ഓണം വരുമ്പോൾ ആഘോഷങ്ങൾക്കൊപ്പം ഓർമകളും വീട്ടുമുറ്റത്തേക്ക് തിരിച്ചെത്തും. കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനും ഓണം അത്തരമൊരു ഓർമക്കാലമാണ്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന ദിവസങ്ങൾ, വീട്ടിൽ നിറയുന്ന ആളുകൾ, അടുക്കളയിലെ തിരക്കുകൾ, വിഭവസമൃദ്ധമായ സദ്യ ഇവയ്ക്കിടയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത് അദ്ദേഹത്തിന്റെ ഓർമകളാണ്. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫസീലയുടെ ഓർമകളിൽ, ഓണം വലിയ ആഘോഷങ്ങളേക്കാൾ കുടുംബം ഒരുമിച്ചിരിക്കുന്നതിന്റെ പേരിലാണ് പ്രത്യേകമാകുന്നത്.

'ഓണസദ്യയോ ബിരിയാണിയോ എന്നതിലുപരി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന നിമിഷങ്ങളോടായിരുന്നു ഹനീഫിക്കയ്ക്ക് കൂടുതൽ ഇഷ്ടം. ഓണത്തിന് വീട്ടിൽ പതിവായി സദ്യ ഒരുക്കും. അന്ന് ഇക്കയുടെ തറവാട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. ആഘോഷങ്ങൾക്ക് കുടുംബത്തിലെ എല്ലാവരും വീട്ടിലുണ്ടാവും. സദ്യയിൽ 10 മുതൽ 30 വരെ വിഭവങ്ങൾ ഉണ്ടാകുന്ന കാലവും ഓർമയിലുണ്ട്. ഇക്കയ്ക്ക് നോൺ വെജ് വിഭവങ്ങളോടായിരുന്നു കൂടുതൽ താൽപര്യം. എങ്കിലും ഓണസദ്യയുടെ പ്രത്യേകത കുടുംബത്തോടൊപ്പം ഇരുന്ന് കഴിക്കുന്നതിലായിരുന്നു. വലിയ ആഘോഷങ്ങളോ പുറംയാത്രകളോ അദ്ദേഹത്തിന് അത്ര പതിവായിരുന്നില്ല. വീട്ടിൽ തന്നെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്നതായിരുന്നു ഇഷ്ടം.

സിനിമയിലെ തിരക്കുകൾക്കിടയിലും ഓണവും പെരുന്നാളുമൊക്കെ കഴിയുന്നത്ര വീട്ടിൽ കുടുംബത്തോടൊപ്പമാക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഫസീല പറയുന്നു. ''ഷൂട്ടിങ് സ്ഥലത്തായിരുന്ന സമയങ്ങളിലും വീട്ടിലെ ആഘോഷങ്ങളാണ് പ്രധാനമായിരുന്നത്. ഹനീഫിക്കയുടെ കുടുംബം വലുതായിരുന്നു. സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ എല്ലാവരും. അതുകൊണ്ടുതന്നെ വീട്ടിലെ ആഘോഷങ്ങൾക്ക് തന്നെയായിരുന്നു കൂടുതൽ നിറം.'' സിനിമയിലും പൊതുജീവിതത്തിലും കാണുന്ന കൊച്ചിൻ ഹനീഫയിൽ നിന്ന് വ്യത്യസ്തമായിരുന്നു വീട്ടിലെ ഹനീഫയെന്നും ഫസീല ഓർക്കുന്നു.

''വീട്ടിൽ ആവശ്യമുള്ള സമയത്ത് തമാശ പറയുമെങ്കിലും പൊതുവെ വളരെ സീരിയസായ സ്വഭാവക്കാരനായിരുന്നു അദ്ദേഹം. കുടുംബത്തിലെ കാര്യങ്ങളിൽ കൃത്യതയും ശ്രദ്ധയും പുലർത്തുന്ന, എല്ലാവരെയും കരുതലോടെ നോക്കുന്ന ഒരാളായിരുന്നു. വിവാഹശേഷം ഇക്കയുടെ സിനിമകൾ കാണാൻ ഞാനും ഒരുമിച്ച് പോകാറുണ്ടായിരുന്നു. അവസാനമായി ഒരുമിച്ച് കണ്ട ചിത്രം 'പഴശിരാജ'യാണ്. അസുഖബാധിതനായ അവസാനകാലത്ത് ചിത്രം കാണണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് ലിസി തിയറ്ററിൽ ഞങ്ങൾക്കായി പഴശിരാജയുടെ പ്രത്യേക ഷോ ഒരുക്കി. ഷൂട്ടിങ് ലൊക്കേഷനുകളിലായിരിക്കുമ്പോഴും സിനിമ കാണുന്നത് പതിവായിരുന്നു. ചെന്നൈയിലും ഊട്ടിയിലും മറ്റും ലൊക്കേഷനുകൾക്കിടയിൽ നിരവധി സിനിമകൾ കുടുംബത്തോടൊപ്പം കണ്ടിട്ടുണ്ട്.

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹമൊന്നും ഇക്ക പറഞ്ഞുകേട്ടിട്ടില്ല. കൂട്ടുകുടുംബത്തിൽ എല്ലാവരോടുമൊപ്പം കഴിയുന്നതായിരുന്നു കൂടുതൽ ഇഷ്ടം. ഒറ്റയ്ക്കുള്ള ജീവിതത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല. മാത്രമല്ല അന്ന് ഞങ്ങൾക്ക് കുട്ടികളുമില്ലല്ലോ. വെണ്ണലയിലെ പുതിയ വീട് പണിയാൻ ഏകദേശം ഒരു വർഷമെടുത്തു. എന്നാൽ അത് കാണാൻ അദ്ദേഹമില്ലല്ലോ. ഇക്ക വിടപറയുമ്പോൾ മക്കൾക്ക് മൂന്ന് വയസ്സായിരുന്നു. അവസാന കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഏകദേശം ആറുമാസത്തോളം വലിയ ജോലികൾ ഏറ്റെടുക്കാതെ ചെന്നൈയിൽ ചികിത്സയിലായിരുന്നു.

ആ സമയം ഇക്ക സിനിമയിൽ മികച്ചൊരു ഘട്ടത്തിലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തിരക്കേറിയ സമയം. മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം അധികം ലഭിച്ചില്ല.

കാലം മുന്നോട്ടുപോയെങ്കിലും ഓണം കുടുംബത്തെ വീണ്ടും ഒരുമിപ്പിക്കുന്ന അവസരമായി തുടരുന്നു. എന്റെ സ്വന്തം നാടായ തലശ്ശേരിയിലെ കുടുംബവീട്ടിലും ഓണം കുടുംബസംഗമത്തിന്റെ ദിവസമാണ്. എല്ലാവരും ചേർന്ന് ഒരുക്കുന്ന സദ്യയാണ് അവിടുത്തെയും പ്രത്യേകത. കുടുംബത്തിലെ എല്ലാവരും വിവിധ സ്ഥലങ്ങളിലേക്ക് മാറിയതിന് ശേഷമാണ് ഇത്തരം ഒത്തുചേരലുകൾ കൂടുതലായി തുടങ്ങിയത്. ഓണം, പെരുന്നാൾ, നോമ്പുതുറ തുടങ്ങിയ അവസരങ്ങളിൽ എല്ലാവരും വീണ്ടും ഒരുമിക്കുന്നു.

വലിയ ആഘോഷങ്ങളൊന്നും പ്രത്യേകം ഇല്ലെങ്കിലും സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലെ ആദ്യ ഓണം പ്രത്യേകം തന്നെയാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi