‘തിരക്കഥ ഒന്നും, ചിത്രീകരിക്കുന്നത് മറ്റൊന്നും!' ട്രോളുകൾക്കിടയിൽ ഗീതു മോഹൻദാസിന്റെ പഴയ വീഡിയോ വൈറൽ

സിനിമയുടെ പോസ്റ്റർ, ഗീതു മോഹൻദാസ് | Instagram
സിനിമയുടെ പോസ്റ്റർ, ഗീതു മോഹൻദാസ് | Instagram

കെ.ജി.എഫ് താരം യഷ് കേന്ദ്രകഥാപാത്രമായെത്തിയ 'ടോക്സിക്' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിനെതിരെ കടുത്ത വിമർശനവും ട്രോളുകളുമാണ് ഉയർന്നുവരുന്നത്. ഇതിനിടയിൽ സംവിധായിക ഗീതു മോഹൻദാസിന്റെ പഴയൊരു അഭിമുഖത്തിലെ പ്രതികരണങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

"ഞാൻ എഴുതുന്നത് ഒന്നാണ്, ചിത്രീകരിക്കുന്നത് വേറൊന്നാണ്, എഡിറ്റ് ചെയ്യുന്നത് പൂർണ്ണമായും മറ്റൊരു രീതിയിലാണ്. സിനിമ പുറത്തിറങ്ങുമ്പോൾ മാത്രമാണ് ഞാൻ സന്തോഷവതിയാകുന്നത്. ഞാൻ ഒരിക്കലും തിരക്കഥയിൽ ഉറച്ചുനിൽക്കാറില്ല. പുതിയ സിനിമയ്ക്കായി നിർമ്മാതാക്കളെ കാണുമ്പോഴും ഞാൻ ഇതാണ് പറയാറുള്ളത്, നിങ്ങൾ വായിച്ച സ്ക്രിപ്റ്റായിരിക്കില്ല സ്ക്രീനിൽ കാണാൻ പോകുന്നത്," വീഡിയോയിൽ ഗീതു പറയുന്നു.

തിയേറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്ന മോശം പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമയുടെ ഈ അവസ്ഥയ്ക്ക് കാരണം ഗീതുവിന്റെ ഈ രീതിയാണെന്ന് ആരോപിച്ച് സിനിമാ പ്രേമികൾ വീഡിയോ വലിയതോതിൽ പങ്കുവെയ്ക്കുകയാണ്.

ഗോവയിലെ പോർച്ചുഗീസ് ഭരണകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു പീരീഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്'. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

യഷ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇത്രയും വലിയ താരനിരയും പ്രതീക്ഷകളുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ നിരാശപ്പെടുത്തിയതോടെയാണ് ഗീതു മോഹൻദാസിനെതിരെ ട്രോളുകളുയരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Geetu Mohandas's past interview statement about not sticking to the script goes viral., Yash-starrer 'Toxic' faces heavy criticism and negative reviews in theaters., Fans and moviegoers attribute the film's poor reception to the director's unpredictable filmmaking style., Toxic is a period gangster action drama set during the Portuguese rule in Goa.