സിനിമാകുടുംബത്തിൽനിന്നുള്ള അംഗമാണ് അഹാൻ പാണ്ഡെ. അച്ഛന്റെ സഹോദരൻ പ്രശസ്തനടനായ ചങ്കി പാണ്ഡെ. അദ്ദേഹത്തിന്റെ മകൾ അനന്യ പാണ്ഡെയും ബോളിവുഡിലെ അറിയപ്പെടുന്ന താരം. കുടുംബത്തിൽനിന്ന് സിനിമയിലേക്ക് വന്ന മൂന്നാമത്തെയാളാണ് അഹാൻ. 'സയ്യാര' എന്ന മ്യൂസിക്കൽ ഡ്രാമയിലൂടെ താരപദവിയിലേക്കുയരുകയും ചെയ്തു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിലൊന്ന് കൂടിയാണിത്. 

പ്രിയങ്ക ചോപ്ര തന്നെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണ് അഹാൻ. അർപിതാ ഖാന്റെ വിവാഹസമയത്താണത്. കല്യാണം ആഘോഷമാക്കാനുള്ള ഡാൻസ് ടീമിൽനിന്ന് ആരോ ഒരാൾ അവസാനനിമിഷം പുറത്തുപോയി. പകരം ഒരാളെ വിളിക്കുകയെന്നല്ലാതെ മറ്റൊരു മാർഗവുമില്ല. അങ്ങനെ അഹാൻ ആ ടീമിലെത്തി. രണ്ടുമണിക്കൂർ കൊണ്ടാണ് അഹാൻ നൃത്തച്ചുവടുകൾ പഠിച്ചെടുത്തത്. താരങ്ങൾ നിറഞ്ഞുനിൽക്കുന്ന സദസ്സിൽ അത് അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കാൻ പ്രിയങ്ക ചോപ്രയുമെത്തിയിരുന്നു. നൃത്തം കഴിഞ്ഞപ്പോൾ പ്രിയങ്ക അഹാനെ കാണാനെത്തി. ''നിനക്ക് ആ 'എക്‌സ് ഫാക്ടർ' ഉണ്ട്.  സ്വപ്നങ്ങളെ സ്‌കൈ ഡൈവിങ് പോലെ പരിഗണിക്കൂ, ഒരിക്കൽ ചാടിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല'', എന്നാണ് പ്രിയങ്ക അഹാനോട് പറഞ്ഞത്. ആ വാക്കുകൾ തനിക്കൊരു ഊർജമായെന്ന് അഹാൻ സമ്മതിക്കുന്നു. ''അതേ ആളാണ് ‘സയ്യാര’യിൽ അഭിനയിച്ചതെന്ന് പ്രിയങ്കയ്ക്ക് അറിയില്ലായിരിക്കാം. പക്ഷേ, ആ നിമിഷം ഇപ്പോഴും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു''. 

മോഹിത് സൂരി സംവിധാനം ചെയ്ത സിനിമയിൽ അനീത് പദ്ദയാണ് നായികയായത്. 45 കോടിക്ക് നിർമിച്ച സിനിമ ഏകദേശം 600 കോടിയാണ് കളക്ട് ചെയ്തത്. സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു, പ്രത്യേകിച്ച് 'സയ്യാര തൂ'.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi