
നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല സെക്‌സ്. ഉറക്കത്തിനും ആഹാരത്തിനും ഉള്ള അത്രയും പ്രാധാന്യം സെക്‌സിനും ഉണ്ട്. കാട്ടിക്കൂട്ടലായി ടൈംടേബിള്‍ സെറ്റ് ചെയ്ത് ചെയ്യേണ്ടതല്ല അത്. ജീവിതഘട്ടത്തിനൊത്ത് ലൈംഗികബന്ധത്തിലും മാറ്റങ്ങള്‍ വരും. പ്രണയകാലത്ത് ചക്കരയും ഈച്ചയും പോലെ കഴിഞ്ഞവര്‍ ഹണിമൂണിന്റെ ഹരം കഴിയുന്നതോടെ മിണ്ടാട്ടമില്ലാത്തവരായിത്തീരുന്നു.
പുതുതലമുറയ്ക്ക് സെക്‌സിനോടുള്ള താത്പര്യം കുറയുന്നുണ്ടോ? സാമൂഹിക മാധ്യമം വഴിയുള്ള ബന്ധങ്ങള്‍ ദാമ്പത്യത്തിലെ സെക്‌സിനെ ബാധിക്കുന്നുണ്ടോ? സെക്‌സ് ആരോഗ്യകരമാക്കാന്‍, ഹരമുള്ളതാക്കാന്‍ എന്തെല്ലാമാണ് വഴികള്‍? ഇതിനൊക്കെ ഉത്തരം തേടേണ്ടതുണ്ട്.
Also Read
ലിവ് ഇന്‍ റിലേഷന്‍സും കാഷ്വല്‍ സെക്‌സുമെല്ലാം സാധാരണമല്ലേ, അതിനെന്താ കുഴപ്പം എന്ന് ചിന്തിക്കുന്നവരുണ്ടെന്ന് സൈക്കോളജിസ്റ്റും റിലേഷന്‍ഷിപ് സ്‌പെഷ്യലിസ്റ്റുമായ ഡോ.വിപിന്‍ വി. റോള്‍ഡന്റ് പറയുന്നു. ''ട്രെന്‍ഡിനൊപ്പം നിന്നില്ലെങ്കില്‍ പഴഞ്ചനാകുമോ എന്നൊരു ചിന്ത പലരിലുമുണ്ട്. ഈയിടെ ഒരു പെണ്‍കുട്ടി കൗണ്‍സലിങ്ങിന് വന്നു. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ആളുമായി ബന്ധത്തിലായിരുന്നു. ലൈംഗികരോഗങ്ങളെക്കുറിച്ചോ ഗര്‍ഭധാരണത്തെക്കുറിച്ചോ ചിന്തിക്കാത്ത ജീവിതമായിരുന്നു അയാള്‍ക്കൊപ്പം. അതില്‍ നിന്ന് അവള്‍ക്കൊരു സന്തോഷവും ലഭിച്ചിരുന്നില്ല. ഒടുവില്‍ വിഷാദം ബാധിച്ച് കൗണ്‍സലിങ്ങിന് എത്തിയതാണ്. മറ്റുള്ളവരില്‍നിന്ന് അംഗീകാരവും വിലയും കിട്ടാന്‍ വേണ്ടിയാണ് പലരും ഇത്തരം ബന്ധങ്ങളിലെത്തുന്നത്. പക്ഷേ, അത് ആരോഗ്യകരമായ ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും ബാധിക്കുന്നുണ്ട്.''
ആരോഗ്യകരമായ ലൈംഗികത കുറഞ്ഞു എന്ന് പറയാനാവില്ല. തങ്ങളുടെ ലൈംഗികതാത്പര്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് ഇടപെടുന്ന യുവതീയുവാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ, ഇവരെല്ലാം തങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്ന പങ്കാളിയെയാണ് വിവാഹജീവിതത്തില്‍ പ്രതീക്ഷിക്കുന്നത്.
സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാം
''എന്നെ ഒന്ന് ചേര്‍ത്തുപിടിച്ചാല്‍ മതി. കുറച്ചുനേരം അടുത്തിരുന്ന് വര്‍ത്തമാനം പറഞ്ഞാല്‍പ്പോലും മനസ്സ് സന്തോഷമാകും. പക്ഷേ, പുള്ളിക്കാരന്‍ അതൊന്നും ചിന്തിക്കാറില്ല,''കൗണ്‍സലിങ് റൂമിലെത്തിയ മറ്റൊരു യുവതിയുടെ പരാതിയാണിത്. പലപ്പോഴും പരസ്പരം മനസ്സുതുറന്ന് സംസാരിക്കാന്‍ കഴിയാത്തതാണ് സെക്‌സ് മരവിക്കുന്നതിന്റെ പ്രധാനകാരണം. ''ഇന്ന് നേരത്തേ കിടക്കാം...'' എന്ന് ഇണ പറയുമ്പോള്‍ അതിന് ചെവികൊടുക്കണം. ''എന്നെ നേരത്തേ ഉറക്കിയിട്ട് നിനക്കെന്താ പരിപാടി?'' എന്ന മറുചോദ്യമാണ് പങ്കാളിയില്‍ നിന്ന് ഉണ്ടാകുന്നതെങ്കില്‍ സെക്‌സ് ഒരു വണ്‍വേ ട്രാഫിക് ആയിത്തീരും.
സ്‌നേഹത്തിലൂടെ മാത്രമേ സ്ത്രീക്ക് സെക്‌സിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പുരുഷന് അങ്ങനെയാവണമെന്നില്ല. തൊട്ടുമുന്‍പ് വരെ വഴക്കുണ്ടാക്കി കിടപ്പുമുറിയില്‍ കയറിയാലും സെക്‌സ് ചെയ്യാന്‍ മിക്ക പുരുഷന്മാര്‍ക്കും കഴിയും. പങ്കാളികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിലും അംഗീകരിക്കുന്നതിലുമാണ് സെക്‌സിന്റെ വിജയം.
മാറട്ടെ ചുറ്റുപാടുകള്‍
എന്നും ഒരേ മുറി, ഒരേ കിടക്ക, ഒരേ പൊസിഷന്‍... സെക്‌സ് വിരസമാക്കുന്ന കാര്യങ്ങളാണ് ഇവ. ഈ ബോറന്‍ ചുറ്റുപാടുകളെ ഒന്ന് മാറ്റിനോക്കൂ, ലൈംഗികത പുതിയ ഉയരങ്ങളിലെത്തുന്നത് കാണാം. ഉദാഹരണത്തിന് മുറിയില്‍ നേര്‍ത്തസംഗീതം വെച്ചുനോക്കൂ. മൂഡ് മാറുന്നതുകാണാം. അല്ലെങ്കില്‍ മേല്‍കഴുകിയ ശേഷം നേര്‍ത്തമണമുള്ള ലേപനം പുരട്ടുന്നത്, ആവേശമുണര്‍ത്തുന്ന വസ്ത്രധാരണം തുടങ്ങിയവയെല്ലാം ലൈംഗികാനുഭവം പുതുമയുള്ളതാക്കിത്തീര്‍ക്കും.
സ്വാധീനിക്കുന്ന പല കാര്യങ്ങള്‍
ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തില്‍ സംഭവിക്കുന്ന ഏത് ന്യൂനതയും ലൈംഗികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ തുടങ്ങിയവയെല്ലാം അതില്‍പ്പെടുന്നു.
ശാരീരികരോഗങ്ങള്‍ക്ക് പുറമെ മാനസികസംഘര്‍ഷങ്ങളും ലൈംഗികാരോഗ്യത്തെ തകരാറിലാക്കും. പങ്കാളിയുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. പങ്കാളിക്കുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും ലൈംഗികജീവിതത്തെ വിരസതയിലേക്ക് തള്ളിവിടും. അതുകൊണ്ട് രണ്ടുപേരുടെയും മാനസികനില ഒരേപോലെ പരിഗണിക്കേണ്ടതുണ്ട്. ആഹാരരീതിയില്‍ വന്ന മാറ്റങ്ങളും അമിതവണ്ണത്തിലേക്ക് നയിക്കുന്ന വിവിധ ശാരീരിക അവസ്ഥകളും ലഹരി ഉപയോഗവും എല്ലാം ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
ആസ്വദിക്കാം സെക്‌സ്
- മനസ്സ് തുറക്കട്ടെ: പങ്കാളിയുടെ പ്രയാസങ്ങള്‍ പരിഹരിച്ചശേഷം മാത്രമേ സെക്‌സിന് ഒരുങ്ങാവൂ. പരസ്പരം മനസ്സുതുറന്ന് സംസാരിക്കുക, ഇഷ്ടം വെളിപ്പെടുത്തുക.
- പുതുമ തേടാം: സെക്‌സിലെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയണം. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി പുതുമ തേടാനുള്ള വഴികള്‍ രണ്ടുപേരും കണ്ടെത്തട്ടെ. ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ചിന്ത മാറ്റിവയ്ക്കുക. ഓരോ സെക്‌സും പുതുമയുള്ളതാകട്ടെ.
- കുറ്റപ്പെടുത്തേണ്ട: മോശം വാക്കുകള്‍, കുറ്റപ്പെടുത്തലുകള്‍ എന്നിവ സെക്‌സിനിടയില്‍ വേണ്ട. പിണക്കങ്ങള്‍ ഒരുദിവസത്തില്‍ കൂടുതല്‍ വെച്ചിരിക്കരുത്. സ്‌നേഹപൂര്‍വം തിരുത്താന്‍ ശ്രമിച്ചാല്‍ പങ്കാളികള്‍ക്കിടയിലുള്ള മതിപ്പ് വര്‍ധിക്കും.
- നോ മൊബൈല്‍, നോ ടിവി: പങ്കാളികള്‍ സെക്‌സിനായി ഒരുമിക്കുമ്പോഴാവും മൊബൈലില്‍ കോളോ മെസേജോ വരുന്നത്. ഇനിയത് വേണ്ട. മൊബൈല്‍ കിടപ്പറയുടെ പുറത്തുവെക്കാം. പങ്കാളിയുടെ മനസ്സിന്റെ ഭാഷ മനസ്സിലാക്കാം. ഒന്നിച്ചുചേരാം.
- രാത്രിതന്നെ വേണമെന്നില്ല: രാത്രി കിടന്നശേഷമേ സെക്‌സ് പാടുള്ളൂ എന്ന വാശി വേണ്ട. പങ്കാളികള്‍ക്ക് താത്പര്യം തോന്നുന്ന സമയമാണ് സെക്‌സിന് നല്ലത്. പുലര്‍വേളകളിലോ ഉച്ചയ്‌ക്കോ എപ്പോള്‍ വേണമെങ്കിലും സെക്‌സ് സാധ്യമാകാം.
- രതിമൂര്‍ച്ഛ നിര്‍ബന്ധമില്ല: എല്ലാ ലൈംഗികബന്ധങ്ങളും രതിമൂര്‍ച്ഛയിലെത്തണമെന്ന വാശി വേണ്ട. എല്ലാം ഒരുപോലെ ആഹ്ലാദകരമാവില്ലെന്ന കാര്യം മനസ്സിലാക്കുക.
- സിനിമയല്ല ജീവിതം: രതിചിത്രങ്ങളിലെ പ്രകടനങ്ങള്‍ ബെഡ്‌റൂമില്‍ പരീക്ഷിക്കാമെന്ന് കരുതുന്നത് അബദ്ധമാകും. അതിഭാവുകത്വം നിറഞ്ഞ സിനിമയല്ല ജീവിതമെന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
സെക്‌സ് ഗര്‍ഭകാലത്ത്
ശാരീരിക-മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എങ്കിലും ചില മുന്‍കരുതലുകള്‍ എടുക്കണം.
- ആദ്യ മൂന്നുമാസം സെക്‌സ് പൂര്‍ണമായി ഒഴിവാക്കാം. അബോര്‍ഷനുള്ള സാധ്യത ഏറെയാണ്.
- തുടര്‍ന്നുള്ള സമയങ്ങളില്‍ ഗര്‍ഭിണിയുടെ താത്പര്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സെക്‌സ് തുടരാം.
- ഗര്‍ഭകാലത്ത് പ്രതിരോധശേഷി കുറയുമെന്നതിനാല്‍ ലൈംഗികശുചിത്വം പാലിക്കണം.
- ഗര്‍ഭപാത്രത്തിന് ബലക്കുറവോ മറ്റ് പ്രയാസങ്ങളോ ഉണ്ടെങ്കില്‍ സെക്‌സില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്.
കരുതല്‍ വേണം ശേഷവും
സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പുള്ള കരുതലും സ്‌നേഹവും അതുകഴിഞ്ഞും വേണം. സെക്‌സിനുശേഷം പരസ്പരം തലോടുന്നതും കൈകള്‍ചേര്‍ത്തുപിടിച്ച് കിടക്കുന്നതും ചുംബിക്കുന്നതുമെല്ലാം പ്രധാനമാണ്.
കൗണ്‍സിലിങ്ങും തെറാപ്പിയും ഫലപ്രദം
ദമ്പതിമാര്‍ക്കിടയിലെ ലൈംഗികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സലിങ്ങും തെറാപ്പിയും സഹായിക്കും. സെക്‌സിനോട് വിരക്തി, താത്പര്യക്കുറവ് എന്നീ പ്രശ്‌നങ്ങളുങ്കെില്‍ മനഃശാസ്ത്രജ്ഞന്റെയോ സെക്‌സോളജിസ്റ്റിന്റെയോ സഹായം തേടാം. ഉത്തേജനം, രതിമൂര്‍ച്ഛ എന്നിവയിലൂടെ സെക്‌സ് പൂര്‍ണമായി ആസ്വദിക്കാന്‍ പ്രശ്‌നരഹിതമായ മനസ്സും ആവശ്യമാണ്.
Content Highlights: tips for a healthy sex among partners
Published: 29 Jun 2024, 04:31 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented