'ഷാരൂഖ് അങ്കിളിൽനിന്നാണ് ഞാനതെല്ലാം പഠിച്ചത്, അദ്ദേഹമാണ് എന്റെ പ്രചോദനം'

അഹാൻ പാണ്ഡെ, ഷാരൂഖ് ഖാൻ / IMDb, PTI
അഹാൻ പാണ്ഡെ, ഷാരൂഖ് ഖാൻ / IMDb, PTI

2025-ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ റൊമാന്റിക് ഡ്രാമയാണ് 'സയ്യാര' (Saiyaara). മോഹിത് സൂരി സംവിധാനം ചെയ്ത സിനിമ നിർമിച്ചത് യഷ് രാജ് ഫിലിംസാണ്. IMDb-യുടെ കണക്കുകൾ പ്രകാരം 2025-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ ചിത്രം കൂടിയാണ് 'സയ്യാര'. 50 കോടിക്ക് നിർമിച്ച സിനിമ 580 കോടിയാണ് ബോക്‌സോഫീസിൽനിന്ന് വാരിക്കൂട്ടിയത്. അതിലൂടെ ഒരു പുതിയ താരജോഡി കൂടി ബോളിവുഡിലെത്തി, അഹാൻ പാണ്ഡെയും അനീത് പദ്ദയും. ജെൻ സിയുടെ ഏറ്റവും പ്രിയപ്പെട്ട 'ഇറ്റ് കപ്പിൾ' (It Couple) ആയി മാറുകയും ചെയ്തു ഇരുവരും.

അതിനുശേഷം അഹാന്റേതായി ഒരു സിനിമയും റിലീസായിട്ടില്ലെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ താരപദവിക്ക് യാതൊരു കുറവുമില്ല. സിനിമയിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായത് ഷാരൂഖ് ഖാനാണെന്ന് പറയുകയാണ് അഹാൻ. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ വളർച്ചയിൽ താൻ ഷാരൂഖിൽനിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും അഹാൻ തുറന്നുപറയുന്നു.

ഷാരൂഖിനെ തന്റെ 'ആദ്യകാല പ്രചോദനം' (earliest inspiration) എന്നാണ് അഹാൻ വിശേഷിപ്പിച്ചത്. ഷാരൂഖിന്റെ മക്കളായ ആര്യന്റെയും സുഹാനയുടെയും ബാല്യകാലസുഹൃത്ത് കൂടിയാണ് അഹാൻ. തന്റെ സുഹൃത്തുക്കളുടെ അച്ഛനിൽനിന്ന് എന്താണ് പഠിച്ചതെന്നുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ, ''ഞാൻ എന്താണ് പഠിച്ചതെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. കാരണം നിങ്ങളുടെ വളർച്ചയ്ക്കിടയിൽ, ഉപബോധമനസ്സിലാണ് അതിലേറെയും സംഭവിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ, അത് സ്പഷ്ടമായതോ ബാഹ്യമായതോ ആയ ഒന്നല്ല, മറിച്ച് നിശബ്ദവും ആന്തരികവുമാണ്''.

ഖാൻ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ദുബായിലേക്കുള്ള തന്റെ ആദ്യത്തെ ട്രിപ്പ്, ഖാൻ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ''ഷാരൂഖ് അങ്കിൾ വളരെ ദയയുള്ളവനും ബുദ്ധിമാനുമാണ്. പതിനേഴാം വയസ്സിൽ ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു, ഫിഫ്റ്റി എന്നാണതിന്റെ പേര്. അത് കാണിച്ചുതരട്ടെ എന്ന് ഷാരൂഖ് അങ്കിളിനോട് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് സന്തോഷമായിരുന്നു. അത് കൂടുതൽ ആകർഷകമാക്കാൻ ഏറെ നിർദേശങ്ങളും അദ്ദേഹം നൽകി''.

ആര്യൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ചും അഹാൻ സംസാരിച്ചു. കുട്ടിക്കാലത്ത് ആര്യൻ സ്‌കൂളിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോവാതെ, നേരിട്ട് തന്റെ വീട്ടിലേക്കായിരുന്നു വന്നിരുന്നതെന്ന് അഹാൻ ഓർത്തെടുത്തു. ''എന്തുകൊണ്ടാണ് ആര്യൻ അങ്ങനെ ചെയ്യുന്നതെന്ന് ഷാരൂഖ് അങ്കിളും ഗൗരി ആന്റിയും എന്നെ വിളിച്ചുചോദിക്കും''. തന്റെ ബാല്യകാലസുഹൃത്ത് കൂടിയായ ആര്യൻ ഖാനൊപ്പം ഒരുസിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും അഹാൻ പ്രകടിപ്പിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ahaan Panday identifies Shah Rukh Khan as his primary acting inspiration. Insights into the deep personal bond between the Khan family and Ahaan Panday.