ബോളിവുഡ് താരങ്ങൾക്കൊപ്പം തന്നെ ആരാധകരുള്ളവരാണ് അവരുടെ ബോഡിഗാർഡുകളും. താരത്തിനൊപ്പം തന്നെ ബോഡിഗാർഡുകളുടെ വീഡിയോയും വൈറലാവാറുണ്ട്. ഷാരൂഖ് ഖാന്റെ ബോഡിഗാർഡ് രവി സിങ്, സൽമാൻ ഖാന്റെ ബോഡിഗാർഡായ ഷേര, ദീപിക പദുകോണിന്റെ ബോഡിഗാർഡ് ജലാലുദ്ദീൻ...തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. മറ്റൊരു സെലിബ്രിറ്റി ബോഡിഗാർഡാണ് ദീപക് സിങ്. കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെയും ബോഡിഗാർഡാണ് അദ്ദേഹം. ഇവരിൽ പലർക്കും ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് വാർഷികവരുമാനമായി ലഭിക്കുന്നതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

To advertise here,

രവി സിങ്ങിന് പ്രതിഫലമായി കിട്ടുന്നത് രണ്ടേമുക്കാൽ കോടിയാണെന്നും അഭ്യൂഹങ്ങളുണ്ടായി. ജലാലുദ്ദീന്റെ വാർഷികവരുമാനം ഒന്നര കോടിയാണെന്നും ദീപക്കിന്റെത് ഒരുകോടി രൂപയാണെന്നും ഗോസിപ്പുകൾ പുറത്തുവന്നു. എന്നാൽ, ഇത്തരം വ്യാപകപ്രചരണങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മുൻ അംഗരക്ഷകനായ യാസീൻ ഖാൻ. സെലിബ്രിറ്റി ബോഡിഗാർഡുകൾ വർഷംതോറും കോടികൾ സമ്പാദിക്കുന്നുവെന്ന വാർത്തയോടും അദ്ദേഹം പ്രതികരിച്ചു. അത്തരം അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യാസീൻ വെളിപ്പെടുത്തുന്നു.

'ഹിന്ദി റഷു'മായുള്ള (Hindi Rush) ഒരു സംഭാഷണത്തിൽ, അംഗരക്ഷകർ പ്രതിവർഷം രണ്ടുകോടി മുതൽ രണ്ടര കോടി വരെ സമ്പാദിക്കുന്നുവെന്ന അവകാശവാദങ്ങൾ യാസീൻ തള്ളിക്കളഞ്ഞു, അത്തരം കണക്കുകൾ അതിശയോക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

''സോഷ്യൽ മീഡിയ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. ആളുകൾ 2-2.5 കോടി രൂപ സമ്പാദിക്കുന്നതുപോലെയല്ല ഇത്. ഒരു വലിയ താരത്തിന്റെ അംഗരക്ഷകനാണെങ്കിൽ, അവർക്ക് ഒരു നിശ്ചിത ശമ്പളമുണ്ട്. അതിനുപുറമെ, ഒരു സിനിമ തുടങ്ങുമ്പോഴെല്ലാം, ഒരു പ്രത്യേക കരാർ ഉണ്ടാക്കാറുണ്ട്. നിർമാതാവിനെ ആശ്രയിച്ച്, ആ സിനിമയ്ക്ക് അവർക്ക് ഒരു നിശ്ചിത തുക പ്രതിഫലം നൽകുന്നു'', യാസീൻ വെളിപ്പെടുത്തുന്നു.

മുമ്പ്, സിനിമാ ചിത്രീകരണ സമയത്ത് അംഗരക്ഷകർക്ക് നിർമാതാക്കൾ പ്രതിഫലം നൽകിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ''എനിക്ക് ഓർമ്മയുള്ളിടത്തോളം, സിനിമാ മേഖലയിൽനിന്ന് മുമ്പ് അംഗരക്ഷകർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഡ്രൈവർ, മേക്കപ്പ് മാൻ, സ്‌പോട്ട് ബോയ് എന്നിവർക്ക് മാത്രമേ നിർമ്മാതാവ് ശമ്പളം നൽകാവൂ എന്ന നിയമമുണ്ടായിരുന്നു''. എന്നാൽ ആ നിയമം മാറ്റിയത് താനാണെന്നും യാസീൻ പറയുന്നു.

''ഞാൻ നിർമാതാക്കളെ സമീപിച്ചു. മറ്റെല്ലാവർക്കും ശമ്പളം ലഭിക്കുന്നതുപോലെ ഞങ്ങൾക്കും വേണമെന്ന് പറഞ്ഞു. എനിക്ക് കിട്ടിത്തുടങ്ങിയപ്പോൾ മറ്റുള്ള ബോഡിഗാർഡുകൾക്കും ലഭിച്ചു'', യാസീൻ ഓർക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi