ഹരിയാണയിലെ കർണാലിൽ പ്രായമായ പുരുഷന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് സീരിയൽ/സിനിമാതാരം മൗനി റോയ്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് നടിയുടെ തുറന്നുപറച്ചിൽ.

"കഴിഞ്ഞ ദിവസം കർണാലിൽ ഒരു പരിപാടിക്ക് പോയതായിരുന്നു. അവിടെ കണ്ട ചില വ്യക്തികളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നി, പ്രത്യേകിച്ച് രണ്ട് മുതിർന്നയാളുകൾ, മുത്തശ്ശന്മാരുടെ പ്രായമുള്ളവർ. പരിപാടി തുടങ്ങുന്നതിന് മുൻപ് സ്റ്റേജിലേക്ക് പോകുമ്പോൾ, അവർ ഫോട്ടോ എടുക്കുന്നതിന്റെ മറവിൽ എന്റെ അരയിൽ കൈവെച്ചു, സർ, കൈയെടുക്കൂ എന്ന് പറഞ്ഞപ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ല," അവർ എഴുതി.

സ്റ്റേജിലെത്തിയ ശേഷവും അവർ മോശം പ്രവൃത്തി തുടർന്നെന്ന് മൗനി പറഞ്ഞു. "സ്റ്റേജിൽ എത്തിയപ്പോൾ കാര്യങ്ങൾ വീണ്ടും വഷളായി. മുന്നിൽ നിന്ന രണ്ട് വ്യക്തികൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും എന്നെ അവഹേളിക്കുകയും ചെയ്തു. ഞാൻ നിർത്താൻ പറഞ്ഞപ്പോൾ എന്റെ നേർക്ക് റോസാപ്പൂക്കൾ വലിച്ചെറിഞ്ഞു. പരിപാടിയുടെ മധ്യത്തിൽ ഞാൻ സ്റ്റേജിന്റെ ഒരു ഭാഗത്തേക്ക് മാറി, പക്ഷെ പെട്ടെന്ന് തന്നെ തിരികെ വന്ന് പ്രകടനം പൂർത്തിയാക്കി. അതിനുശേഷവും അവർ നിർത്തിയില്ല, സംഘാടകർ അവരെ മാറ്റാൻ ശ്രമിച്ചില്ല," അവർ എഴുതി.

"എന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ, ഈ രംഗത്തേക്ക് വരുന്ന പുതിയ പെൺകുട്ടികൾക്ക് എന്തായിരിക്കും അനുഭവിക്കേണ്ടി വരുന്നത് എന്ന് ഞാൻ ഓർക്കുകയാണ്. ഞാൻ അപമാനിക്കപ്പെട്ടു, മാനസികമായി തളർന്നു. ഈ അസഹനീയമായ പെരുമാറ്റത്തിൽ അധികാരികൾ നടപടി എടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു," അവർ പറഞ്ഞു.

കലയിലൂടെ സത്യസന്ധമായ ജീവിതം നയിക്കാൻ ശ്രമിക്കുന്ന കലാകാരന്മാരാണ് തങ്ങളെന്നും മൗനി പറഞ്ഞു. ഇതിൽ നാണക്കേട് തോന്നേണ്ടത് അവർക്കാണ്. സ്വന്തം പെൺമക്കളോ സഹോദരിമാരോ മറ്റു കുടുംബാംഗങ്ങളോ ഇതു നേരിടേണ്ടിവന്നാൽ എങ്ങനെ പ്രതികരിക്കുമെന്ന് അവർ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും മൗനി ചോദിച്ചു.

"സ്റ്റേജിന്റെ ഉയരത്തിൽ നിന്നപ്പോൾ ഈ മുതിർന്ന വ്യക്തികൾ ലോ ആംഗിളിൽ നിന്ന് വീഡിയോ എടുക്കുകയായിരുന്നു. ചിലർ അവരോട് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ അവരെ അസഭ്യം പറഞ്ഞു. എന്റെ രാജ്യത്തെയും ആളുകളെയും നമ്മുടെ പാരമ്പര്യങ്ങളെയും ഞാൻ സ്നേഹിക്കുന്നു, പക്ഷെ ഇത്? അവരുടെ ധൈര്യം. ഞാൻ സാധാരണയായി എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഒന്നും പൊതുവായി പങ്കുവെക്കാറില്ല. പക്ഷെ ഇത്. വാക്കുകളില്ല. ഞങ്ങൾ കലാകാരന്മാർ ഈ പരിപാടികളിൽ വധൂവരന്മാർക്ക് ആശംസ നേരാനും അവരുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനും പോകുന്നു. നമ്മൾ അവരുടെ അതിഥികളാണ്, എന്നിട്ടും അവരിങ്ങനെ ശല്യപ്പെടുത്തുന്നു. "-മൗനി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi