ്ങുന്ന തന്റെ ചിത്രങ്ങളെ ഭാഗ്യം തുണയ്ക്കും എന്നാണ് ആമിറിന്റെ വിശ്വാസം. പിങ്ക് ഷര്‍ട്ടാണ് ആമിറിന്റെ ലക്കി ചാം. പല വേദികളിലും ഈ പിങ്ക് ഷര്‍ട്ട് ധരിച്ച അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ സമ്മാനിച്ച ഒരു ബ്രേസ്‌ലെറ്റും അദ്ദേഹം ഭാഗ്യത്തിനായി ധരിക്കാറുണ്ട്.