ബംഗളൂരു, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് വീഡിയോകൾ ഈയടുത്ത് വളരെയേറെ ആശങ്ക പടർത്തിയിരുന്നു. അനങ്ങാൻ പോലും പറ്റാതെ, വഴിയരികിൽ ആടിയായി നിൽക്കുന്ന രണ്ടു മനുഷ്യരുടെ വീഡിയോയായിരുന്നുവത്. പൊതുവഴിയിലാണ് നിൽക്കുന്നതെങ്കിലും, ചുറ്റും നടക്കുന്നതൊന്നും അവർ അറിയുന്നതേയില്ല. കണ്ണുകൾ പാതിയടച്ചാണ് നിൽക്കുന്നത്.

എത്രയോ നേരം ഒരേ നിൽപ്പ് നിൽക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഢിൽനിന്നുള്ള വീഡിയോയിലുള്ളത് ഒരു ഡെലിവറി ബോയ് ആണ്. അയാൾ വായയിൽ ഒരു സിഗരറ്റും വെച്ച് രണ്ടുമണിക്കൂറോളം, ബോധമില്ലാത്തതുപോലെ നിന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബംഗളൂരിൽനിന്നുള്ള വീഡിയോയും ഏകദേശം ഇതുപോലെ തന്നെ. അതോടെ സോംബി മയക്കുമരുന്നാണ് (Zombie Drug) അവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് പലരും പറഞ്ഞുപരത്തി. പിന്നാലെ ഇന്ത്യയിലും സോംബി മയക്കുമരുന്ന് വന്നുവെന്നത് ആളുകളെ ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്തു.

ബംഗളൂരുവിലെ ബഗലൂർ മെയിൻ റോഡിൽനിന്നുള്ള വീഡിയോ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആ വീഡിയോ മിനിറ്റുകൾകൊണ്ടാണ് ഒരു ലക്ഷം പേർ കണ്ടത്.

പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ബംഗളൂരു പോലീസും രംഗത്തെത്തി. മയക്കുമരുന്നിന്റെ അംശങ്ങളൊന്നും മെഡിക്കൽ പരിശോധനയിൽ അയാളുടെ ദേഹത്തുനിന്ന് കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ''മയക്കുമരുന്ന് അല്ലെങ്കിൽ അതുപോലുള്ള വസ്തുക്കളുടെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ആ വ്യക്തിക്ക് ആർത്രൈറ്റിസ് ഉണ്ടെന്നും മദ്യത്തോടൊപ്പം നിർദ്ദേശിച്ച വേദന സംഹാരിയും കഴിച്ചതായും അതുകൊണ്ടാണ് വീഡിയോയിൽ കാണുന്നതുപോലെ അദ്ദേഹത്തിന്റെ അവസ്ഥ തകരാറിലായതെന്നും കണ്ടെത്തിയിട്ടുണ്ട്'', പോലീസ് അറിയിച്ചു.

ഇയാൾ പഞ്ചാബ് സ്വദേശിയാണെന്നും മൂന്നുമാസം മുമ്പാണ് ബംഗളൂരുവിൽ എത്തിയതെന്നും ട്രക്ക് ഡ്രൈവറാണെന്നും പോലീസ് വെളിപ്പെടുത്തി. ''ഭക്ഷണത്തിനുമുമ്പ് ഇയാൾ ഗ്യാസ്ട്രിക് ഗുളിക കഴിച്ചു. അതുകഴിഞ്ഞ് ഭക്ഷണവും. അതിനുശേഷം ആർത്രൈറ്റിസിനുള്ള മരുന്നും കഴിച്ചു. പിന്നാലെ മദ്യവും അകത്താക്കി. അതുകഴിഞ്ഞ് നടക്കാൻ പറ്റാതെ നിന്നുപോയതാണ്'', ഇതാണ് പോലീസ് പറയുന്നത്.

സൈലസൈൻ (xylazine) ആണ് സോംബി മയക്കുമരുന്ന് എന്ന് അറിയപ്പെടുന്നത്. ഉപയോക്താക്കളെ ഇത് ദീർഘനേരം ചലനരഹിതവും നിർജീവവുമായ അവസ്ഥയിലാക്കും. അമിതമായ മയക്കം, ഹൃദയമിടിപ്പും രക്തസമ്മർദവും കുറയൽ, അബോധാവസ്ഥ എന്നിവയ്ക്കും ഇവ കാരണമാവും. അതിന്റെ പാർശ്വഫലങ്ങൾ കാരണമാണ് സോംബി എന്ന് പേരുവന്നത്. കഴിക്കുന്നവർ ദിശാബോധം നഷ്ടപ്പെട്ടതുപോലെയോ, പ്രതികരിക്കാതെയോ, അല്ലെങ്കിൽ മോഹനിദ്രയിൽ അകപ്പെട്ടതുപോലെയോ കാണപ്പെട്ടേക്കാം. പലയിടത്തും നിരോധിച്ചതാണിത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi