
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയദിനത്തിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കയാണ്. വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് ഹൃദ്രോഗം നിശബ്ദകൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം.
ഹൃദയസംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ തടയാമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുകയെന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയസംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് അറിയാനും ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ളതെന്ന് നോക്കാം. 'ഹൃദ്യമായി ഹൃദയത്തെ മനസ്സിലാക്കൂ' എന്നാണ് ലോക ഹൃദയ സംഘടന 2023-ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരവസരമാണ് ഈ ഹൃദയദിനം. ഹൃദയസംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളൂ.
നമ്മള്‍ ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ നമുക്കുചുറ്റും ഉള്ളവര്‍ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താല്‍ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവുമാണ്. അതിനൊപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം എന്നിവയും ആവശ്യമാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക. കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
ജീവിതം ചലനാത്മകമാവട്ടെ
ഒറ്റയ്‌ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ-ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. അവനവനായി സമയം കണ്ടെത്തുക. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ക്കായി ദിവസത്തില്‍ കുറച്ചു സമയമെങ്കിലും മാറ്റിവെക്കുക. മാനസികസമ്മര്‍ദ്ദം കുറയട്ടെ. ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കുവാങ്ങുന്ന പോലെയാണ് സ്ഥിതി. പല ജോലിസ്ഥലങ്ങളിലും ഇപ്പോള്‍ ജിം സൗകര്യങ്ങളുണ്ട്. അതിനൊപ്പം സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവയും നല്‍കിവരുന്നുണ്ട്.
ജീവിതശൈലീരോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞുവരികയാണ്. ഹൃദ്രോഗകാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍ എന്നിവ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിച്ചും നിയന്ത്രിക്കുക.
ചികിത്സ എങ്ങനെ
നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാവുക. ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവര്‍ക്ക് മരുന്നുകള്‍ കൂടാതെ ചിലപ്പോഴൊക്കെ ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി എന്നിവയും ആവശ്യം വന്നേക്കാം. ഇതുകൂടാതെ അതിനൂതനമായ ചില ചികിത്സാരീതികള്‍-അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്‌മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
Content Highlights: world heart day 2023
Published: 29 Sept 2023, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented