ആചാരങ്ങളോട് എനിക്ക് എപ്പോഴും വലിയ ബഹുമാനമുണ്ടെന്ന് സാമന്ത; വളകാപ്പിന് ആശംസയുമായി ആരാധകർ

സാമന്ത റൂത്ത് പ്രഭു/ AFP
സാമന്ത റൂത്ത് പ്രഭു/ AFP

നടി സാമന്ത റൂത്ത് പ്രഭുവിന്റെ വളകാപ്പ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരമ്പരാഗത ചടങ്ങുകളോടെ നടന്ന ആഘോഷത്തിൽ സാരിയും സ്വർണ്ണാഭരണങ്ങളുമണിഞ്ഞ് അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് സാമന്തയുടെ വസ്ത്രമാണ്. 'സുത്രാണി' ബ്രാൻഡിന്റെ ബട്ടർ യെല്ലോ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് താരം അണിഞ്ഞത്. സ്വർണ്ണ നിറത്തിൽ തീർത്ത ജ്യാമിതീയ ഡിസൈനുകളും, ഹെറിങ്ബോൺ (Herringbone) ബോർഡറുമാണ് സാരിക്ക് പ്രൗഢി നൽകിയത്. ടെമ്പിൾ ഡിസൈൻ സ്വർണ്ണാഭരണങ്ങളാണ് സാമന്ത ഇതിനൊപ്പം ധരിച്ചത്. ഒപ്പം മുടിയിൽ മുല്ലപ്പൂവും, ലളിതമായ മേക്കപ്പും.

പ്രധാനചടങ്ങിന് മുന്നോടിയായുള്ള ചടങ്ങിൽ മഞ്ഞ നിറത്തിലുള്ള അനാർക്കലി സ്യൂട്ടിലാണ് സാമന്ത എത്തിയത്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ചേർന്ന് മഞ്ഞൾ ചാർത്തലുൾപ്പെടെയുള്ള പരമ്പരാഗത ചടങ്ങുകളും നടത്തി. ഇതിനു ശേഷമാണ് താരം കാഞ്ചീപുരം സാരിയിലേക്ക് മാറിയത്.

"നമ്മുടെ ആചാരങ്ങളോട് എനിക്ക് എപ്പോഴും വലിയ ബഹുമാനമുണ്ട്. ഓരോ ചടങ്ങിന്റെയും പൂർണ്ണമായ അർത്ഥം എനിക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല, എങ്കിലും ഈ പുരാതന അനുഷ്ഠാനങ്ങൾക്ക് പിന്നിൽ വലിയൊരു ഊർജ്ജമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു," - ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിനിമയിലെ പ്രമുഖരും നിരവധി ആരാധകരും താരത്തിന് ആശംസകളുമായി എത്തി. 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിന്റെ വിജയഘോഷത്തിനിടയിലാണ് സാമന്ത താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തിലെ ഈ പുതിയ ഘട്ടം പൂർണ്ണമായി ആസ്വദിക്കുകയാണെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha Ruth Prabhu's baby shower (valakappu) pictures are trending on social media., She wore a butter-yellow Kanchipuram saree from the brand 'Sutrani' with temple jewelry., Samantha shared her deep respect for ancient traditions and rituals on Instagram., Announced pregnancy during the success celebrations of her film 'Ma Inti Bangaram'.