വീട്ടിൽ ഗൗരിക്ക് മുന്നിൽ മിണ്ടാറില്ല, പുറത്ത് ഞാനും മക്കളും സ്വതന്ത്രരാണ്; ഭാര്യയുടെ വീട്ടുനിയമങ്ങൾ പറഞ്ഞ് ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാനും ഗൗരി ഖാനും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. സിനിമാലോകത്ത് ഷാരൂഖ് സൂപ്പർതാരമായി വളർന്നപ്പോഴും ആ യാത്രയിൽ ശക്തമായ പിന്തുണയുമായി ഗൗരിയും ഒപ്പമുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന ദാമ്പത്യജീവിതത്തിൽ പരസ്പര സ്നേഹവും സൗഹൃദവും തമാശകളുമെല്ലാം നിറഞ്ഞതാണ് ഇരുവരുടെയും ബന്ധം. പൊതുവേദികളിൽ ഗൗരിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും നർമം കലർത്താറുള്ള ഷാരൂഖ്, ഇത്തവണയും ഭാര്യയുടെ വീട്ടുഭരണത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുകളുമായാണ് ശ്രദ്ധ നേടിയത്.
സ്വന്തം വീട്ടിൽ തനിക്ക് യാതൊരു അധികാരവുമില്ലെന്നും ഭാര്യ ഗൗരി ഖാന്റെ നിയമങ്ങൾക്കനുസരിച്ചാണ് കാര്യങ്ങളെന്നും തമാശരൂപേണ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാൽ, ഭാര്യയെ പേടിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയത് പുതിയ ചിത്രമായ ‘കിങ്ങി’ലെ തീപ്പൊരി ഡയലോഗിലൂടെയാണ്. ദുബായിൽ ഡാന്യൂബിന്റെ ആഡംബര റിയൽ എസ്റ്റേറ്റ് പദ്ധതിയായ 'ഷാരൂഖ്സ് റെസിഡൻസസ്' ഉദ്ഘാടനച്ചടങ്ങിലായിരുന്നു രസകരമായ ഈ സംഭാഷണം.
പരിപാടിയുടെ അവതാരകനായ കരൺ ജോഹർ, സ്വന്തം വീട്ടിൽ ചെയ്യാൻ അനുവാദമില്ലാത്ത കാര്യം എന്താണെന്ന് ഷാരൂഖിനോട് ചോദിച്ചു. ഒട്ടും ആലോചിക്കാതെ തനിക്കും മക്കളായ ആര്യനും സുഹാനയ്ക്കും വീട്ടിൽ യാതൊരു അധികാരവുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. 'എന്റെ സ്വന്തം വീട്ടിൽ എനിക്ക് ഒന്നും ചെയ്യാൻ അനുവാദമില്ല,' എന്ന ഷാരൂഖിന്റെ വാക്കുകൾ സദസ്സിൽ ചിരി പടർത്തി.
“ഞങ്ങളുടെ വീട്ടിൽ, ഗൗരിയുടെ വീടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ പാടില്ല. വൈഫൈയെക്കുറിച്ച് പരാതിപ്പെടാനോ കിടക്കയിൽ ഭക്ഷണം കഴിക്കാനോ അനുവാദമില്ല. വീടിന്റെ നിറങ്ങൾ, ചിത്രങ്ങൾ, പടികൾ, ലിഫ്റ്റ്, സീലിങ്, ലൈറ്റിങ് എന്നിവയെക്കുറിച്ചൊന്നും അഭിപ്രായം പറയാനും കഴിയില്ല. ഞങ്ങൾ നിശബ്ദരായി ഇരുന്ന് വീട് ആസ്വദിക്കും. 'എന്തൊരു വീടാണ് ഗൗരി നിങ്ങൾ പണിതിരിക്കുന്നത്' എന്നുമാത്രം പറയും. ഇനി ഇവിടെ ഈ പെന്റ്ഹൗസിൽ വരുമ്പോഴും എനിക്ക് ഇതുതന്നെ പറയേണ്ടിവരും. വീടിന് പുറത്ത് ഞാനും ആര്യനും സുഹാനയും സ്വതന്ത്രരാണ്. അടിപൊളിയായി സമയം ചെലവഴിക്കും. എന്നാൽ വീടിനുള്ളിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല”, ഷാരൂഖ് പറഞ്ഞു.
ഇതിനുപിന്നാലെ ബിസിനസിനെയാണോ ബോക്സ് ഓഫീസിനെയാണോ അതോ ഭാര്യയെയാണോ കൂടുതൽ പേടിയെന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. എന്നാൽ, പുതിയ ചിത്രമായ കിങ്ങിലെ ഡയലോഗ് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഷാരൂഖിന്റെ മറുപടി. ആയിരം രാജ്യങ്ങളിൽ കുപ്രസിദ്ധനായിട്ടും ലോകം തനിക്ക് ഒരേയൊരു പേരാണ് നൽകിയത്. കാരണം താൻ ഭയമല്ല, ഭീകരതയാണെന്നായിരുന്നു ഷാരൂഖിന്റെ ഡയലോഗ്.
പരിപാടിക്കിടെ ആരാധകരെയും ആവേശത്തിലാഴ്ത്താൻ ഷാരൂഖ് മറന്നില്ല. കരൺ ജോഹർ 'കിങ് ഖാൻ' എന്ന് വിശേഷിപ്പിച്ച് വേദിയിലേക്ക് ക്ഷണിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് താരത്തെ വരവേറ്റത്. കിങ് സിനിമയിലെ 'തു മിൽ ജായേ' എന്ന ഗാനത്തിന് അപ്രതീക്ഷിതമായി ചുവടുവെച്ചും താരം ശ്രദ്ധ നേടി.
ഡാന്യൂബിന്റെ പങ്കാളിയുമായി വേദിയിൽ സംസാരിക്കുന്നതിനിടെയും ഷാരൂഖിന്റെ നർമം തുടർന്നു. മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ, 'ആപ് ഘർ ബനാതേ രഹിയേ, മൈക്ക് ഹം ദേത്തേ രഹേംഗേ' എന്നായിരുന്നു മറുപടി. നിങ്ങൾ വീടുകൾ പണിതുകൊണ്ടിരിക്കൂ, ഞങ്ങൾ മൈക്ക് കൈമാറിക്കൊണ്ടിരിക്കാം എന്ന അർഥത്തിലുള്ള ആ വാക്കുകളും സദസ്സിൽ ചിരി പടർത്തി.
ദുബായ് മാരിടൈം സിറ്റിയിൽ ഒരുങ്ങുന്ന 'ഷാരൂഖ്സ് റെസിഡൻസസ് ബൈ ഡാന്യൂബ്' പദ്ധതിയിലെ പ്രത്യേക പെന്റ്ഹൗസുകളുടെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. അതേസമയം, സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ കിങ് ആണ് ഷാരൂഖിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദീപിക പദുക്കോൺ, സുഹാന ഖാൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അഭയ് വർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2026 ഡിസംബർ 24-നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi