‘19 വയസ്സിൽ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു’ വിവാഹമോചന വാർത്തകൾക്കിടെ വൈറലായി മൗനിയുടെ വാക്കുകൾ

നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം തങ്ങൾ വേർപിരിയുകയാണെന്ന് മൗനി റോയ്‌യും സൂരജ് നമ്പ്യാരും അറിയിച്ചിരുന്നു. മെയ് 14-ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഈ വാർത്തകൾക്കിടയിൽ, വിവാഹത്തെക്കുറിച്ച് മൗനി സംസാരിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.
"എനിക്ക് 19 വയസ്സുള്ളപ്പോൾ തന്നെ കല്യാണം കഴിക്കാൻ വലിയ ആഗ്രഹമായിരുന്നു. വിവാഹം സുരക്ഷിതബോധം (sense of belonging) നൽകുന്ന ഒന്നാണ്" എന്ന് സൂം (Zoom) ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സഹതാരം നവീൻ കസ്തൂരിയയുമായി സംസാരിക്കവേ, മൗനി പറഞ്ഞു.
"നല്ലവരായ നിരവധി പെൺകുട്ടികൾ സിംഗിൾ ആയി തുടരുന്നു എന്നതാണ് പ്രശ്നം... എന്റെ ഒരുപാട് സുഹൃത്തുക്കൾ ഇത്തരത്തിലുണ്ട്. രണ്ട് പേർ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, പെൺകുട്ടികൾക്ക് അവർ അർഹിക്കുന്ന ഒരു പുരുഷനെപ്പോലും എനിക്ക് കാണാൻ കഴിയുന്നില്ല," അവർ പറഞ്ഞു. ശരിയായ പങ്കാളിയെ കണ്ടെത്താൻ തനിക്കും സമയമെടുത്തു എന്ന് അവതാരകൻ പറഞ്ഞപ്പോൾ, "എനിക്ക് ഏകദേശം 2 – 3 വർഷം വരെ കാത്തിരിക്കേണ്ടി വന്നു. നിങ്ങൾ ഒരാളുടെ പുറകെ പോകുന്നത് നിർത്തുമ്പോൾ, കാര്യങ്ങൾ നിങ്ങളിലേക്ക് വന്നെത്തും (You stop chasing, you attract)," എന്നും മൗനി മറുപടി നൽകി.
വേർപിരിയൽ
"ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങളുടെ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നത് ഖേദകരമാണ്. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചുവെന്നും, ഈ കാര്യങ്ങൾ സമാധാനപരമായും സ്വകാര്യമായും കൈകാര്യം ചെയ്യാൻ സമയം ആവശ്യമാണെന്നും അറിയിക്കുന്നു," എന്ന് മൗനിയും സൂരജും തങ്ങളുടെ കുറിപ്പിൽ പറഞ്ഞു.
ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും തങ്ങൾക്കിടയിലെ സൗഹൃദം എന്നും വിലമതിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. കൂടാതെ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
2022 ജനുവരി 27-ന് ഗോവയിൽ വെച്ചായിരുന്നു മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹം. ഹൽദി, സംഗീത് ചടങ്ങുകൾക്ക് ശേഷം മലയാളി ആചാരപ്രകാരവും ബംഗാളി ആചാരപ്രകാരവും വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ബെംഗളൂരു സ്വദേശിയായ സൂരജ് നമ്പ്യാർ ഒരു ബിസിനസ്സുകാരനും ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mouni Roy and Suraj Nambiar officially announced their separation., The couple issued a joint statement on May 14, 2026, requesting privacy., The pair had been married since January 2022., Old interviews of Mouni Roy regarding marriage perspectives have resurfaced amid the news.