മ്യൂസിക്കൽ ഡ്രാമയായ 'സൈയാര'യിലൂടെ പ്രശസ്തയായ താരമാണ് അനീത് പദ്ദ. അതിനൊപ്പം നായകനായ അഹാൻ പാണ്ഡെയ്‌ക്കൊപ്പമുള്ള അവരുടെ ഓൺലൈൻ കെമിസ്ട്രി ആരാധകരെ ആകർഷിച്ചു. ഇരുവരും യഥാർഥജീവിതത്തിലും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ അഹാൻ തന്നെ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. തങ്ങൾ ഏറ്റവുമടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നുമാണ് അഹാൻ പറഞ്ഞത്. 

ഇപ്പോൾ ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് അനീത് സംസാരിക്കുകയാണ്. ''ഞാൻ വളരെ സെൻസിറ്റീവ് ആണ്. കാര്യങ്ങൾ എനിക്ക് ആഴത്തിൽ മനസ്സിലാകും. അതിനാൽ, സ്‌നേഹത്തിന്റെ ഉത്തരവാദിത്തം, നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകൾ ശരിയായി കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹം, അതൊക്കെ സമ്മർദ്ദകരമായി തോന്നാം. അതേസമയത്ത് ഇത് മനോഹരമാണ്. പക്ഷേ ചിലപ്പോൾ അത് വളരെ കൂടുതലാണ്'', ആരാധകർ നൽകുന്ന സ്‌നേഹത്തെയും പിന്തുണയെയും പറ്റി അനീത് തുറന്നുപറയുന്നു. 

അനീതിന്റെ ആരാധകരും ഫാൻക്ലബ്ബുകളും അനീതിന്റെയും അഹാന്റെയും ഫാൻ വീഡിയോകൾ എഡിറ്റ് ചെയ്ത് പുറത്തിറക്കാറുണ്ട്. ''ഒരിക്കൽ എന്റെ ആരാധകർ എഡിറ്റ് ചെയ്ത ആ വീഡിയോകൾ കണ്ട് ഒരാഴ്ചയോളം ഞാൻ കരഞ്ഞു. അവരുടെ പരിശ്രമം, സ്‌നേഹം എന്നതിനോട് എനിക്ക് നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''. 

2022-ൽ പുറത്തിറങ്ങിയ 'സലാം വെങ്കി'യിൽ ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റായിട്ട് അഭിനയിച്ചിട്ടുണ്ട് അനീത്. പിന്നാലെ ആമസോൺ പ്രൈമിലെ 'ബിഗ് ഗേൾസ് ഡോണ്ട് ക്രൈ' എന്ന ഷോയിൽ അഭിനയിച്ചു. ആ റോൾ അവർക്ക് ഏറെ പ്രേക്ഷകപ്രശംസ നേടിക്കൊടുത്തു. എന്നാൽ, 'സൈയാര'യാണ് അനീതിന് ഇത്ര ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi