സെപ്റ്റംബര്‍ 29, ലോക ഹൃദയദിനം. ഹൃദ്രോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ തടയാമെന്നും ഹൃദയസംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ഉദ്ദേശം. ഹൃദ്രോഗത്തെ 'ഒന്നാം നമ്പര്‍ നിശ്ശബ്ദ കൊലയാളി' എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 18 ദശലക്ഷത്തിലേറെ ജീവന്‍, ഹൃദ്രോഗം മൂലം വര്‍ഷം തോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം.

'പ്രവര്‍ത്തനത്തിനായി ഹൃദയം ഉപയോഗിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയദിനത്തിന്റെ പ്രമേയം. ഹൃദ്രോഗം തടയുന്നതിനുള്ള അര്‍ത്ഥവത്തായ നടപടികള്‍ എടുക്കാനും ഹൃദയസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങളെടുക്കാനും വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ആരോഗ്യസംരക്ഷണ സംഘടനകളും സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ഒത്തുചേര്‍ന്ന പരിശോധനകളും, സെമിനാറും, പ്രവര്‍ത്തനങ്ങളും, ക്യാമ്പെയ്നുകളും സംഘടിപ്പിക്കുന്നു. ഹൃദ്രോഗം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതശൈലി മാറ്റാനും ഈ പ്രവര്‍ത്തനങ്ങള്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഹൃദയസംരക്ഷണത്തിനായി നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

കൃത്യമായ വ്യായാമം
ദിവസത്തില്‍ 30 മുതല്‍ 40 മിനിട്ട് വരെ വ്യായാമത്തിനായി നീക്കിവെക്കാം. ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമത്തിലേര്‍പ്പെടുക. അത് ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മനസ്സിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ച് സമയമെങ്കിലും ഏര്‍പ്പെടുക. ഹൃദ്രോഗകാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കുക.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ പരിശോധനകള്‍ക്ക് വിധേയനാവുക. പെട്ടെന്നുണ്ടായ കടുത്ത നെഞ്ചുവേദനയ്ക്ക് ഇ.സി.ജി.യിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി വേണ്ടി വന്നേക്കാം. അല്ലാത്ത പക്ഷം ട്രോപോനിന്‍ എന്ന രക്ത പരിശോധന ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം നടത്താനാവും.

രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വ്വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി എന്നിവയും ആവശ്യം വന്നേക്കാം. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും പുരോഗമിക്കുന്നതനുസരിച്ച് അതിനൂതന ചികിത്സാരീതികള്‍ ഇപ്പോള്‍ ലഭ്യമാണ്. അതായത് ശാസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റി വയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വെക്കുന്നത് (Leadless Pacemaker) തുടങ്ങിയവ ഇവയില്‍ ചിലതാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാള്‍ ഏറ്റവും ഉചിതവും ഉത്തമവും.