സഞ്ജയ് ലീല ബന്‍സാലിയുടെ ദേവ്ദാസ് എന്ന ചിത്രത്തില്‍ മദ്യപാനിയായ വ്യക്തിയുടെ റോളാണ് ഷാരൂഖ് ഖാന്. 2002-ലിറങ്ങിയ ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ദേവ്ദാസ് സിനിമ തനിക്ക് ഒരേസമയം ഗുണവും ദോഷവും ചെയ്‌തെന്ന് പറയുകയാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. 

ചിത്രീകരണവേളയില്‍ കഥാപാത്രത്തിന് പൂര്‍ണത വരുത്തുന്നതിനായി മദ്യപിച്ചിരുന്നു, അതിലൂടെ തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചു. പക്ഷേ, ആ സിനിമയോടെ താന്‍ മദ്യപാനം തുടങ്ങിയെന്നും അത് മോശമായ വശമാണെന്നും ആരോഗ്യത്തെ ബാധിച്ചുവെന്നുമാണ് താരം പറഞ്ഞത്. 

'എന്റെ ആ കഥാപാത്രത്തോട് നിങ്ങള്‍ക്ക് സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല, പക്ഷേ നിങ്ങള്‍ വെറുക്കണമെന്നും ആഗ്രഹിച്ചില്ല. അവന്‍ വിവരണാതീതനായിരിക്കണമെന്നാണ് ഞാന്‍ ലക്ഷ്യമിട്ടത്' ഷാരൂഖ് വിശദീകരിച്ചു. ലൊകാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ തന്റെ മികച്ച സിനിമകളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജയ് ലീല ബന്‍സാലിയുടെയും ഷാരൂഖിന്റെയും എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 2002-ല്‍ പുറത്തിറങ്ങിയ ദേവ്ദാസ്. 

ബംഗാളി നോവലിസ്റ്റ് ശരത് ചന്ദ്ര ഛതോപാധ്യായയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു സിനിമ. ഐശ്വര്യ റായിയും മാധുരി ദീക്ഷിതുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.