12 ഭാര്യമാർ, 102 മക്കൾ, 580 പേരക്കുട്ടികൾ...ഉഗാണ്ടയിൽനിന്ന് ഒരു വമ്പൻകുടുംബം

ഉഗാണ്ടയിലെ മുസ ഹസഹ്യ കെസേര എന്ന കർഷകനോട് മക്കളുടെ പേരുചോദിച്ചാൽ പലരുടെയും പേരുകൾ ഓർമയില്ലെന്ന് അദ്ദേഹം പറയും. കാരണം ഓർത്തിരിക്കാൻ കഴിയുന്നില്ലെന്നതുതന്നെ. മറക്കാതിരിക്കാൻ മാത്രമുള്ള ചെറിയ അംഗസംഖ്യയുമല്ല.
12 ഭാര്യമാർ, 102 മക്കൾ, 580 പേരക്കുട്ടികൾ… ഇത്രയുമാണ് മുസയുടെ കുടുംബം. കേൾക്കുന്നവരെയെല്ലാം അമ്പരപ്പിക്കുന്ന കണക്കുകൾ. കിഴക്കൻ ഉഗാണ്ടയിലെ ബുത്തലേജ ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലാണ് മുസയും കുടുംബവും താമസിക്കുന്നത്.
1972-ലായിരുന്നു ആദ്യത്തെ വിവാഹം. അന്ന് ഭാര്യയ്ക്കും മുസയ്ക്കും ഒരേപ്രായം, 17 വയസ്സ്. ആദ്യത്തെ കുട്ടി തൊട്ടടുത്തവർഷം തന്നെ ജനിച്ചു. മുസയ്ക്ക് ഒരു സഹോദരൻ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് വേറെ വിവാഹം കഴിച്ച് കുറേ കുട്ടികളെ ജനിപ്പിക്കാൻ മുസയുടെ കുടുംബക്കാർ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. കുടുംബത്തിന്റെ പാരമ്പര്യം വികസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മുസ പറയുന്നു. 13 വയസ്സ് മുതൽ 53 വയസ്സുവരെയുള്ള മക്കളാണ് മുസയ്ക്കുള്ളത്. ഏറ്റവും ഇളയഭാര്യയ്ക്ക് 38 വയസ്സും.
ഇനിയും കുട്ടികളുണ്ടായാൽ അത് തങ്ങളുടെ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറം ആയിരിക്കുമെന്ന് മുസ. ''എന്റെ ഭാര്യമാർ ഇപ്പോൾ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഞാനങ്ങനെ ചെയ്യുന്നില്ല. കാരണം ഞാനൊരു ഉത്തരവാദിത്തമില്ലാത്തയാളാണ്'' എന്നാണ് മുസയുടെ പക്ഷം.
ആദ്യത്തെ കുട്ടിയുടെയും ഒടുവിലുണ്ടായ കുട്ടിയുടെയും പേരുമാത്രമേ മുസയ്ക്ക് കൃത്യമായി ഓർമയുള്ളൂ. ബാക്കിയുള്ളവരെയെല്ലാം തിരിച്ചറിയാൻ സഹായിക്കുന്നത് അവരുടെ അമ്മമാരാണെന്നും മുസ വെളിപ്പെടുത്തുന്നു. എന്തിനേറെ ചില ഭാര്യമാരുടെ പേരും ഓർമയില്ലത്രേ. അതുകൊണ്ട് മക്കളുടെ ജൻമദിനങ്ങളും പേരുകളും മറ്റും എഴുതിവെക്കാൻ മുസ ഒരു നോട്ടുബുക്ക് ഉപയോഗിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
''ആദ്യം ഇതൊരു തമാശയായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്റെ ആരോഗ്യം ക്ഷയിച്ചു. ഇത്രയും വലിയ ഒരു കുടുംബത്തിന് വെറും രണ്ട് ഏക്കർ ഭൂമി മാത്രമാണ് എനിക്കുള്ളത്. ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നടക്കുന്നില്ല. ഭക്ഷണം കൃത്യമായി കൊടുക്കാനോ, കുട്ടികളുടെ ഫീസടയ്ക്കാനോ കഴിയുന്നില്ല. ഒടുവിൽ എന്റെ രണ്ടുഭാര്യമാർ എന്നെ ഉപേക്ഷിച്ചുപോയി'', 71-കാരനായ മുസ പറയുന്നു.
ഇത്രയും വലിയ കുടുംബമാകുമ്പോൾ പ്രശ്‌നങ്ങൾ സ്വാഭാവികമാണല്ലോ. അതൊഴിവാക്കാനായി എല്ലാ മാസവും തങ്ങൾ യോഗം ചേരുമെന്നും മുസ പറയുന്നു. എങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കുടുംബത്തിലുള്ളവരെല്ലാം ചെറിയ ജോലികൾ ചെയ്താണ് ദൈനംദിനജീവിതത്തിനുള്ള പണം കണ്ടെത്തുന്നത്. അയൽക്കാർക്ക് ജോലികൾ ചെയ്തുകൊടുത്താണ് ചിലർ പണം സമ്പാദിക്കുന്നത്. വീട്ടിൽ തന്നെയിരിക്കുന്നവർ പായ നെയ്താണ് പണമുണ്ടാക്കുന്നത്. എന്നിട്ടും കുടുംബത്തിനാവശ്യമായ ഭക്ഷണം ലഭ്യമാകുന്നില്ല. പലപ്പോഴും രണ്ടുനേരം മാത്രമാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്.
മുസയുടെ കുടുംബവും വീടും തന്നെ നിലവിൽ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഉഗാണ്ടയിലെത്തുന്ന പലരും മുസയുടെ കുടുംബത്തെ സന്ദർശിക്കാനും മറക്കാറില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Musa Hasahya from Uganda has 12 wives, 102 children, and 580 grandchildren. The family faces severe financial struggles, including food shortages and lack of education