പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ നാം ഏറെക്കാലമായി ചർച്ച ചെയ്യുന്നതാണ്. കാൻസർ പോലെയുള്ള മാരകരോഗങ്ങൾ, രക്തക്കുഴൽ അടഞ്ഞുപോകുന്ന രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നീ രോഗങ്ങൾക്ക് പ്രധാനകാരണം പുകവലിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ 80 ലക്ഷം ജനങ്ങൾ ഒരുവർഷം പുകവലി കാരണം മരിക്കുന്നുണ്ട്. അതിൽ തന്നെ 13 ലക്ഷം പേരും നേരിട്ട് പുകവലിക്കാത്തവരാണ്. പുകവലിക്കാരുടെ സമ്പർക്കം കാരണമാണ് ഇവർക്ക് ഇങ്ങനെ സംഭവിക്കുന്നത്. 2020-ലെ കണക്കുപ്രകാരം 22.3% ജനങ്ങളും പുവലിക്കുന്നവരാണ്. ഇതിൽ 36.7 ശതമാനം പേർ പുരുഷന്മാരും 7.8 ശതമാനം പേർ സ്ത്രീകളുമാണ്.
അമേരിക്കയിൽ മാത്രം ഒരു വർഷം ഏകദേശം നാലുലക്ഷത്തിഎൺപതിനായിരം ആളുകൾ പുകവലി മൂലം മരിക്കുന്നുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായ ആളുകളിൽ ശ്വാസകോശ കാൻസർ, അന്നനാളത്തിലെ കാൻസർ, ആമാശയത്തിലെ കാൻസർ, മൂത്രസഞ്ചിയിലെ കാൻസർ, വായിലും തൊണ്ടയിലുമുള്ള കാൻസർ എന്നിവ പുകവലി മൂലം ഉണ്ടാകുന്നു. കൂടാതെ ശ്വാസതടസ്സം (COPD), ഹൃദ്രോഗം, പക്ഷാഘാതം എന്നിവയും പുകവലി കാരണമുണ്ടാകുന്നു.
ഈ രോഗങ്ങളിൽ നിന്ന് രക്ഷപെടാനുള്ള വഴി പുകവലി ഒഴിവാക്കുക എന്നതാണ്. സ്വയം തീരുമാനിക്കുകയും പുകവലി എന്നത്തേക്കുമായി ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാന പോംവഴി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തുടർച്ചയായുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും നല്ലൊരു പരിധി വരെ ഇത്തരം വ്യക്തികളെ സ്വാധീനിക്കാറുണ്ട്. പുകവലിക്ക് അടിമയായി പോകുന്ന വ്യക്തി വീണ്ടും പുകവലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് ഒരു ഡോക്ടറുടെ നിർദ്ദേശങ്ങളും ചികിത്സാരീതികളും സഹായകമാവുന്നത്. ഓരോ സന്ദർശനസമയത്തും ഡോക്ടർ രോഗിക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകണം.
പുകവലി നിർത്താനുള്ള ഒരു തീയതി രോഗിയെക്കൊണ്ടുതന്നെ നിർദ്ദേശിപ്പിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ നിരന്തരം നൽകുകയും വേണം. ഇത്തരം രോഗികൾക്ക് പുകവലി നിർത്താനുള്ള ചികിത്സകളും തുടങ്ങാം. ചെറിയ അളവിൽ നിക്കോട്ടിൻ തന്നെ തൊലിപ്പുറത്തോ, നാവിനടിയിലോ വെച്ച്, പുകവലി നിർത്തുമ്പോഴുള്ള രോഗലക്ഷണങ്ങളെ മറികടക്കാം. കൂടാതെ bupropion, varinicline പോലെയുള്ള മരുന്നുകൾ തുടർച്ചയായി ഉപയോഗിച്ച് പുകവലി നിർത്തുമ്പോഴുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാം.
പുകവലി നിർത്താൻ തീരുമാനിക്കുന്ന വ്യക്തിക്ക് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കേണ്ടതുണ്ട്. വ്യക്തിയെ കുറ്റപ്പെടുത്തുന്നതിനു പകരം, അദ്ദേഹത്തിന്റെ കൂടെ നിൽക്കാനും പുകവലിക്കാനുള്ള സാഹചര്യം കഴിയുന്നതും ഒഴിവാക്കാനും എല്ലാവരും സഹായിക്കണം. മാനസികമായ പ്രശനങ്ങളുള്ള വ്യക്തി വീണ്ടും ആ സാഹചര്യത്തിലേക്ക് വഴുതി വീഴാതെ നോക്കാൻ കൂടെയുള്ളവർ ശ്രദ്ധിക്കണം.
(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പൾമനോളജി വിഭാഗത്തിൽ ചീഫ് ഓഫ് മെഡിക്കൽ സർവീസ് & സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: discover the severe health risks of smoking and treatments to quit smoking
Published: 15 Jun 2025, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented