'ആശാ ഭോസ്ലെയുടെ മുഖത്തുമുഴുവൻ മുറിവുകളും ചതവുകളും, ഞാൻ ഞെട്ടിപ്പോയി': സീനത്ത് അമൻ

ആശാ ഭോസ്ലെ, സീനത്ത് അമൻ / PTI, AFP
ആശാ ഭോസ്ലെ, സീനത്ത് അമൻ / PTI, AFP

പല ബോളിവുഡ് താരങ്ങളുടെയും കരിയർ പടുത്തുയർത്തിയതിൽ അനശ്വരഗായിക ആശാ ഭോസ്ലെയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പല കാബറെ നമ്പറുകളും അവരുടെ ശബ്ദത്തിൽ ക്ലാസിക്കുകളായി മാറിയിട്ടുമുണ്ട്. പിയാ തൂ അബ് തോ ആജാ, ഓ ഹസീനാ സുൽഫോം വാലി, ആജ് കീ രാജ്, ദം മാരോ ദം, യേ മേരാ ദിൽ, ചുരാ ലിയാ ഹേം തുമ്‌നെ, ദോ ലഫ്‌സോം കി...ഇങ്ങനെ എത്രയെത്ര പാട്ടുകൾ. അതിലേറെയും നൃത്തരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത് സീനത്ത് അമനും ഹെലനും.

ആശയുടെ മരണത്തിനുപിന്നാലെ സീനത്ത് പങ്കുവെച്ച കുറിപ്പിലുമുണ്ട് അവരോടുള്ള സ്‌നേഹം. ആശയെക്കുറിച്ച് അവർ എഴുതിയതിങ്ങനെ, ''ഇന്ന് ഒരു ഇതിഹാസ പ്രതിഭയുടെ നഷ്ടത്തിൽ ഞാൻ ദുഃഖിക്കുന്നു. തലമുറകളെ ആകർഷിച്ച ശബ്ദമായിരുന്നു ആശാ ജിയുടേത്. എന്റെ കഥാപാത്രമാക്കി ചിത്രീകരിച്ച നിരവധി സിനിമാ ഗാനങ്ങൾ അവർ ആലപിച്ചുവെന്നത് എന്റെ പരമമായ ഭാഗ്യമായി കരുതുന്നു. ദം മാരോ ദം, ചുരാ ലിയാ, ദോ ലഫ്സോം കി, മേരി സോണി മേരി തമന്ന, ഖതൂബ...പട്ടിക നീളുന്നു. ഒരുപക്ഷേ ഇങ്ങനെ പറയാം, ആശാ ജി എന്റെ വിജയത്തിനുള്ള സൗണ്ട് ട്രാക്ക് സമ്മാനിച്ചു! എത്ര മണിക്കൂറുകൾ അവരുടെ ശബ്ദം എന്റെ കാതുകളിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ ചെലവഴിച്ചു. അവരുടെ പാട്ടുകൾക്കൊപ്പം ലിപ് സിങ്ക് ചെയ്തതിന് എത്രത്തോളം സ്‌നേഹമാണ് എനിക്ക് ലഭിച്ചത്''.

ആശയുടെ പാട്ടിനോടുള്ള സ്‌നേഹത്തെക്കുറിച്ചും ആത്മാർഥതയെക്കുറിച്ചും സീനത്ത് ഓർക്കുന്നതിങ്ങനെ, ''ആശാജിയുമായുള്ള എന്റെ ബന്ധം ദീർഘവും ഊഷ്മളവുമായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അവർ എപ്പോഴും വളരെ വാത്സല്യത്തോടെ എന്നോട് പെരുമാറി. ഒരു പതിറ്റാണ്ട് മുമ്പുള്ളൊരു സംഭവം ഞാനിപ്പോഴും ഓർക്കുന്നു. അതവരുടെ സ്വഭാവത്തെക്കുറിച്ചൊരു ഉൾക്കാഴ്ച തന്നെ എനിക്ക് സമ്മാനിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഒരു സംഗീത സായാഹ്നത്തിൽ ഞങ്ങൾ രണ്ടുപേരും പങ്കെടുക്കേണ്ടതായിരുന്നു. ഞാനെത്തി കുറച്ചുകഴിഞ്ഞാണ് ആശാജി വന്നത്. അവരുടെ മുഖം കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. മുഖം മുഴുവൻ മുറിവുകളും ചതവുകളും. തൊട്ടുമുന്നത്തെ ദിവസം അവർക്കൊരു അപകടം പറ്റിയതാണ്. എന്നിട്ടും അതൊന്നും വകവെയ്ക്കാതെ അവർ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു. ഒരു കൊടുങ്കാറ്റായി അവർ വേദിയിലെത്തി. എന്നിട്ടും മണിക്കൂറുകളോളം കാണികളെ ആനന്ദത്തിലാഴ്ത്തി. ഓർക്കുക, ആശാജി തന്റെ 80-കളിലായിരുന്നു അപ്പോൾ. ഇതെന്നെ ഒരുപാട് അദ്ഭുതപ്പെടുത്തി''.

ഇക്കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്ലെ അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അവർ മരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Zeenat Aman reflects on Asha Bhosle's instrumental role in her career success. A moving anecdote about Asha Bhosle's professionalism despite injuries during a concert.