വിനോദയാത്രകൾ നമ്മെ ആനന്ദിപ്പിക്കുന്നതും മനസ്സിന് സന്തോഷം തരുന്നവയുമാണ്. എന്നാൽ ഇത്തരം യാത്രകൾ മാനസികോല്ലാസം തരുന്നുണ്ടെങ്കിലും പലപ്പോഴും വയറിന് അത്ര സുഖകരമായിരിക്കില്ല. യാത്രാവേളകളിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് യാത്രകൾക്കിടയിലുണ്ടാകുന്ന മലബന്ധം. എന്നാൽ ഇത്തരം അസ്വസ്ഥതകൾ പലപ്പോഴും മനോഹരമായ നിമിഷങ്ങളെത്തന്നെ നശിപ്പിച്ചുകളയും. എന്നാലിതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

To advertise here,

കാഴ്ചകൾ കാണാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുന്നു. ഇടവിട്ടുള്ള മൂത്രശങ്കമൂലം പലരും ശരീരത്തിന് ആവശ്യമായതിലും വളരെ കുറച്ച് അളവിൽ മാത്രമേ വെള്ളം കുടിക്കാറുള്ളൂ. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ ഇത് വൻകുടലിനെ ദോഷകരമായി ബാധിക്കുന്നു. 

അമിതമായ ജങ്ക് ഫുഡ്
ഫ്രൈകളും, പേസ്ട്രികളും, കോക്ക്ടെയിലുകളും, മധുരം നിറഞ്ഞ പലഹാരങ്ങളുമൊക്കെയാണ് യാത്രകളിലെ കൂട്ടുകാർ. യാത്രകളിൽ പലപ്പോഴും പഴങ്ങൾ, സാലഡുകൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകളടങ്ങിയ ഭക്ഷണങ്ങൾ അവഗണിക്കുന്നു. നാരുകൾ കുറയുന്നത് മലബന്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ പഞ്ചസാര, കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം സാവധാനത്തിലാക്കുന്നു. ഈ തടസ്സം വയറിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ഒപ്പം മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

താളം തെറ്റുന്ന ദിനചര്യകൾ
ക്രമം തെറ്റിയ ഭക്ഷണം, ഉറക്കമില്ലാത്ത രാത്രികൾ, ദീർഘനേരമുള്ള ഇരിപ്പ് തുടങ്ങിയ താളം തെറ്റിയ ദിനചര്യകൾ പലപ്പോഴും ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഇത്തരം ക്രമക്കേടുകൾ ദഹനത്തെ സാവധാനത്തിലാക്കുകയും മലബന്ധത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.

പ്രതിവിധികൾ

  • ധാരാളം വെള്ളം കുടിക്കുക. യാത്രയ്ക്ക് മുമ്പും യാത്രയ്ക്കിടയിലും ശേഷവും വെള്ളം കുടിക്കുക. ഒരു കുപ്പി വെള്ളം എപ്പോഴും കെെയിൽ കരുതുക.
  • ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണത്തിന് പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • യാത്രയ്ക്കിടയിലെ ഇടവേളകളിൽ നടക്കുക, ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കാം. ഭക്ഷണശേഷവും അൽപ്പദൂരം നടക്കുന്നത് നല്ലതാണ്.
  • പതിവ് ദിനചര്യകൾ തെറ്റുന്നുണ്ടെങ്കിൽ പോലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും മലമൂത്രവിസർജ്ജനം വൈകിപ്പിക്കാതിരിക്കാനും ശ്രമിക്കുക. പിടിച്ചുവെക്കുന്നത് മലബന്ധം വഷളാക്കുകയേയുള്ളൂ.
  • മദ്യവും കഫീനും പരിമിതപ്പെടുത്തുക. ഇവ രണ്ടും ശരീരത്തിൽ നിന്ന് കൂടുതൽ ജലാംശം നഷ്ടപ്പെടുത്തും.

മലബന്ധം അവധിക്കാലത്തെ രസംകൊല്ലുന്ന ഒരു സാധാരണ പ്രശ്നമാണ്. ആഘോഷങ്ങൾ ആരോഗ്യകരമായ ജീവിതരീതിയെ പൂർണ്ണമായും മറികടക്കാതെ നോക്കുക എന്നതാണ് പ്രധാനം.

(പൊതുവായ നിർദേശങ്ങളാണിവ. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi