'പുറത്ത് പൊള്ളലേറ്റു, ഡ്രസ് ഇടാൻ പോലും പറ്റാതായി, എന്നിട്ടും ഷൂട്ടിങ്ങിനുവന്നു'

ശിൽപ ഷെട്ടി / PTI
ശിൽപ ഷെട്ടി / PTI

ഫാഷൻ, ഫിറ്റ്‌നെസ് എന്നിവയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന നടിയാണ് ശിൽപ ഷെട്ടി. 1993-ൽ 'ബാസിഗർ' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മേം. ഖിലാഡി തൂ അനാരി, ആഗ്, ഹിമ്മത്, ധട്കൻ, ഫിർ മിലേംഗെ, ഹംഗാമ 2...അങ്ങനെ എത്രയെത്ര സിനിമകൾ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ, അവർ ടെലിവിഷനിലേക്ക് ശ്രദ്ധതിരിച്ചു. ഝലക് ദിഖ്‌ലാ ജാ, നാച്ച് ബലിയേ, ഇന്ത്യാസ് ഗോട്ട് ടാലന്റ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ ജഡ്ജായി. കെഡി: ദ ഡെവിൾ ആണ് ശിൽപയുടെ റിലീസാവാനിരിക്കുന്ന ചിത്രം.

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം തുറന്നുപറയുകയാണ് ശിൽപ. സിനിമയിലെ വിജയം തനിക്ക് എളുപ്പത്തിൽ ലഭിച്ചതല്ലെന്നും കഠിനാധ്വാനമുണ്ട് ഇതിനു പിന്നിലെന്നും അവർ പറയുന്നു. ജോലിയോടുള്ള തന്റെ ആത്മാർഥത കണ്ടാണ് പലരും തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും ശിൽപ വിശദീകരിക്കുന്നു.

ഒരു ഷൂട്ടിങ്ങിനിടയിൽ തനിക്ക് പൊള്ളലേറ്റെങ്കിലും നിർമാതാവിന് നഷ്ടമുണ്ടാവാതിരിക്കാൻ അടുത്ത ദിവസവും താൻ ഷൂട്ടിങ്ങിനെത്തിയ കാര്യവും അവർ വെളിപ്പെടുത്തുന്നു. ''എന്റെ കഠിനാധ്വാനം കണ്ടാണ് എനിക്ക് ജോലി ലഭിച്ചത്. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഞാൻ ജോലി ചെയ്യും''.

ഒരു സിനിമാചിത്രീകരണത്തിനിടെയുണ്ടായ ഒരപകടത്തെക്കുറിച്ചും അവർ ഓർക്കുന്നു. ''പുറകിൽനിന്നുള്ളൊരു ഷോട്ട് എടുക്കുമ്പോൾ പിന്നിൽവെച്ച എച്ച്.എം.ഐ ലൈറ്റിൽനിന്ന് (HMI light) എനിക്ക് പൊള്ളലേറ്റു. ഫ്രെയിമിൽനിന്ന് ഞാൻ പുറത്തേക്ക് പോകുന്ന ഷോട്ടായിരുന്നു. പിന്നിലൊരു ബേബി ലൈറ്റുണ്ടായിരുന്നു. പെട്ടെന്നത് ഞാൻ ശ്രദ്ധിച്ചില്ല. അങ്ങനെ എന്റെ പുറത്ത് പൊള്ളലേറ്റു. പൊള്ളിയാൽ ഒരു സെക്കന്റ് നേരത്തേക്ക് നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയില്ല. അതുപോലെ തന്നെയായിരുന്നു എന്റെ അവസ്ഥയും. കുറച്ചുകഴിയുമ്പോഴേക്കും ആ നീറ്റലും പുകച്ചിലും നന്നായി അറിയുന്നുണ്ടായിരുന്നു. എന്നിട്ടും അടുത്ത ദിവസത്തെ ഷൂട്ടിങ്ങിന് ഞാൻ വന്നു. പൊള്ളിയതിനാൽ എനിക്ക് വസ്ത്രം ധരിക്കാൻ പറ്റില്ല. അതിനാൽ മുന്നിൽനിന്ന് അത് ധരിച്ചു. പിന്നിൽ സ്റ്റിച്ച് ചെയ്തുതരാൻ കോസ്റ്റിയൂമറോട് പറഞ്ഞു. ഞാൻ കാരണം മറ്റാർക്കും നഷ്ടംവരരുതെന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇപ്പോഴും അതുതന്നെയാണ് എന്റെ മനസ്സിലുള്ളത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shilpa Shetty reveals a past incident where she suffered HMI light burns on set. Despite severe pain and inability to wear clothes properly, she continued shooting to avoid production losses.