വിജയ്‌യുടെ പേര് ഒഴിവാക്കി മകൻ ജേസൺ സഞ്ജയ്; അച്ഛൻ-മകൻ ബന്ധത്തിൽ അകൽച്ചയോ?

വിജയ്, ജേസൺ സഞ്ജയ് / Facebook
വിജയ്, ജേസൺ സഞ്ജയ് / Facebook

നടൻ വിജയ്‌യുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ പുറംലോകത്തിനുമുന്നിലേക്ക് വന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പാണ്. താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനഹർജി സമർപ്പിച്ചത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. അതിനുപിന്നാലെ വിജയ്‌യുടെ കുടുംബത്തിലെ പ്രശ്‌നങ്ങൾ ഓരോന്നായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

മാതാപിതാക്കൾ വിവാഹമോചനത്തിലേക്ക് നീങ്ങുമ്പോൾ, അവരുടെ മകനും അമ്മയുടെ പക്ഷത്തേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിജയ്-സംഗീത ദമ്പതികളുടെ മകനായ ജേസൺ സഞ്ജയ് തന്റെ ഒഫീഷ്യൽ പേരിൽ ഒരു മാറ്റം വരുത്തിയെന്നാണ് പറയപ്പെടുന്നത്. അത് അമ്മയെ പിന്തുണയ്ക്കാനാണെന്നും വാർത്തകളുണ്ട്.

വി.ജേസൺ സഞ്ജയ് എന്നായിരുന്നുവത്രെ ആദ്യം അദ്ദേഹത്തിന്റെ പേര്. എന്നാൽ, പ്രശ്‌നങ്ങൾ രൂക്ഷമായതോടെ, അദ്ദേഹം ജേസൺ സഞ്ജയ് എസ്. എന്നാക്കി മാറ്റി. അമ്മയുടെ പേരായ സംഗീതയാണ് 'എസ്' എന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. സിനിമാസംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജേസൺ, തന്റെ പുതിയ സിനിമയുടെ ക്രെഡിറ്റിലും ഈ പേരായിരിക്കും ഉപയോഗിക്കുകയെന്നും അറിയുന്നു.

പല ദേശീയമാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതോടെ, സംഭവം കൂടുതൽ ചർച്ചയായി. അച്ഛൻ-മകൻ ബന്ധത്തിൽ വന്ന അകൽച്ചയായും ആളുകൾ ഇതിനെ കാണുന്നു.

നേരത്തെ ഇൻസ്റ്റഗ്രാമിലും ജേസൺ അച്ഛനെ അൺഫോളോ ചെയ്തതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, അത് ജേസന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് അല്ലെന്നും ഫാൻ ഗ്രൂപ്പ് ആണെന്നുമുള്ള കുറിപ്പ് ആ ഗ്രൂപ്പിന്റെ അഡ്മിൻ ഇടുകയും ചെയ്തു.

ജേസൺ സഞ്ജയ്, ദിവ്യ താഷ എന്നീ മക്കളാണ് വിജയ്ക്കും സംഗീതയ്ക്കുമുള്ളത്. 'സിഗ്മ' എന്നാണ് ജേസൺ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ പേര്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jason Sanjay changes professional name to include mother's initial, Reports suggest deepening rift between Vijay and his family.