
റീ-റിലീസുകളുടെ കാലമാണിത്. പലഭാഷകളിലായി ഒട്ടേറെ സിനിമകളാണ് റീ-റിലീസ് ചെയ്യുന്നത്. മുമ്പ് ഹിറ്റായ സിനിമകള്‍ റീ-റിലീസില്‍ ഫ്‌ളോപ്പാവുന്നതും, ഫ്‌ളോപ്പായ പടങ്ങള്‍ ഹിറ്റാവുന്നതുമൊക്കെയാണ് സിനിമാമേഖല കണ്ടുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്ക് 'കരണ്‍ അര്‍ജുന്‍' എന്ന സിനിമയുമെത്തുന്നു. പുതിയ ടീസര്‍ പുറത്തുവിട്ടുകൊണ്ട്, സല്‍മാന്‍ ഖാനാണ് ഇക്കാര്യമറിയിച്ചത്. ഒരു മിനിറ്റ് നീളുന്ന ടീസര്‍, സിനിമയിലെ പ്രധാന ഡയലോഗുകളും മനോഹരമായ നിമിഷങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ്. നവംബര്‍ 22-നാണ് സിനിമ തിയേറ്ററുകളിലെത്തുക.
രണ്ട് സഹോദരന്‍മാരുടെ കഥ പറയുന്ന സിനിമയില്‍, സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമാണ് നായകന്‍മാരായത്. കജോള്‍, മമ്ത കുല്‍ക്കര്‍ണി എന്നിവര്‍ നായികമാരായി. 6 കോടിക്ക് നിര്‍മിച്ച സിനിമ ബോക്‌സോഫീസില്‍ തിരിച്ചുപിടിച്ചത് 43 കോടി രൂപയാണ്. 1995-ലെ രണ്ടാമത്തെ പണംവാരിപ്പടം. ആദ്യത്തേത് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ'. നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനവും 'കരണ്‍ അര്‍ജുന്‍' നേടി.
സിനിമയിലെ പാട്ടുകളും ചില ഡയലോഗുകളും തലമുറകളിലൂടെ ഇന്നും ജനങ്ങള്‍ക്ക് ഏറെ സുപരിചിതം. ജാത്തി ഹൂ മേ, ഗുപ് ചുപ്, യെ ബന്ധന്‍ തോ, ബാംഗ്ട പാലെ എന്നിവയാണ് സിനിമയിലെ പ്രധാനപാട്ടുകള്‍.

ചിത്രത്തില്‍ ഖാന്‍മാരുടെ കെമിസ്ട്രിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അജയ് ദേവ്ഗണിനെയും ഷാരൂഖ് ഖാനെയും നായകന്‍മാരാക്കാനായിരുന്നു ആദ്യം സംവിധായകന്‍ രാകേഷ് റോഷന്‍ തീരുമാനിച്ചത്. അജയ് ദേവ്ഗണിന് അര്‍ജുനായും, ഷാരൂഖിന് കരണായും അഭിനയിക്കാനായിരുന്നു താത്പര്യം. പക്ഷേ രാകേഷ് റോഷന് നേരെ തിരിച്ചായിരുന്നു താത്പര്യം. അതോടെ രണ്ടുപേരും സിനിമയില്‍നിന്ന് പിന്‍മാറി. രാകേഷ് റോഷന്റെ അടുത്ത ചോയ്‌സ് ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമായിരുന്നു. സല്‍മാന്‍ സമ്മതിച്ചെങ്കിലും, ആമിര്‍ നോ പറഞ്ഞു.
പുനര്‍ജന്‍മത്തിന് പ്രാധാന്യം നല്കുന്ന സിനിമയായതുകൊണ്ട് ആളുകള്‍ സ്വീകരിക്കുമോ എന്നൊരു പേടിയായിരുന്നു പല അഭിനേതാക്കളും പിന്‍മാറാന്‍ കാരണമെന്ന് പിന്നീട് രാകേഷ് റോഷന്‍ പറഞ്ഞു. അതിനിടെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ് തീരുമാനം മാറ്റിയത്. അങ്ങനെയാണ് ഇവരിലേക്കെത്തുന്നത്. രണ്ടുപേരും ഒരുമിച്ചെത്തുന്ന ആദ്യസിനിമയെന്ന പ്രത്യേകതയും 'കരണ്‍ അര്‍ജുന്' സ്വന്തം. പക്ഷേ, സിനിമ റിലീസാവുന്നതുവരെയും ഇത് പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നൊരു ധാരണ ഷാരൂഖിനുണ്ടായിരുന്നുവെന്നും രാകേഷ് റോഷന്‍ പറയുന്നു. ''നിങ്ങള്‍ പറയുന്നത്, അതേപോലെ ഞാന്‍ അനുസരിക്കുന്നുവെന്ന് മാത്രം. പക്ഷേ ഇപ്പോഴും കഥയെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്'' എന്നായിരുന്നുവത്രേ ഷാരൂഖ് പറഞ്ഞത്. രാകേഷ് റോഷന്റെ മകന്‍ കൂടിയായ ഹൃത്വിക് റോഷന്‍ സിനിമയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
Content Highlights: karan arjun to re-release in theatres
Published: 28 Oct 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented