ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ആളായിരുന്നു നാനാ പടേക്കർ. കൃത്യമായ വ്യായാമവും ചിട്ടയായ ജീവിതശൈലിയുമായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. എന്നാൽ ഒരുകാലത്ത് അദ്ദേഹം പുകവലിക്ക് അടിമയായിരുന്നു. ഒരുദിവസം എത്ര സിഗരറ്റ് വലിച്ചിരുന്നുവെന്നും പിന്നീടത് വേണ്ടെന്നുവെച്ചതിനുപിന്നിലെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

2007-ലാണ് സിഗരറ്റിനോട് വിടപറഞ്ഞത്, ''പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ഒരുദിവസം രാവിലെ ഞാൻ എഴുന്നേറ്റ്, എന്നിട്ട് സ്വയം പറഞ്ഞു, 'ഇനി മുതൽ സിഗരറ്റില്ല' അങ്ങനെയാണത് സംഭവിച്ചത്''. 56-ാം വയസ്സിലാണ് അദ്ദേഹം പുകവലി നിർത്തിയത്.

''56 വയസ്സുവരെ ഞാൻ ദിവസവും 60 സിഗരറ്റ് വരെ വലിച്ചിരുന്നു. എന്നാൽ പിന്നീട് ഞാൻ അവയെല്ലാം വലിച്ചെറിഞ്ഞ് ആ ശീലം ഉപേക്ഷിച്ചു. എനിക്ക് സഹോദരിയെപ്പോലെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഭാര്യയ്ക്ക് അവരുടെ ഏക മകനെ നഷ്ടപ്പെട്ട സമയമായിരുന്നു അത്. അപ്പോൾ എനിക്ക് കടുത്ത ചുമയും ഉണ്ടായിരുന്നു. അപ്പോൾ അവർ ചോദിച്ചു, 'ഇനി എന്തൊക്കെയാണ് എനിക്ക് കാണാനുള്ളത്?' അങ്ങനെയാണ് നിർത്താൻ തീരുമാനിച്ചത്''.

2012-ൽ ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ പ്രിയദർശനോട് പുകവലി ഉപേക്ഷിക്കാൻ ഉപദേശിച്ചതിനെക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുന്നതിനിടെയാണ് അദ്ദേഹമിത് പറഞ്ഞത്. 'കമാൽ ധമാൽ മാലാമാൽ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സമയത്തായിരുന്നു അത്. നാനാ പടേക്കറാണ് പ്രിയദർശനെ പുകവലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.

''പ്രിയൻ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ്. തന്റെ സിനിമയോടുള്ള ആവേശത്തിൽ മുഴുകി ജീവിക്കുന്ന അദ്ദേഹം സ്വന്തം ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാറില്ല. പുകവലി നിർത്താൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു; എന്നാൽ ഇത്തവണ കണ്ടപ്പോൾ ആ ശീലം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. പുകവലി ജീവനെടുക്കുന്ന ഒന്നാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi