‘സിനിമ ഇറങ്ങിയിട്ട് 18 വർഷം കഴിഞ്ഞു, ഇപ്പോഴും ആ സിനിമയിൽ നിന്ന് പ്രതിഫലം ലഭിക്കുന്നുണ്ട്’

ഡാനി ബോയിൽ സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ വിഖ്യാത ചലച്ചിത്രമാണ് സ്ലംഡോഗ് മില്യണയർ. 2008-ലെ ഓസ്കാർ ജേതാവായിരുന്നു ചിത്രം. മുംബൈ ചേരി നിവാസിയായ യുവാവ് പ്രശ്‌നോത്തരിയിൽ പങ്കെടുത്ത് കോടീശ്വരനായി മാറുന്നതാണ് സ്ലംഡോഗ് മില്യനെയറിന്റെ (Slumdog Millionaire) പ്രമേയം. നടൻ അനിൽ കപൂറും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
ചിത്രം പുറത്തിറങ്ങി ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷവും അനിൽ കപൂറിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്ന് പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഈ പ്രോജക്റ്റിൽ നിന്നുള്ള വരുമാനം തന്റെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും താരം വെളിപ്പെടുത്തി.
ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയാണ് അനിൽ കപൂർ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘The Ageless Rebel: Rewriting the Rules of Stardom' എന്ന സെഷനിലാണ് അദ്ദേഹം പങ്കെടുത്തത്. "ഇതൊരു വൈകാരിക നിമിഷമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി, ഇന്നലെയും എനിക്ക് സ്ലംഡോഗ് മില്യണയറിന്റെ പേയ്‌മെന്റ് ചെക്ക് ലഭിച്ചു," അനിൽ കപൂർ പറഞ്ഞു.
ലഭിക്കുന്ന തുകയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ഇന്നലെ ലഭിച്ചത് 3,000 പൗണ്ട് (ഏകദേശം 3.3 ലക്ഷം രൂപ) ആണ്. ഞാൻ കൃത്യമായി നികുതി അടയ്ക്കുന്നതിനാൽ എനിക്ക് ഇത് പറയാം. എനിക്ക് ഇതുവരെ ഏകദേശം അര മില്യൺ പൗണ്ടോളം (ഏകദേശം 5.5 കോടി രൂപ) ലഭിക്കാൻ പോകുന്നു. അതുകൊണ്ട് ഞാൻ ഒരു മില്യണയറാണ്. ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നില്ല, അവർ സ്വയം നൽകുന്നതാണ്."
ഡാനി ബോയ്ലിന്റെ ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണവും അദ്ദേഹം പങ്കുവെച്ചു. "എന്നെത്തന്നെ ഒന്ന് പുതുക്കാനും പഠിക്കാനും വേണ്ടിയാണ് ഞാൻ ആ സിനിമ ചെയ്തത്. എപ്പോഴും പ്രസക്തനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തന്റെ ശമ്പളം നൽകാൻ കഴിയില്ലെന്ന് അണിയറപ്രവർത്തകർ പറഞ്ഞപ്പോൾ, പ്രതിഫലമില്ലാതെ അഭിനയിക്കാൻ താൻ തയ്യാറായിരുന്നുവെന്നും 69-കാരനായ താരം വെളിപ്പെടുത്തി.
ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത സുബേദാർ (Subedaar) എന്ന ചിത്രമാണ് അനിൽ കപൂർ അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ അർജുൻ മൗര്യ എന്ന വിരമിച്ച സൈനികന്റെ വേഷത്തിലാണ് താരമെത്തിയത്. രാധിക മദൻ, സൗരഭ് ശുക്ല എന്നിവരും ഇതിൽ പ്രധാന വേഷത്തിലെത്തി. ആലിയ ഭട്ട്, സർവാരി എന്നിവർക്കൊപ്പം അനിൽ കപൂർ അഭിനയിക്കുന്ന ആൽഫ (Alpha) ജൂലൈ 10-ന് റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anil Kapoor continues to receive royalties from Slumdog Millionaire 18 years later., The actor revealed receiving approximately £3,000 recently., Total earnings from the project have reached nearly half a million pounds., Kapoor highlights the importance of choosing projects for personal growth over immediate pay.