ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിനുകള്‍. മനുഷ്യ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ ഇ. ബ്യൂട്ടി വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഇവ മികച്ച ഒരു ആന്റി ഓക്‌സിഡന്റാണ്. തിളക്കമുള്ള ചര്‍മത്തിനും ആരോഗ്യകരമായ ഹൃദയത്തിനും മനോഹരമായ കണ്ണുകള്‍ക്കും വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനായ ഇവയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ സ്‌ട്രെസ്സ് കുറച്ച് പ്രതിരോധശക്തി വീണ്ടെടുക്കാനും ചര്‍മത്തെ സുന്ദരമാക്കാനും സഹായിക്കുന്നു.

To advertise here,

വിറ്റാമിന്‍ ഇ-യുടെ ആരോഗ്യഗുണങ്ങള്‍

  • വിറ്റാമിന്‍ ഇ-യുടെ ആന്റിഓക്‌സിഡെന്റ് സ്വഭാവം മൂലം കോശങ്ങളുടെ കേടുപാടുകള്‍ കുറച്ച് ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നതുമൂലം  പാടുകളും ചുളിവുകളും മാറി ചര്‍മം ചെറുപ്പമാകുന്നു.
  • പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഇ-യ്ക്ക് നല്ല പങ്കുണ്ട്. അതുകൊണ്ടുതന്നെ വിറ്റാമിന്‍ ഇ കഴിക്കുന്നതുമൂലം അണുബാധയുടെ സാധ്യത കുറയുന്നു.
  • ശരീരത്തിലെ ചീത്ത കോളസ്‌ട്രോളിനെ തടഞ്ഞ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സപ്ലിമെന്റുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന്  പഠനങ്ങളും പറയുന്നു.
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഇ. പ്രായമായവരില്‍ കൂടുതലും കാണപ്പെടുന്ന തിമിരവും മാക്യുലാര്‍ ഡീജനറേഷറും തടഞ്ഞ് കാഴ്ചശക്തി വർധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
  • വിറ്റാമിന്‍ ഇ കഴിക്കുന്നത് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന്  ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • ഇവ അടങ്ങിയ ഭക്ഷണങ്ങളും സപ്ലിമെന്റുകളും  എഎല്‍എസ് അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് ( പേശി ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ രോഗമാണ്). മൂലമുള്ള മരണ സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിച്ചു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍
ബദാം: പോഷകസമൃദ്ധമായ ഒന്നാണ് ബദാം. 100 ഗ്രാം ബദാമില്‍ 25.6 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ദിവസേന കഴിക്കുന്നത് നല്ലതാണ്.

ഗോതമ്പ് ജേം ഓയില്‍ : ഗോതമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണിത്. വിറ്റാമിന്‍ ഇ യുടെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ഗോതമ്പ് ജേം ഓയില്‍. 100 ഗ്രാം എണ്ണയിൽ 255 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. എങ്കിലും, ഗോതമ്പ് ജേം ഓയില്‍ വളരെ പെട്ടെന്ന് കേടാകുന്നതും  ചെലവേറിയതുമാണ്.

അവോക്കാഡോ: ഏറ്റവും പ്രചാരമുള്ള സൂപ്പര്‍ഫുഡുകളിലൊന്നായ അവോക്കാഡോയില്‍ 100 ഗ്രാമിൽത്തന്നെ 14 ശതമാനത്തോളം വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

സണ്‍ഫ്‌ളവര്‍ സീഡ്: ആരോഗ്യകരമായ ലഘുഭക്ഷണമായി കഴിക്കാറുള്ള ഒന്നാണ് സണ്‍ഫ്‌ളവര്‍ സീഡ്. മോണോ, പോളി, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണിവ. 100 ഗ്രാം സണ്‍ഫ്‌ളവര്‍ സീഡില്‍  35.7 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

പീനട്ട് ബട്ടര്‍: പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള പീനട്ട് ബട്ടര്‍ 100 ഗ്രാമില്‍ തന്നെ ഏകദേശം 44 ശതമാനത്തോളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

സോയാബീന്‍ ഓയില്‍: വിറ്റാമിന്‍ ഇ യുടെ ഏറ്റവും മികച്ച ഉറവിടങ്ങളാണ് സസ്യ എണ്ണകള്‍. 100 ഗ്രാം ശുദ്ധീകരിച്ച സോയാബീന്‍ എണ്ണയില്‍ 8.8 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

ചീര:ആരോഗ്യപ്രേമികളുടെ പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് ചീര. പോഷകസമൃദ്ധവും കുറഞ്ഞ കലോറിയുള്ളതുമായ ഒന്നാണിവ. 100 ഗ്രാം ചീരയില്‍ 44 ശതമാനത്തോളം വിറ്റാമിന്‍ ഇ കാണപ്പെടുന്നു.

(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi